തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച നേട്ടം ലക്ഷ്യമിട്ട് ഇറങ്ങിയ ബിജെപിക്ക് തലവേദനയായി പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍. ബിജെപി കൗണ്‍സിലര്‍ തിരുമല അനിലിന്റെ ആത്മഹത്യയില്‍ സൃഷ്ടിച്ച ആഘാതത്തില്‍ നിന്ന് മുക്തരാകുന്നതിന് മുന്‍പ് രണ്ട് ആര്‍എസ്എസ് പ്രവര്‍ത്തര്‍ കൂടി ജീവനൊടുക്കിയതോടെ കടുത്ത പ്രതിസന്ധിയിലേയ്ക്കാണ് ബിജെപി നീങ്ങുന്നത്.
തദ്ദേശതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തഴഞ്ഞുവെന്ന് പരാതിപ്പെട്ട് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആനന്ദ് കെ. തമ്പി ശനിയാഴ്ച ജീവനൊടുക്കിയതാണ് ഏറ്റവുമൊടുവിലായി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയത്. തിരുവനന്തപുരം കോര്‍പ്പറേഷനിലെ തൃക്കണ്ണാപുരം വാര്‍ഡിലെ ബിജെപി പ്രവര്‍ത്തകനായിരുന്നു ആനന്ദ്. ഇദ്ദേഹത്തിന്റെ ആത്മഹത്യക്കുറിപ്പില്‍ പ്രാദേശിക ബിജെപി നേതൃത്വത്തിനെതിരേ ഗുരുതര ആരോപണങ്ങളുമുണ്ട്.
Read more: തിരുവനന്തപുരത്ത് BJP പ്രവര്‍ത്തകന്‍ ജീവനൊടുക്കി; സീറ്റ് നല്‍കാതെ തഴഞ്ഞെന്ന് പരാതി
ആദ്യം തിരുമല അനില്‍, പിന്നാലെ അനന്തു അജി, ഇപ്പോള്‍ ആനന്ദ്
ചെറിയ കാലയളവില്‍ മൂന്ന് പ്രവര്‍ത്തകരാണ് ജീവനൊടുക്കിയത്. ബിജെപി കൗണ്‍സിലര്‍ കൂടിയായ തിരുമല അനിലിന്റെ മരണം പാര്‍ട്ടിയെ തന്നെ ഉലച്ച സംഭവമായിരുന്നു. അനിലിന്റെ മരണം തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്ന് പാര്‍ട്ടി ആവര്‍ത്തിച്ചെങ്കിലും കാര്യങ്ങള്‍ അത്ര എളുപ്പമല്ലെന്ന് ബിജെപിക്ക് തന്നെ ധാരണയുണ്ടായിരുന്നു.
തിരുമല ബിജെപി കൗണ്‍സിലറായിരുന്ന, തിരുമല അനില്‍ എന്നറിയപ്പെട്ടിരുന്ന അന്നൂര്‍ സ്വദേശി കെ. അനില്‍കുമാറിനെ ഓഫീസിനുള്ളിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്ന് പറയുന്ന ആത്മഹത്യക്കുറിപ്പും ഓഫീസില്‍നിന്ന് കണ്ടെടുത്തിരുന്നു. ആത്മഹത്യാക്കുറിപ്പില്‍ ബിജെപിക്കെതിരെ പരാമര്‍ശമുണ്ടായിരുന്നു. അനില്‍ നേതൃത്വം നല്‍കുന്ന സഹകരണ ബാങ്ക് സാമ്പത്തികമായി തകര്‍ന്നിരുന്നുവെന്നും അതില്‍ പാര്‍ട്ടി ഇടപെട്ടില്ലെന്നുമായിരുന്നു ആരോപണം. സെപ്റ്റംബര്‍ 20-ാം തീയതിയായിരുന്നു തിരുമല അനിലിന്റെ ആത്മഹത്യ.
ആര്‍എസ്എസിനെതിരെ കടുത്ത ആക്ഷേപങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കോട്ടയം സ്വദേശി അനന്തു അജി കഴിഞ്ഞ മാസം ജീവനൊടുക്കിയത്. ആര്‍എസ്എസ് ക്യാമ്പില്‍നിന്ന് പീഡനത്തിനിരയായെന്നും അതുകാരണമുണ്ടായ മാനസികപ്രശ്നങ്ങളാണ് തന്റെ മരണത്തിന് കാരണമെന്നും വ്യക്തമാക്കി അനന്തു അജിയുടെ വീഡിയോ പങ്കുവെച്ചിരുന്നു. ജീവനൊടുക്കുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പ് ചിത്രീകരിച്ച വീഡിയോസന്ദേശമാണ് അനന്തുവിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ പിന്നീട് പുറത്തുവന്നത്. നേരത്തേ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യാനായി ഷെഡ്യൂള്‍ചെയ്തുവെച്ച വീഡിയോയാണ് ഇത്. ആര്‍എസ്എസ് ക്യാമ്പില്‍ തുടര്‍ച്ചയായി ലൈംഗികാതിക്രമത്തിന് ഇരയായെന്നും അതുകാരണമാണ് തനിക്ക് മാനസികപ്രയാസമുണ്ടായതെന്നുമാണ് അനന്തു അജി വീഡിയോയില്‍ പറഞ്ഞത്.
ഈ രണ്ട് മരണങ്ങളിലും പതറി നില്‍ക്കവെയാണ് ബിജെപിയേയും ആര്‍എസ്എസ്സിനെയും വരിഞ്ഞുമുറുക്കിക്കൊണ്ട് മറ്റൊരു പ്രവര്‍ത്തകന്‍ കൂടി ജീവനൊടുക്കിയിരിക്കുന്നത്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതൃത്വത്തിനും എതിരെ കടുത്ത വിമര്‍ശനങ്ങളാണ് ആനന്ദ് ഉന്നയിച്ചിട്ടുള്ളത്.
സീറ്റ് തര്‍ക്കത്തില്‍ മാത്രം ഒതുങ്ങില്ല, ആത്മഹത്യക്കുറിപ്പില്‍ പതറി ബിജെപി
തൃക്കണ്ണാപുരം വാര്‍ഡിലെ സ്ഥാനാര്‍ഥികളുടെ പാനല്‍ ചര്‍ച്ചയ്ക്ക് വന്നപ്പോള്‍ ആനന്ദിന്റെ പേര് ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ വിശദീകരണം. ജീവനൊടുക്കിയതിന് പിന്നില്‍ എന്താണ് കാരണം എന്ന് കണ്ടുപിടിക്കാന്‍ ജില്ലാ അധ്യക്ഷന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
പക്ഷേ സീറ്റ് ലഭിക്കാത്തതിനെത്തുടര്‍ന്നുള്ള ആത്മഹത്യയായി മാത്രം കാണാനാകില്ല ആനന്ദിന്റേത്. പാര്‍ട്ടിക്കുള്ളിലെ ഒറ്റപ്പെടുത്തലും കടുത്ത അവഹേളനവും അധിക്ഷേപവും കൂടിയാണ് ആനന്ദിനെ ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് സൂചന. പ്രതീക്ഷിച്ച സീറ്റ് പാര്‍ട്ടി നിഷേധിച്ചതോടെയാണ് സ്വതന്ത്രനായി മത്സരിക്കാന്‍ ആനന്ദ് തീരുമാനിച്ചത്. തുടര്‍ന്ന് നേരിട്ട ഭീഷണികളും ഒറ്റപ്പെടുത്തലുമായി ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് ശിവസേനയില്‍ ചേരാനുള്ള തീരുമാനത്തിലേയ്ക്ക് ആനന്ദിനെ എത്തിച്ചത്. ഈ തീരുമാനം എടുത്തതിന്റെ പിറ്റേ ദിവസം ആത്മഹത്യയിലേയ്ക്ക് എങ്ങനെ ആനന്ദ് എത്തിയെന്നതാണ് ദുരൂഹത.
വിയോജിപ്പ് രേഖപ്പെടുത്തുന്ന പ്രവര്‍ത്തകര്‍ നേരിടുന്ന കടുത്ത മാനസിക സംഘര്‍ഷമാണ് ബിജെപിയെ വലയ്ക്കുന്നത്. ആനന്ദിന്റെ ആത്മഹത്യ കുറിപ്പിന് ഈ തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പ്. പ്രത്യേകിച്ച് പാര്‍ട്ടി ഏറെ പ്രതീക്ഷ വെക്കുന്ന തിരുവനന്തപുരം കോര്‍പറേഷനില്‍.
ജീവിതത്തില്‍ ഒരിക്കലും ഒരു ആര്‍എസ്എസുകാരനുമായി ഇടപഴകരുതെന്നാണ് കഴിഞ്ഞ മാസം ജീവനൊടുക്കിയ അനന്തു അജിയുടെ വാക്കുകള്‍. ജീവിതത്തില്‍ പറ്റിയ ഏറ്റവും വലിയ തെറ്റ് താന്‍ ഒരു ആര്‍എസ്എസുകാരനായി ജീവിച്ചിരുന്നു എന്നതാണെന്നാണ് ആനന്ദ് കുറിച്ചത്. ഈ വാക്കുകള്‍ പ്രതിരോധിക്കുക എന്നത് ഒട്ടും എളുപ്പമാകില്ല ബിജെപിക്ക്.
പ്രതിപക്ഷ പാര്‍ട്ടികള്‍ തിരഞ്ഞെടുപ്പില്‍ തിരുമല അനിലിന്റെ മരണം ആയുധമാക്കുമെന്ന് ബിജെപിക്ക് ഉറപ്പായിരുന്നെങ്കിലും പ്രതിരോധിക്കാനാകുമെന്ന് വിശ്വാസം നേതാക്കളില്‍ പ്രകടമായിരുന്നു. സഹകരണ സ്ഥാപനങ്ങളിലെ പ്രശ്‌നങ്ങള്‍ പതിവാണെന്ന തരത്തിലുള്ള പ്രസ്താവനകളായിരുന്നു നേതാക്കളില്‍ നിന്നുമുണ്ടായത്. ഇതിനിടെ പല പടലപ്പിണക്കങ്ങളും ആരോപണങ്ങളും പാര്‍ട്ടിക്കാര്‍ തന്നെ ഉന്നയിച്ചതും പാര്‍ട്ടിയെ കുഴപ്പിച്ചിരുന്നു. ഇതില്‍ നിന്നെല്ലാം ഇമേജ് വീണ്ടെടുക്കാന്‍ ശ്രമങ്ങള്‍ നടത്തവെയാണ് ആനന്ദിലൂടെ പാര്‍ട്ടി വീണ്ടും പ്രതിസന്ധിയിലായിരിക്കുന്നത്. ആനന്ദിന്റെ മരണത്തെ എങ്ങനെ പാര്‍ട്ടി പ്രതിരോധിക്കുമെന്നാണ് ഇനി അറിയാനുള്ളത്.
Content Highlights: thirumala anil anandu and now anand bjp likely to face backlash over these deaths
Published: 15 Nov 2025, 08:47 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented