
തൊടുപുഴ: തേക്കടി ജലകന്യക ബോട്ടപകടം നടന്ന് 15 വര്‍ഷം പിന്നിടുമ്പോള്‍ കേസിന്റെ വിചാരണ ആരംഭിക്കുന്നു. വ്യാഴാഴ്ച തൊടുപുഴ ഫോര്‍ത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് വിചാരണ തുടങ്ങുന്നത്. 2009 സെപ്റ്റംബര്‍ 30-നാണ് കെ.ടി.ഡി.സി.യുടെ ജലകന്യക എന്നുപേരുള്ള ഇരുനില ബോട്ട് മറിഞ്ഞ് 45 വിനോദസഞ്ചാരികള്‍ മരിച്ചത്. സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാന്‍ വൈകിയതിനാലാണ് കുറ്റപത്രം സമര്‍പ്പിച്ച് അഞ്ചുവര്‍ഷമായിട്ടും കേസില്‍ വിചാരണ ആരംഭിക്കാത്തത്.
ദുരന്തമുണ്ടായ 2009-ല്‍ തന്നെ സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ഹൈക്കോടതി അഭിഭാഷകനെ നിയമിച്ചിച്ചതാണ്. എന്നാല്‍ ഇദ്ദേഹം സ്ഥാനമൊഴിഞ്ഞു. പിന്നീട് സര്‍ക്കാര്‍ നിയമിച്ച പ്രോസിക്യൂട്ടറും 2021-ല്‍ രാജിവെച്ചു. പകരം പ്രോസിക്യൂട്ടറെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ അന്ന് കേസ് പരിഗണിച്ച തൊടുപുഴ ഫാസ്റ്റ്ട്രാക്ക് കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു. തുടര്‍ന്നാണ് 2022-ല്‍ അഡ്വ. ഇ.എ. റഹീമിനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്.
രണ്ട് കുറ്റപത്രങ്ങളാണ് 2019-ല്‍ അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ചത്. അപകടത്തില്‍ നേരിട്ടുബന്ധമുള്ളവര്‍ക്ക് എതിരേയുള്ളതായിരുന്നു ആദ്യ കുറ്റപത്രം (എ-ചാര്‍ജ്). ബോട്ട് ഡ്രൈവര്‍, ബോട്ടിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍, ടിക്കറ്റ് നല്‍കിയവര്‍ എന്നിവര്‍ ഉള്‍പ്പെടെ ഏഴുപേരാണ് ആദ്യകുറ്റപത്രത്തിലുള്ളത്. ബോട്ട് നിര്‍മിച്ചയാള്‍, തകരാറുള്ള ബോട്ട് വാങ്ങിയ കെ.ടി.ഡി.സി. ഉദ്യോഗസ്ഥന്‍, ഫിറ്റ്നസില്ലാത്ത ബോട്ട് പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരേയാണ് രണ്ടാം കുറ്റപത്രം.
കേസില്‍ 309 സാക്ഷികളെയാണ് വിസ്തരിക്കാനുള്ളത്. ദുരന്തമുണ്ടായതിന് പിന്നാലെ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. റിട്ട. ജസ്റ്റിസ് മൊയ്തീന്‍കുഞ്ഞിന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാക്കി സര്‍ക്കാരിന് 256 പേജുള്ള റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയുമുണ്ടായിട്ടില്ല. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ഇ.എ. റഹീമാണ് ഹാജരാകുന്നത്.
Content Highlights: thekkady boat accident trial starts on december 12
Published: 11 Dec 2024, 09:53 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented