യു.ഡി.എഫിന്റെ പരാജയം ചെന്നിത്തലയുടെ വീഴ്ച കൊണ്ടല്ല- എം. കുഞ്ഞാമന്‍


കെ.എ. ജോണി

8 min read
Read later
Print
Share

കേരളത്തിലെ വിജയം ഒരു വ്യക്തിയുടേതാണ്. പാര്‍ട്ടിയുടെ വിജയമായിരുന്നെങ്കില്‍ ബംഗാളിലും വിജയിക്കണമായിരുന്നു.

എം. കുഞ്ഞാമൻ | ഫോട്ടോ: പ്രവീൺദാസ് | മാതൃഭൂമി

മകാലിക കേരളത്തിലെ ധൈഷണിക മേഖലയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമാണ് പ്രൊഫസര്‍ എം. കുഞ്ഞാമന്‍. സാമൂഹിക ശാസ്ത്രജ്ഞനും ചിന്തകനുമെന്ന നിലയില്‍ അദ്ദേഹം മുന്നോട്ടുവെയ്ക്കുന്ന മൗലികമായ നിരീക്ഷണങ്ങള്‍ കേരളത്തിന്റെ ജനാധിപത്യപരിസരം വികസിപ്പിക്കുകയും സമ്പന്നമാക്കുകയും ചെയ്യുന്നുണ്ട്. കേരള നിയമസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെപശ്ചാത്തലത്തില്‍ പ്രൊഫ. കുഞ്ഞാമനുമായി നടത്തിയ അഭിമുഖത്തില്‍നിന്ന്:

അവസാനഭാഗം: സവര്‍ണ്ണന്‍ മാത്രമല്ല, അവര്‍ണ്ണനും വര്‍ഗ്ഗീയമായി ചിന്തിക്കുന്നുണ്ട്- എം. കുഞ്ഞാമന്‍

കേരള ജനത ഈ നിയമസഭ തിരഞ്ഞെടുപ്പില്‍ നടത്തിയ വിധിയെഴുത്തിനെയും സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണിക്ക് കിട്ടിയ തുടര്‍ഭരണത്തെയും താങ്കള്‍ എങ്ങിനെ കാണുന്നു?

ഇതിന് ആമുഖമായി ഒന്നു രണ്ട് കാര്യങ്ങള്‍ പറയേണ്ടതായുണ്ട്. ബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ഒരു തിരഞ്ഞെടുപ്പ് നടത്തേണ്ട സമയത്തല്ല തിരഞ്ഞെടുപ്പ് നടന്നത്. കോവിഡ് മഹാമാരി കാരണം ജനങ്ങള്‍ ഭീതിദരായിരുന്ന സമയത്താണ് തിരഞ്ഞെടുപ്പ് നടന്നത്. വാസ്തവത്തില്‍ തിരഞ്ഞെടുപ്പ് നീട്ടി വെയ്ക്കേണ്ടതായിരുന്നു. തിരഞ്ഞെടുപ്പിന് എപ്പോഴും ഒരു ജനകീയ സ്വഭാവമുണ്ട്. മഹാമാരിയെ ഒന്നിച്ചുനിന്ന് നേരിടേണ്ട ഒരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോവുന്നത്. പാര്‍ട്ടി തിരിഞ്ഞ് മത്സരിക്കേണ്ട സമയമല്ല ഇത്. അങ്ങിനെ നോക്കുമ്പോള്‍ നോക്കുമ്പോള്‍ കേരളത്തില്‍ നടന്നത് രാഷ്ട്രീയപരമായ സംഗതിയായിരുന്നു എന്ന് പറയാനാവില്ല. ഈ തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയമുണ്ടായിരുന്നില്ല. രാഷ്ട്രീയവും തിരഞ്ഞെടുപ്പും രണ്ടും രണ്ടാണ്. രാഷ്ട്രീയം എന്നു പറഞ്ഞാല്‍ വളരെ മൗലികമായ, ഘടനാപരമായ ചോദ്യങ്ങള്‍ ഉയര്‍ത്തപ്പെടേണ്ടതായിട്ടുണ്ട്. തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങള്‍ക്കാണ് പ്രാധാന്യം. രാഷ്ട്രീയപരമായ മൗലികമായ പ്രശ്നങ്ങളൊന്നും ഈ തിരഞ്ഞെടുപ്പില്‍ ഉന്നയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഇതില്‍ സ്വാഗതാര്‍ഹമായ ഒരു കാര്യം വികസന സംബന്ധിയായ സമീപനം ഒരു കോണില്‍നിന്നുണ്ടായി എന്നതാണ്.

താങ്കള്‍ പറഞ്ഞുവരുന്നത് ഈ തിരഞ്ഞെടുപ്പിലെ നിര്‍ണ്ണായക ഘടകം മഹാമാരി തന്നെയായിരുന്നു എന്നാണോ?

അതെ. കേരളത്തില്‍ സംഭവിച്ചതെന്താണ്? പിണറായി വിജയന്‍ ശ്രദ്ധ കേന്ദ്രീകരിച്ചത് ഈ മഹാമാരിയെ നേരിടുന്നതിലാണ്. ഭരണകൂടവും ത്രിതല പഞ്ചായത്ത് സംവിധാനവും ഇതിനായി കൃത്യമായി വിനിയോഗിക്കാന്‍ അദ്ദേഹത്തിനായി.

ഒരു ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹം അത് ചെയ്യേണ്ടതുമാണല്ലോ?

ചെയ്യേണ്ടതാണ്. അദ്ദേഹം അത് ചെയ്യുകയും ചെയ്തു. അത് വിജയിച്ചതിന് പിന്നില്‍ രണ്ട് മൂന്ന് ഘടകങ്ങളുണ്ട്. ഒന്ന് കേരളത്തില്‍ ആരോഗ്യമേഖലയില്‍ മികച്ച അടിസ്ഥാന സൗകര്യമുണ്ട്. രണ്ടാമത്തേത് വളരെ നന്നായി പ്രവര്‍ത്തിക്കുന്ന പൊതുവിതരണ സംവിധാനമാണ്. ഭക്ഷ്യ, ധാന്യങ്ങളടങ്ങിയ കിറ്റുകള്‍ അടിത്തട്ടില്‍ കൃത്യമായി വിതരണം ചെയ്യാന്‍ കഴിയുന്ന റേഷന്‍ കടകള്‍ ഉള്‍പ്പെടെയുള്ള വിതരണ ശൃംഖല കൂടിയാണത്. അതോടൊപ്പം തന്നെ സുസംഘടിതമായ ത്രിതല പഞ്ചായത്തുകള്‍. ഈ മൂന്ന് സംവിധാനവും ഫലപ്രദമായി വിനിയോഗിച്ചുകൊണ്ടാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ മഹാമാരിയെ നേരിട്ടത്. യു.പിയിലോ ബിഹാറിലോ ഇങ്ങനെയുള്ള സംവിധാനങ്ങള്‍ നമുക്ക് കാണാന്‍ കഴിയില്ല. അതേസമയം ബംഗാളിലുണ്ട്.

അധികാര വികേന്ദ്രീകരണം ഒരു പരിധി വരെയെങ്കിലും നടന്നത് കേരളത്തില്‍ ഈ ഘട്ടത്തില്‍ മഹാമാരിക്കെതിരെയുള്ള പോരാട്ടത്തില്‍ സഹായകരമായി എന്നാണോ?

എന്ന് ഞാന്‍ പറയില്ല. അധികാര വികേന്ദ്രീകരണം ഉണ്ടായി എന്ന് പറയാനാവില്ല. അധികാരം എന്നതുകൊണ്ട് പവര്‍ എന്നാണ് ഉദ്ദേശിക്കുന്നതെങ്കില്‍ പവറിനൊരു പ്രത്യേകതയുണ്ട്. ''Power is always centralised.'' അതിപ്പോള്‍ ദേശീയ തലത്തിലായാലും പ്രാദേശിക തലത്തിലായാലും കുടുംബ തലത്തിലായിലും പവറിന് കേന്ദ്രീകൃത സ്വഭാവമുണ്ട്. പവറിനെ നിങ്ങള്‍ക്ക് വികേന്ദ്രീകരിക്കാനാവില്ല. എന്താണ് പവര്‍? ''Power is always used by the strong against the weak. It is used by the strong, rich and powerful against the poor.'' അധികാരഘടനയ്ക്ക് ഇവിടെ വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. അധികാരം താഴെ തട്ടിലേക്ക് വിഭജിക്കപ്പെടുകയോ വികേന്ദ്രീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. ചില ഉത്തരവാദിത്വങ്ങള്‍, ചില പ്രവര്‍ത്തനങ്ങള്‍, ചില വിഭവങ്ങള്‍ എന്നിവ കൈമാറുകയാണ് ചെയ്തത്.

അതായത് അധികാര വികേന്ദ്രീകരണമല്ല, ചില ഉത്തരവാദിത്വങ്ങളുടെ പുനര്‍ വിന്യാസമാണ് നടന്നത് ?

അതെ! ത്രിതല പഞ്ചായത്തുകളുടെ രൂപവത്കരണത്തില്‍ അതാണുണ്ടായത്. പഞ്ചായതീരാജ് സംവിധാനം പ്രവര്‍ത്തനസജ്ജമായതോടെ ഇന്ത്യന്‍ പ്രധാനമന്ത്രിക്ക് ഒരു തീരുമാനമെടുത്താല്‍ അത് അര മണിക്കൂറിനുള്ളില്‍ താഴെ തട്ടിലേക്കെത്തിക്കാനാവും. ഒരു മുഖ്യമന്ത്രിക്കും തന്റെ തീരുമാനം വേഗത്തില്‍ നടപ്പാക്കാന്‍ കഴിയുന്നു.

കത്തോലിക്ക സഭയില്‍ മാര്‍പ്പാപ്പയ്ക്ക് തന്റെ തീരുമാനങ്ങള്‍ ലോകത്ത് ഏതറ്റത്തുമുള്ള ചെറിയൊരു ഇടവകയിലേക്ക് പോലും എത്തിക്കാന്‍ കഴിയുന്നതുപോലെ?

അധികാരത്തിന് കൂടുതല്‍ വേഗമാര്‍ജ്ജിക്കുന്നു. അധികാര കേന്ദ്രീകരണത്തെ കൂടുതലായി ബലപ്പെടുത്തുകയാണ് ഈ സംവിധാനങ്ങള്‍ ചെയ്യുന്നത്.

പോപ്പിന്റെ അധികാരം കുറയുന്നില്ല, അതേ സമയം അതിന്റെ വ്യാപനം എളുപ്പത്തിലാവുന്നു എന്നാണോ?

അത് തന്നെയാണ് നടന്നത്. ശരിയായ അധികാരം കിടക്കുന്നത് സാമ്പത്തികരംഗത്തും രാഷ്ട്രീയരംഗത്തും മതങ്ങളിലും മാദ്ധ്യമ മേഖലയിലും ബ്യൂറോക്രസിയിലുമാണ്. ഈ അഞ്ച് മേഖലകളിലാണ് അധികാരം കുടികൊള്ളുന്നത്. ഈ അഞ്ച് മേഖലകളിലെ ഹയരാര്‍ക്കി ഇല്ലാതാക്കാന്‍ വികേന്ദ്രീകരണം എന്ന ആശയത്തിന് കഴിഞ്ഞിട്ടില്ല. അവര്‍ ഇപ്പോള്‍ കൂടുതല്‍ ശക്തരാണ്.

പക്ഷേ, അധികാര വികേന്ദ്രീകരണമുണ്ടായിട്ടുണ്ട് എന്ന പ്രതീതി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളുടെ പ്രസരണത്തിലൂടെ ജനങ്ങള്‍ക്ക് ശാക്തീകരണമുണ്ടായിട്ടുണ്ട് എന്ന വ്യാജ നിര്‍മ്മിതിപോലെയാണത്. കെ.കെ. ശൈലജയെ പുതിയ സര്‍ക്കാരില്‍നിന്ന് ഒഴിവാക്കിയപ്പോള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ വലിയ കോലാഹലമുണ്ടായി. പക്ഷേ, സി.പി.എമ്മിലെ അധികാര കേന്ദ്രങ്ങള്‍ ഈ പ്രതിഷേധത്തിന് പുല്ലുവില പോലും കൊടുത്തില്ല?

അതിനെ അങ്ങിനെയാണോ കാണേണ്ടത് എന്നത് വിവാദപരമാണ്.

സാമൂഹിക മാദ്ധ്യമങ്ങള്‍ ജനാധിപത്യവത്കരണം വളരെയധികം മുന്നോട്ടു കൊണ്ടുപോയി എന്ന് പറയുമ്പോള്‍ ശരിക്കും അധികാരകേന്ദ്രങ്ങളെ ചോദ്യം ചെയ്യാന്‍ കഴിയുന്നുണ്ടോ എന്ന ചോദ്യം ബാക്കിയാവുന്നുണ്ട്?

അതിന് കഴിയുന്നില്ല എന്ന് വ്യക്തമാണ്. ഒരു മന്ത്രിയെ നിലനിര്‍ത്തണമെന്ന് പൊതുജനാഭിപ്രായമുണ്ടായിട്ടും അത് നടന്നില്ലെന്ന് പറയുമ്പോള്‍ നമ്മള്‍ ഓര്‍ക്കേണ്ട കാര്യം പലരുടെ കാര്യത്തിലും അതുണ്ടായിരുന്നു എന്നതാണ്. മുന്‍ ധനമന്ത്രി തോമസ് ഐസക്കിന് അനുകൂലമായി വലിയ അഭിപ്രായമുണ്ടായിരുന്നു. അദ്ദേഹം ശ്രദ്ധേയനായ സാമ്പത്തിക ശാസ്ത്രജ്ഞനാണ്. ഒരു നയം നടപ്പാക്കുമ്പോള്‍ ഇത് സംഭവിക്കും. വൃദ്ധാധിപത്യത്തെയാണ് നമ്മള്‍ ജനാധിപത്യം എന്ന് വിളിച്ചുകൊണ്ടിരുന്നത്. എല്ലാ രംഗങ്ങളിലും വൃദ്ധര്‍ ആധിപത്യം പ്രകടിപ്പിക്കുന്ന അവസ്ഥയില്‍ നിന്ന് ഒരു മാറ്റം വരുന്നു. ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലല്ല പലപ്പോഴും ഇതുണ്ടാവുന്നത്.

എല്ലാ രംഗങ്ങളിലും ജനാധിപത്യപരമായി കാര്യങ്ങള്‍ നടപ്പാക്കാനാവില്ല. ഒരു ആസ്പത്രിയില്‍ ഒരു രോഗിക്ക് ശസ്ത്രക്രിയ വേണമോയെന്നത് ജനാധിപത്യപരമായി തീരുമാനിക്കാനാവില്ല. അതൊരു വിദഗ്ധനായ ഡോക്ടറാണ് തീരുമാനിക്കേണ്ടത്. അതൊരു പ്രൊഫഷനല്‍ തീരുമാനമാണ്. യുദ്ധം നടക്കുമ്പോള്‍ സൈന്യത്തിന്റെ ജനാധിപത്യവത്കരണം എന്ന ചര്‍ച്ചയിലൂടെയല്ല തീരുമാനങ്ങള്‍ എടുക്കുക. അവിടെയും പ്രൊഫഷനലായ തീരുമാനമാണുണ്ടാവുക. അടിയന്തരാവസ്ഥക്കാലത്ത് ഇരുപതിന പരിപാടിയുടെ ഭാഗമായാണ് ആദിവാസി ഭൂനിയമം കേരളത്തില്‍ കൊണ്ടുവന്നത്. സാധാരണഗതിയില്‍ അങ്ങിനെയൊരു ബില്ല് വരുമായിരുന്നില്ല. അടിയന്തരാവസ്ഥയായിരുന്നതിനാലും ഇന്ദിര ഗാന്ധിയെ പേടി ഉണ്ടായിരുന്നതിനാലുമാണ് അത് നടന്നത്. ഒരു പാര്‍ട്ടി പോലും അതിനെ എതിര്‍ത്തില്ല. പിന്നീട് ജനാധിപത്യം പുനഃസ്ഥാപിക്കപ്പെട്ടപ്പോള്‍ ആ നിയമം നടപ്പാക്കിയില്ല. സമ്പന്നരുടെ സമ്പത്ത് എടുത്ത് പുനര്‍വിതരണം നടത്തണമെന്ന് ഒരു നിയമം കൊണ്ടുവന്നാല്‍ പാര്‍ലമെന്റില്‍ അഭിപ്രായ സമന്വയം ഉണ്ടാക്കാന്‍ കഴിയുമോ? അത് അന്നു തന്നെ പൊളിച്ചു കൈയ്യില്‍ കൊടുക്കും.

ഭരണത്തുടര്‍ച്ച എന്നു പറഞ്ഞാല്‍ രാഷ്ട്രീയത്തുടര്‍ച്ച അല്ല. ഇപ്പോള്‍ ജോസ് കെ. മാണി ഇടതു മുന്നണിയിലേക്ക് വന്നതെടുക്കാം. അയാള്‍ നേരത്തെ ഇടതു ഭരണത്തിന്റെ ഭാഗമായിരുന്നില്ല. ഇതൊരു മുന്നണി സംവിധാനം മാത്രമാണ്. ഇടതു മുന്നണി നോക്കുന്നത് വലതു മുന്നണിയില്‍നിന്നും ആരൊക്കെ വരും എന്നാണ്. വലതു മുന്നണി നോക്കുന്നത് ഇടതു മുന്നണിയില്‍നിന്നും ആരൊക്കെ വരുമെന്നാണ്. വലത്തോട്ട് നോക്കുന്ന ഇടതു മുന്നണിയും ഇടത്തോട്ട് നോക്കുന്ന വലതു മുന്നണിയും ഈ രണ്ട് ദിശകളിലേക്കും നോക്കുന്ന ബി.ജെ.പിയുമാണ് കേരളത്തിലുള്ളത്. എന്‍.ഡി.എയുടെ പരിപാടി എന്താണ്? ഇടത്-വലത് മുന്നണികളില്‍നിന്ന് ആരെയൊക്കെ കൂട്ടാനാവും എന്നതാണ് അവരുടെ പരിപാടി.

മഹാമാരിയുടെ കാലത്തല്ല ഈ തിരഞ്ഞെടുപ്പ് നടക്കുന്നതെങ്കില്‍ കേരള ജനതയുടെ വിധിയെഴുത്ത് ഇങ്ങനെയാകുമായിരുന്നില്ല എന്നാണോ താങ്കള്‍ കരുതുന്നത്?

ചിലപ്പോള്‍ വ്യത്യസ്തമാകുമായിരുന്നു. യു.ഡി.എഫ്. പരാജയപ്പെട്ടത് രമേശ് ചെന്നിത്തലയുടെ കുഴപ്പം കൊണ്ടല്ല. ആര് പ്രതിപക്ഷ നേതാവായിരുന്നാലും ഇത് സംഭവിക്കുമായിരുന്നു. അതായിരുന്നു അവസ്ഥ. ശക്തനായ ഒരു ഭരണാധികാരിയെയായിരുന്നു അവിടെ ആവശ്യം. വാഗ്ദാനങ്ങള്‍ നല്‍കുന്ന ഒരു രാഷ്ട്രീയ നേതാവിനെയല്ല ഈ സന്ദര്‍ഭത്തില്‍ ആവശ്യമുണ്ടായിരുന്നത്. ഭരണനൈപുണ്യം, കാര്യക്ഷമത എന്നിവയ്ക്കായിരുന്നു പ്രാധാന്യം. ജനങ്ങള്‍ക്കതാണ് വേണ്ടിയിരുന്നത്. സാമൂഹ്യശാസ്ത്രജ്ഞര്‍ വിശകലനം ചെയ്യുന്നതിനനുസരിച്ചല്ല ജനങ്ങള്‍ വോട്ടുചെയ്യുന്നത്.

ബംഗാളിലും സമാനമായ വിധിയെഴുത്താണ് നടന്നതെന്ന് പറയാമോ? അവിടെയും ശക്തയായൊരു നേതാവ് പ്രാദേശിക തലത്തിലുണ്ടായിരുന്നു. അവര്‍ക്കാണ് ജനം വോട്ടു ചെയ്തത്?

മമത ബാനര്‍ജിക്ക് മറ്റൊരു സവിശേഷത കൂടിയുണ്ട്. ഒരു പുരുഷന്റെ തണലില്‍ അല്ലാതെ ഉയര്‍ന്നു വന്ന ഏക വനിത നേതാവാണ് മമത. ഇന്ദിരയായാലും മായാവതിയായാലും ജയലളിതയായാലും പുരുഷന്മാര്‍ കൈപിടിച്ച് വളര്‍ത്തിക്കൊണ്ടു വന്നവരാണ്. പക്ഷേ, മമത സ്വയം വളര്‍ന്നു വന്ന നേതാവാണ്. ചരിത്രത്തില്‍ അവര്‍ വെറും അടിക്കുറിപ്പല്ല. അവര്‍ ഒരു അദ്ധ്യായം തന്നെയാണ്.

തമിഴകത്ത് പക്ഷേ, ഭരണകൂടത്തെ തിരസ്‌കരിക്കുകയാണ് ജനങ്ങള്‍ ചെയ്തത് ?

ഏതു ഭരണകൂടത്തെ? ബി.ജെ.പി. പിന്താങ്ങിയ ഒരു ഭരണകൂടത്തെ. ബി.ജെ.പി. അശക്തമാവുന്നുവെന്നല്ല ഇതിന്റെ അര്‍ത്ഥം. ബംഗാളില്‍ അവര്‍ ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരിക്കുകയാണ്. എ.ഐ.എഡി.എം.കെയ്ക്കും ഡി.എ.ംകെയ്ക്കും കിട്ടിയ വോട്ട്ശതമാനത്തില്‍ വലിയ വിടവില്ല. എ.ഐ.എ.ഡി.എം.കെ. അവരുടെ വോട്ട് ബാങ്ക് മിക്കവാറും നിലനിര്‍ത്തിയിട്ടുണ്ട്. ഇതൊരു വലിയ കാര്യമാണെന്നല്ല. മോദി ആദ്യം അധികാരമേറ്റപ്പോള്‍ 2014-ല്‍ എന്‍.ഡി.എയ്ക്ക് 31 ശതമാനം വോട്ടാണ് കിട്ടിയത്. അവര്‍ വിചാരിച്ചത് എല്ലാ ഹിന്ദുക്കളും അവര്‍ക്ക് വോട്ടു ചെയ്യുമെന്നാണ്. 80 ശതമാനം ഹിന്ദുക്കളുള്ള രാജ്യത്ത് ബി.ജെ.പി. മുന്നണിക്ക് കിട്ടിയത് 31 ശതമാനമാണ്. പക്ഷേ, ഈ വോട്ട് ഷെയര്‍ അല്ല കാര്യം. 31 ശതമാനം മാത്രം വോട്ട് കിട്ടിയ ഒരു പാര്‍ട്ടി ഒരു രാജ്യത്തിന്റെ ഭാഗധേയം നിര്‍ണ്ണയിക്കുകയാണ്. ഇത് ജനാധിപത്യത്തിന്റെ അടിസ്ഥാനപരമായ ദൗര്‍ബല്ല്യമാണ്. 50.5 ശതമാനം വോട്ട് കിട്ടിയ പാര്‍ട്ടി ഭരണത്തിലേറുകയും 49.5 ശതമാനം വോട്ട് കിട്ടിയ അധികാരത്തിന് പുറത്തിരിക്കേണ്ടി വരികയും ചെയ്യുന്നുവെന്നത് നമ്മുടെ ജനാധിപത്യത്തിന്റെ ഘടനാപരമായ പ്രശ്നമാണ്.

പാര്‍ട്ടിയുടെ ഇംഗിതങ്ങളല്ല പലപ്പോഴും കേരളത്തില്‍ നടപ്പാക്കിയത്. താഹയെയും അലനെയും യു.എ.പി.എ. ചുമത്തി ജയിലലടച്ചതിന് പാര്‍ട്ടി എതിരായിരുന്നു. ഇതേക്കുറിച്ച് സി.പി.എം. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് മുഖ്യമന്ത്രിയോട് ചോദിക്കാനാണ്. അത് പാര്‍ട്ടിയുടെ നിസ്സഹായതയെയാണ് കാണിച്ചത്. ഇതു പോലെ തന്നെയാണ് കെ.കെ. ശൈലജയെ ഒഴിവാക്കിയതിനെക്കുറിച്ച് ചോദിച്ചപ്പോഴും യെച്ചൂരി മറുപടി പറഞ്ഞത്. പാര്‍ട്ടിയുടെ സംസ്ഥാന ഘടകം എടുത്ത തീരുമാനമാണതെന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം?

അതൊരു ന്യായീകരണം മാത്രമാണ്. ഇതൊരു പാര്‍ട്ടിയുടെ വിജയമല്ല. പാര്‍ട്ടിയുടെ വിജയമായിരുന്നെങ്കില്‍ ബംഗാളിലും വിജയിക്കണമായിരുന്നു. അവിടെ ഒരു സീറ്റ് പോലും സി.പി.എമ്മിന് കിട്ടിയില്ല. കേരളത്തിലെ വിജയം പിണറായി വിജയന്‍ എന്ന വ്യക്തിയുടെ വിജയമാണ്. ഇവിടെ നടന്നത് ഒരു തിരഞ്ഞെടുപ്പ് പോലുമല്ല. ഒരു അഭിപ്രായ സര്‍വ്വെയാണ് നടന്നത്. ഒരു വ്യക്തി തുടരണമോ എന്ന അഭിപ്രായ സര്‍വ്വെ. ഒരു വ്യക്തിയുടെ ഇമേജാണ് മുന്നോട്ടു വെയ്ക്കപ്പെട്ടത്. പിണറായി വിജയന്‍ എന്ന വ്യക്തിയുടെ പടങ്ങളാണ് നിറഞ്ഞുനിന്നത്. ഓരോ മനസ്സിലേക്കും ഒരു വ്യക്തിയെ കൃത്യമായി പ്രതിഷ്ഠിക്കുന്ന പദ്ധതിയുടെ ആസൂത്രണവും ആവിഷ്‌കാരവുമായിരുന്നു. പാര്‍ട്ടി തുടരണമോ മുന്നണി തുടരണമോ എന്നായിരുന്നില്ല ചോദ്യം. വ്യക്തി തുടരണമോ എന്നായിരുന്നു.

ക്യാപ്റ്റന്‍ എന്ന ഇമേജിലേക്ക് പിണറായി വിജയനെ വാര്‍ത്തെടുക്കുന്ന പ്രക്രിയ?

അതിലവര്‍ വിജയിച്ചു. അത് നല്ലതോ ചീത്തയോ എന്നത് വിധിയെഴുത്തിന്റെ പ്രശ്നമാണ്. പക്ഷേ, അത്തരമൊരു വിധിയെഴുത്ത് നേടിയെടുക്കുന്നതില്‍ അവര്‍ വിജയിച്ചു. ജനങ്ങള്‍ അതിനെ അംഗീകരിച്ചു. എപ്പോഴും ജനങ്ങളുടെ വലിയിരുത്തല്‍ ശരിയാവണമെന്നില്ല. ജനങ്ങള്‍ ദീര്‍ഘകാല ബുദ്ധിയോടെ ചിന്തിക്കുന്നവരല്ല. രാഷ്ട്രീയക്കാര്‍ അടുത്ത തിരഞ്ഞെടുപ്പിനെക്കുറിച്ച് ചിന്തിക്കുന്നു. ജനങ്ങള്‍ ദൈനംദിന ആവശ്യങ്ങളെക്കുറിച്ച് ചിന്തിക്കുന്നു. അന്നന്നത്തെ കാര്യങ്ങള്‍ നടന്നു കിട്ടിയാല്‍ അവര്‍ സംതൃപ്തരാണ്. അവരുടെ മുന്നില്‍ ഭാവിയില്ല. ഒരു വ്യവസ്ഥിതിയില്‍ എല്ലാവരും ഭാവിയെക്കുറിച്ച് ചിന്തിക്കുന്നില്ല. ആള്‍ക്കൂട്ടം ചിന്തിക്കുന്നില്ല. വ്യക്തികളാണ് ചിന്തിക്കുന്നത്. ഒരു പാര്‍ട്ടി ചിന്തിക്കുന്നില്ല. പാര്‍ട്ടിയുടെ അഭിപ്രായം ഇതാണെന്ന് പറയാം. പക്ഷേ, ഈ അഭിപ്രായത്തിന് രൂപം കൊടുക്കുന്നത് വ്യക്തികളാണ്. പ്രത്യയശാസ്ത്രപരമായി പ്രവര്‍ത്തിക്കുന്ന പാര്‍ട്ടികളില്‍ പോലും വ്യക്തികളുടെ പ്രാധാന്യം കുറച്ചു കാണരുത്. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളുടെ കാര്യമെടുത്താല്‍ കണ്‍വെര്‍ജന്‍സ് പൊളിറ്റിക്സ് ആണ് ഇപ്പോള്‍ നടക്കുന്നത്. അതായത് പാര്‍ട്ടികള്‍ തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരികയാണ്. സംസ്ഥാനങ്ങള്‍ വ്യത്യസ്തമാണെങ്കിലും ബ്യൂറൊക്രസിയുടെ പെരുമാറ്റം ഒരു പോലെയാണ്. സമാനമായാണ് പോലീസും പെരുമാറുന്നത്.
ഭരിക്കപ്പെടുന്നവരെ മനസ്സിലാക്കുക എന്നത് പ്രധാനമാണ്. ഭരിക്കുന്നവര്‍ ഭരിക്കപ്പെടുന്നവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി ബുദ്ധിപൂര്‍വ്വം പ്രവര്‍ത്തിക്കുക. ഇതാണ് കേരളത്തില്‍ പിണറായി സര്‍ക്കാര്‍ ചെയ്തത്. പാര്‍ട്ടിയോ മുന്നണിയോ അല്ല വ്യക്തിയാണ് ഇവിടെ കാര്യങ്ങള്‍ മനസ്സിലാക്കുകയും തീരുമാനമെടുക്കുകയും ചെയ്തത്.

ഇവിടെ ഒരു കാര്യത്തില്‍ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് തോന്നുന്നു. വൃദ്ധാധിപത്യത്തില്‍ നിന്നുള്ള മോചനം കേരളത്തിലെ പുതിയ സര്‍ക്കാര്‍ രേഖപ്പെടുത്തുന്നുണ്ടെന്ന് പറയാനാവുമോ? ശരിയായ അധികാരം കൈയ്യാളുന്ന വ്യക്തിയുടെ തുടര്‍ച്ചയാണുണ്ടായിട്ടുള്ളതെന്ന സാഹചര്യത്തില്‍ ഈ നിരീക്ഷണം എത്രമാത്രം ശരിയാണ്?

അങ്ങിനെയൊരു മാറ്റമുണ്ടായിട്ടുണ്ടെന്ന് ഇപ്പോള്‍ പറയാനാവില്ല. ജനാധിപത്യം വൃദ്ധാധിപത്യത്തിന് പുറത്തുവന്നോ എന്ന് വിലയിരുത്താന്‍ സമയമായിട്ടില്ല. താങ്കള്‍ പറഞ്ഞതില്‍ ആ ഉത്തരമുണ്ട്. മുകളില്‍ ഇരിക്കുന്ന വ്യക്തി തുടരുകയും ചില ഉത്തരവാദിത്വങ്ങള്‍ കൈമാറുകയും ചെയ്യുന്ന പ്രക്രിയയാണ് നടന്നിരിക്കുന്നത്. സി.പി.എമ്മിന് 34 വര്‍ഷം തുടര്‍ച്ചയായി ഭരണത്തുടര്‍ച്ച ലഭിച്ച സംസ്ഥാനമാണ് ബംഗാള്‍. പക്ഷേ, പിന്നീട് അവര്‍ക്ക് അവിടെ തിരിച്ചടി നേരിട്ടു. അവര്‍ ഭരണത്തില്‍നിന്ന് നിഷ്‌കാസിതരായി.

ബംഗാളിന്റെ പാഠം സി.പി.എമ്മിന് കേരളത്തില്‍ പുതിയ ദിശാബോധം നല്‍കുമോ? നിലവില്‍ പിണറായി വിജയന്‍ മുഖ്യ അധികാര കേന്ദ്രമായി തുടരുമ്പോള്‍ താഴെത്തട്ടില്‍ നടന്ന ചില ഉപരിപ്ലവമായ മാറ്റങ്ങളെ ഘടനാപരമായ മാറ്റങ്ങളാണെന്ന് ഊതിവീര്‍പ്പിച്ചുകാട്ടുകയല്ലേ ചെയ്യുന്നത്?

അധികാര വികേന്ദ്രീകരണം സംഭവിച്ചിട്ടുണ്ടോ എന്നത് നമ്മള്‍ കാത്തിരുന്ന് കാണേണ്ട കാര്യമാണ്. സമൂഹത്തില്‍ പൊതുവെ രണ്ടോ മൂന്നോ വിഭാഗങ്ങളുണ്ടാവും. ഒരു വിഭാഗത്തിന് നിലവിലുള്ള സ്ഥിതി തുടര്‍ന്നാല്‍ മതി. രണ്ടാമത്തെ വിഭാഗത്തിന് ചില കാര്യങ്ങള്‍ ഒന്ന് മെച്ചപ്പെടണം. മൂന്നാമത്തെ വിഭാഗത്തിനാണ് മാറ്റം വേണ്ടത്. മാറ്റം എന്നത് അടിസ്ഥാനപരമായി സംഭവിക്കേണ്ടതാണ്. പഴയ ആളുകള്‍ക്ക് മാറ്റം കൊണ്ടുവരാനാവില്ല. പഴയ ആളുകള്‍ എന്നാല്‍ വയസ്സായവര്‍ എന്നല്ല അര്‍ത്ഥം. പുതിയ ആളുകള്‍ക്കേ പുതിയ സമൂഹം സൃഷ്ടിക്കാനാവുകയുള്ളു.

ജനാധിപത്യത്തെക്കുറിച്ച് പറയുമ്പോള്‍ പ്രതിപക്ഷത്തെ നമുക്ക് മാറ്റി നിര്‍ത്താനാവില്ല. കേരളത്തില്‍ സി.പി.എം. കൂടുതല്‍ ശക്തമാര്‍ന്ന ഭരണപക്ഷമായി മാറുമ്പോള്‍ പ്രതിപക്ഷത്തെിന്റെ റോള്‍ എന്താകും എന്ന ചോദ്യമുണ്ട്. പുതിയ പ്രതിപക്ഷ നേതാവ് വരുന്നു. പ്രതിപക്ഷത്തിനെ താങ്കള്‍ എങ്ങിനെയാണ് കാണുന്നത്?

ഭരണപക്ഷത്തിന് കിട്ടുന്ന മൃഗീയ ഭൂരിപക്ഷം ഒരു പ്രശ്നമാണ്. കേന്ദ്രത്തില്‍ ബി.ജെ.പി. സര്‍ക്കാര്‍ കാണിക്കുന്ന തോന്നിവാസങ്ങള്‍ ഭീകരമാണ്. കാര്‍ഷിക ബില്ലുകള്‍, പൗരത്വ ഭേദഗതി നിയമം, ജമ്മു കാശ്മീരിന്റെ സംസ്ഥാന പദവി എടുത്തുകളഞ്ഞത്- ഇവയൊക്കെ മൃഗീയ ഭൂരിപക്ഷത്തിന്റെ അനന്തരഫലങ്ങളാണ്. ജനാധിപത്യത്തെ ജനാധിപത്യമാക്കുന്നത് മൂന്ന് ഘടകങ്ങളാണ്- ഡിസ്‌കഷന്‍, ഡിബേറ്റ്, ഡിസ്സെന്റ്. ചര്‍ച്ച, സംവാദം, വിയോജിപ്പ്. ഇത് മൂന്നും ഇപ്പോള്‍ കേന്ദ്രത്തില്‍ നടക്കുന്നില്ല. ഇതു തന്നെ കേരളത്തിലുമുണ്ടാവാം.

(തുടരും)

Content Highlights: The reason behind UDF's bad performance is not the fault of Ramesh Chennithala, says M. Kunhaman

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gopi Kottamurikkal

1 min

പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ 24 മണിക്കൂറിനകം കരുവന്നൂര്‍ ബാങ്കിന് സഹായം- ഗോപി കോട്ടമുറിക്കല്‍

Oct 1, 2023


asif adwaith car

5 min

സ്വപ്‌നങ്ങൾ ബാക്കിയാക്കി അദ്വൈത്,മരണത്തിലും ഒരുമിച്ച് ആത്മസുഹൃത്തുക്കൾ;ഉമ്മയുടെ ഫോണ്‍, രക്ഷകനായി ഹഖ്

Oct 2, 2023


kk sivaraman mm mani

2 min

'ബുദ്ധിമുട്ടുന്നതെന്തിന്, തല വെട്ടിക്കളഞ്ഞാല്‍ മതിയല്ലോ?' M.M മണിക്കുനേരെ ഒളിയമ്പുമായി CPI നേതാവ്

Oct 2, 2023

Most Commented