തലയോലപ്പറമ്പ്: ഇത്രയും പ്രയാസങ്ങളിലൂടെ കടന്ന് പോകുമ്പോഴും ബിന്ദു അത്രമേൽ പ്രസന്നമായി എങ്ങനെ െപരുമാറിയിരുന്നുവെന്ന് ആനന്ദാക്ഷൻ അദ്‌ഭുതപ്പെട്ടു. അവരുടെ വീടും സാഹചര്യവും കണ്ട് അദ്ദേഹത്തിന്റെ ഉള്ളുലഞ്ഞു. തന്റെ സ്ഥാപനത്തിന്റെ ഭാഗമായിരുന്ന ആ ജീവനക്കാരിയുടെ കുടുംബത്തിന് സഹായം അനിവാര്യമെന്ന് തിരിച്ചറിഞ്ഞ നിമിഷം. കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നുമരിച്ച ബിന്ദുവിന്റെ കുടുംബത്തിന് ഒരു ലക്ഷം രൂപ നൽകാൻ അദ്ദേഹം ഉടൻ തീരുമാനമെടുത്തു.

To advertise here,

തലയോലപ്പറമ്പ് ശിവാസ് സിൽക്സ് ഉടമയായ പി. ആനന്ദാക്ഷന് ബിന്ദുവിന്റെ മരണവിവരം അറിഞ്ഞ് വീട്ടിലെത്തിയപ്പോൾ കണ്ട ദയനീയാവസ്ഥയിൽ ഹൃദയം നൊന്തു. വീടിന്റെ ഏക ആശ്രയമായിരുന്നു ബിന്ദുവെന്ന് അദ്ദേഹം മുമ്പ് അറിഞ്ഞിരുന്നില്ല. അവരുടെ മരണത്തോടെ പ്രശ്നത്തിലായ കുടുംബത്തിന് വരുമാനം മുടങ്ങാതിരിക്കാൻ അമ്മ സീതാലക്ഷ്മിക്ക് മാസംതോറും 5000 രൂപയും നൽകാൻ തീരുമാനിച്ചു. അപകടം നടന്ന വ്യാഴാഴ്ചയാണ് പി. ആനന്ദാക്ഷൻ ആദ്യമായി ബിന്ദുവിന്റെ വീട്ടിൽ പോകുന്നത്. ഇത്തരമൊരു സാഹചര്യത്തിൽനിന്നാണ് തന്റെ കടയിലേക്ക് എട്ട് വർഷമായി ബിന്ദു വന്നിരുന്നതെന്ന് ആനന്ദാക്ഷന് വിശ്വസിക്കാനായില്ല. പെൻഷൻ പോലെ ആജീവനാന്തം എല്ലാ മാസവും രണ്ടാം തീയതിക്ക്‌ മുമ്പായി 5000 രൂപ നൽകും. ഒരു ലക്ഷം രൂപ രണ്ട് ദിവസത്തിനകം കൈമാറും.

22 വർഷം മുമ്പാണ് ആനന്ദാക്ഷനും ഭാര്യ ജിജിയും ചേർന്ന് തലയോലപ്പറമ്പിൽ തുണിക്കട തുടങ്ങുന്നത്. ആകസ്മികമായാണ് ബിന്ദു കടയിൽ ജോലിക്കായി എത്തുന്നത്. കടയിൽ സാരിവാങ്ങിക്കാൻ വന്ന ബിന്ദുവിനോട്, ഇവിടെ നിൽക്കാൻ താത്പര്യമുണ്ടോ എന്ന് ജിജി ചോദിച്ചു. അടുത്തദിവസം ബിന്ദു എത്തി. ടോപ്പിന്റെ സെക്ഷനായിരുന്നു ബിന്ദു നോക്കിയിരുന്നത്. എല്ലാവരോടും സൗമ്യമായി പെരുമാറും. ആരോടും ദേഷ്യപ്പെട്ട് കണ്ടിട്ടില്ല. അവധി എടുക്കാറില്ല. കൃത്യമായി ജോലിക്കെത്തും.-ജിജി ഒാർമ്മിക്കുന്നു.

400 രൂപയായിരുന്നു ദിവസ ശമ്പളം. ഞായറാഴ്ച 500 രൂപയും. ബിന്ദുവിന്റെ ആവശ്യപ്രകാരം ആഴ്ചയിലാണ് പണം നൽകിയിരുന്നത്. എല്ലാവരുടെയും ബിന്ദുഅമ്മയായിരുന്നു അവരെന്ന് അദ്ദേഹം അനുസ്മരിച്ചു. വീട്ടിലെ പ്രയാസങ്ങൾ അവർ ആരോടും പറഞ്ഞിരുന്നില്ല.