കൊച്ചി: പന്തീരാങ്കാവ് മാവോവാദിക്കേസില്‍ താഹ ഫസല്‍ കീഴടങ്ങി. താഹക്ക് കൊച്ചി എന്‍.ഐ.എ. കൊച്ചി എന്‍ഐഎ കോടതിയിലാണ് കീഴടങ്ങിയത്. കൊച്ചി എന്‍ഐഎ പ്രത്യേക കോടതി അനുവദിച്ച ജാമ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. പ്രായക്കുറവും ആരോഗ്യപ്രശ്നവും കണക്കിലെടുത്ത് അലന്‍ ഷുഹൈബിന്റെ ജാമ്യത്തില്‍ കോടതി ഇടപെട്ടിരുന്നില്ല. കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

To advertise here,

വിചാരണക്കോടതിയുടെ വിധി ശരിയല്ലെന്നു കാണിച്ച് എന്‍.ഐ.എ. നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് എ. ഹരിപ്രസാദും ജസ്റ്റിസ് കെ. ഹരിലാലും ഉള്‍പ്പെട്ട ഡിവിഷന്‍ബെഞ്ചിന്റെ ഉത്തരവ്. ഇവരില്‍നിന്നു പിടിച്ചെടുത്ത രേഖകള്‍ ജാമ്യഘട്ടത്തില്‍ വിചാരണക്കോടതി ഇഴകീറി പരിശോധിച്ചെന്നും ഗൗരവം കുറച്ചുകണ്ടെന്നുമുള്ള കേന്ദ്രസര്‍ക്കാരിന്റെ വാദം പരിഗണിച്ചാണ് താഹയുടെ ജാമ്യം റദ്ദാക്കിയത്.

നിയമവിരുദ്ധപ്രവര്‍ത്തനം തടയുന്ന നിയമത്തിന്റെ (യു.എ.പി.എ.) 38, 39 വകുപ്പുകള്‍ പ്രകാരമുള്ള കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമോ എന്നുമാത്രം വിചാരണക്കോടതി പരിശോധിച്ചാല്‍മതിയായിരുന്നു. ഹൈക്കോടതിയിലെന്നപോലെ വിലയിരുത്തേണ്ടിയിരുന്നില്ല.

യുവാക്കളുടെ വ്യക്തിതാത്പര്യം പ്രധാനമാണെങ്കിലും അത് ദേശീയതാത്പര്യത്തിനു കീഴ്വഴങ്ങുന്നതാണ്. പിടിച്ചെടുത്ത രേഖകളില്‍ ചിലത് വിഘടനവാദത്തിന്റെ വിത്തുള്‍ക്കൊള്ളുന്നതാണ്. അത്തരം പ്രവര്‍ത്തനം തടയാനുള്ളതാണ് യു.എ.പി.എ. രേഖകളും സാക്ഷിമൊഴികളുമുള്‍പ്പെടെ സാഹചര്യം സമഗ്രമായി വിലയിരുത്തിയാല്‍ ജാമ്യം അനുവദിച്ച ഉത്തരവ് ശരിവെക്കാനാവില്ല.

അലന്റെ പ്രായക്കുറവും മാനസികവിഷമതയ്ക്കു ചികിത്സയുള്ളതും കണക്കിലെടുക്കണം. അലനില്‍നിന്നു പിടിച്ചെടുത്ത രേഖകള്‍ താരതമ്യേന ഗൗരവം കുറഞ്ഞതാണ്. അക്കാര്യം വിലയിരുത്തിയാണ് അലന് ജാമ്യത്തില്‍ തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്. അപ്പീല്‍ തീര്‍പ്പാക്കി കോടതി നടത്തിയ പരാമര്‍ശങ്ങള്‍ വിചാരണക്കോടതി കണക്കിലെടുക്കരുതെന്നും ഉത്തരവില്‍ വ്യക്തമാക്കി.