
തെന്നല ബാലകൃഷ്ണപ്പിള്ളയ്ക്ക് അദ്ദേഹം ധരിക്കുന്ന ഖദറിന്റെ അതേ വെണ്‍മയാണെന്നാണ് എതിരാളികള്‍ പോലും പറയാറുള്ളത്. കാരണം വലിയ ചുറ്റുപാടില്‍ നിന്നും വന്ന് ഉള്ളതെല്ലാം പാര്‍ട്ടിക്ക് നല്‍കി സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ചപ്പോഴും നഷ്ടപ്പെട്ടതിനെ കുറിച്ച് തെന്നലയ്ക്ക് പരിഭവമുണ്ടായിരുന്നില്ല. സ്ഥാനമാനങ്ങള്‍ ലഭിക്കാതെ പോയതില്‍ സങ്കടവുമുണ്ടായിരുന്നില്ല. എല്ലാം ഒരു ചിരിയിലൊതുക്കി പാര്‍ട്ടിയോട് വിധേയനായി. രാഷ്ട്രീയത്തിലേക്കുള്ള തെന്നലയുടെ വരവിന്റേയും വിരമിക്കലിന്റേയും ചരിത്രമോടിക്കുമ്പോള്‍ ഇക്കാര്യം നമുക്ക് മനസ്സിലാക്കാനാവും. പലരുടേയും താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്വന്തം നേട്ടങ്ങളെ വിട്ടുകൊടുക്കേണ്ടി വന്ന നേതാവ്.
കൊല്ലം ജില്ലയിലെ ശൂരനാട്ടെ അതി സമ്പന്ന കുടുംബത്തില്‍ നിന്നായിരുന്നു കോണ്‍ഗ്രസിന്റെ താഴെ ഘടകത്തിലേക്ക് തെന്നലയുടെ പ്രവേശനം. അന്നദ്ദേഹത്തിന് സ്വന്തം പേരില്‍ 17 ഏക്കര്‍ ഭൂമിയുണ്ടായിരുന്നു. രണ്ട് വട്ടം എം.എല്‍.എ ആയി, മൂന്ന് തവണ രാജ്യസഭാംഗം, രണ്ട് തവണ കെ.പി.സി.സി പ്രസിഡന്റ് എന്നിവയെല്ലാം വഹിച്ചെങ്കിലും രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുമ്പോള്‍ സ്വന്തം പേരിലെ 17 ഏക്കര്‍ ഭൂമി 11 സെന്റിലോക്കൊതുങ്ങി. തോറ്റതുള്‍പ്പെടെ നാല് തവണ മത്സരിച്ചപ്പോള്‍ അതിന്റെ ചെലവിലേക്കായി ഭൂമി വില്‍ക്കുകയായിരുന്നു. അത് പിന്നീട് തിരിച്ചുപിടിക്കാനോ വര്‍ധിപ്പിക്കാനോ തെന്നലയ്ക്ക് സാധിച്ചുമില്ല. പക്ഷെ ഈ നഷ്ടത്തെയോര്‍ത്ത് തെന്നല സങ്കടപ്പെട്ടുമില്ല.
കോണ്‍ഗ്രസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും നിര്‍ണായകമായ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തേക്കും തെന്നലയെ പരിഗണിച്ചത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പ്. പാര്‍ട്ടിയിലെ ഗ്രൂപ്പ് വഴക്കില്‍ കരുണാകരനും ആന്റണിയും നേരിട്ട് പോരടിച്ചിരുന്ന കാലം. അന്നവരെ കൂട്ടിയോജിപ്പിക്കുകയായിരുന്നു തെന്നലയുടെ ഏറ്റവും വലിയ വെല്ലുവിളി.
തിരുവനന്തപുരം മുതല്‍ കാസര്‍കോട്ട് വരെ തെന്നല ഓടി നടന്നു. കോണ്‍ഗ്രസ് നേതാക്കള്‍ അതിനെ കുറിച്ച് ഇന്നും പറയുന്നത് തെന്നല തന്റെ ചെരുപ്പ് തഴയും വരെ പണിയെടുത്തിരുന്നുവെന്നാണ്. അത് ശരിയുമായിരുന്നു. അവസാനം ഫലം പുറത്ത് വന്നപ്പോള്‍ അന്ന് 99 സീറ്റാണ് യു.ഡി.എഫിന് കിട്ടിയത്. കഴക്കൂട്ടത്ത് റിബലായി മത്സരിച്ച് ജയിച്ച എം.എ വാഹിദിനെ കൂടി കൂട്ടുമ്പോള്‍ യുഡിഎഫിന്റെ അക്കൗണ്ടില്‍ 100 സീറ്റായി. കോണ്‍ഗ്രസിന് മത്രം 63 സീറ്റ് കിട്ടി.
ഗ്രൂപ്പ് ഭിന്നതകള്‍ കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് തെന്നലയുടെ നേതൃത്വത്തില്‍ എല്ലാം പറഞ്ഞൊതുക്കി ഒരുമിച്ച് നീങ്ങുകയായിരുന്നു. ഇതിന് ശേഷം പക്ഷെ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്ക് വഴങ്ങി തെന്നലയ്ക്ക് കെ.പി.സി.സി അധ്യക്ഷ സ്ഥാനം നഷടപ്പെടുകയും ചെയ്തുവെന്നത് ചരിത്രം. തേഞ്ഞുപോയ ചെരുപ്പ് വാങ്ങാന്‍ കടയില്‍ കയറിപ്പോഴായിരുന്നു അടിയന്തര മീറ്റിങ്ങിന് നേതൃത്വം തെന്നലയെ വിളിപ്പിച്ചത്. ആ യോഗത്തിന്റെ അവസാനം കെ.പി.സി.സി അധ്യക്ഷ സ്ഥാനം തെന്നല ഒഴിഞ്ഞുള്ള ഫോര്‍മുലയില്‍ പാര്‍ട്ടി എത്തുകയായിരുന്നു.
എ.കെ ആന്റണി മുഖ്യമന്ത്രിയാകുമ്പോള്‍ ഐ ഗ്രൂപ്പിന്റെ പ്രതിനിധിയായി കെ.മുരളീധരന്‍ കെ.പി.സി.സി അധ്യക്ഷനാവട്ടെ എന്ന തീരുമാനം ഹൈക്കമാന്‍ഡ കൈക്കൊണ്ടപ്പോള്‍ അതിനെ ഒരെതിര്‍പ്പും കൂടാതെ അന്ന് തെന്നല അംഗീകരിച്ചു. 2001-ല്‍ കെ.പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെക്കുമ്പോള്‍ മാധ്യമങ്ങള്‍ കോണ്‍ഗ്രസിലെ അന്തര്‍നാടകങ്ങളെ കുറിച്ച് പല കഥകളുമെഴുതിയെങ്കിലും എല്ലാത്തിനോടും ചിരിയായിരുന്നു തെന്നലയുടെ മറുപടി. പൊതുവേദിയില്‍ ഒരു നിമിഷത്തിലും അദ്ദേഹം പാര്‍ട്ടിയെ തള്ളിപ്പറഞ്ഞില്ല.1999 മുതല്‍ 2001 വരെ ആദ്യ തവണയും 2004 മുതല്‍ 2005 വരെ രണ്ടാം തവണയും തെന്നല കോണ്‍ഗ്രസിനെ നയിക്കാനെത്തി.
നാല് തവണ നിയമസഭയിലേക്ക് മത്സരിച്ചപ്പോള്‍ രണ്ട് തവണ ജയിച്ചു. ഒരിക്കല്‍ മന്ത്രി സ്ഥാനത്തേക്കും പരിഗണിച്ചു. പക്ഷെ അവസാന നിമിഷം പാര്‍ട്ടിയിലെ യുവ നേതാവിന് വേണ്ടി അതും തട്ടിത്തെറിച്ചുപോയി. പകരം മൂന്ന് തവണയായുള്ള രാജ്യസഭാ അംഗത്വമാണ് കോണ്‍ഗ്രസ് തെന്നലയ്ക്ക നല്‍കിയത്. ഇതിന് പുറമെ കോണ്‍ഗ്രസിലെ വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷനെ നയിച്ചതും തെന്നലയായിരുന്നു.
Content Highlights: Discover the life and legacy of Tennala Bal Krishna Pillai
Published: 06 Jun 2025, 12:18 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented