താനൂര്‍/ മുംബൈ:  ആശങ്കയുടെ 36 മണിക്കൂറുകള്‍ക്കൊടുവില്‍ ആശ്വാസവാര്‍ത്തയെത്തി. താനൂരില്‍നിന്ന് കാണാതായ പ്ലസ് ടു വിദ്യാര്‍ഥികളെ മഹാരാഷ്ട്രയിലെ ലോണാവാല സ്‌റ്റേഷനില്‍നിന്ന് കണ്ടെത്തി. മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് കേരള പോലീസും റെയില്‍വേ പോലീസും നടത്തിയ അന്വേഷണമാണ് പെണ്‍കുട്ടികളെ വേഗത്തില്‍ കണ്ടെത്താന്‍ സഹായിച്ചത്. നിലവില്‍ റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലുള്ള പെണ്‍കുട്ടികളുടെ അടുത്തേക്ക് താനൂര്‍ പോലീസ് ഇന്ന് തന്നെ എത്തും. 

To advertise here,

രാവിലെ നെടുമ്പാശ്ശേരിയില്‍നിന്ന് മുംബൈയിലേക്ക് വിമാനം കയറിയ താനൂരില്‍നിന്നുള്ള പോലീസ് സംഘം എട്ടു മണിയോടെ മുംബൈയിലെത്തും. തുടര്‍ന്ന് പുനെയിലേക്ക് യാത്ര തിരിക്കും. അവിടെവച്ച്‌ ആര്‍.പി.എഫ്. ഇവരെ പോലീസിന് കൈമാറും. കുട്ടികളുടെ മാനസികാരോഗ്യം പരിഗണിച്ച് അവര്‍ക്ക് കൗണ്‍സലിങ് നല്‍കും. തിരിച്ചുവന്നാലുള്ള അവസ്ഥ ഓര്‍ത്തുള്ള പേടി അവര്‍ പോലീസുമായി പങ്കുവെച്ചിരുന്നു. 

സോഷ്യല്‍ മീഡിയ വഴി പെണ്‍കുട്ടികള്‍ പരിചയപ്പെട്ട എടവണ്ണ സ്വദേശി റഹീം അസ്‌ലമിനെ പോലീസ് കണ്ടെത്തിയതും പിന്തുടർന്നതുമാണ് പെൺകുട്ടികളെ കണ്ടെത്തുന്നതിൽ നിർണായകമായത്. ഇവരുടെ രണ്ടു പേരുടേയും ഫോണിലേക്ക് അവസാനമായി വിളിച്ചത് റഹീമാണ്. ഇയാളുടെ വീട്ടിലെത്തി പോലീസ് വിവരങ്ങള്‍ അന്വേഷിച്ചു. രണ്ടുപേരേയും പരിചയപ്പെട്ടത് സോഷ്യല്‍ മീഡിയ വഴിയാണെന്നും യാത്ര ചെയ്യാന്‍ താത്പര്യമുണ്ടെന്ന് ഇരുവരും തന്നോട് പറഞ്ഞുവെന്നും റഹീം അറിയിച്ചു. കോഴിക്കോട്ടുനിന്ന് ഇവര്‍ക്കൊപ്പം ചേര്‍ന്ന റഹീം മുംബൈയിലേക്ക് കൂടെ പോയി. അവിടെനിന്ന് രണ്ടു പേരെയും പന്‍വേലില്‍ മലയാളി യുവതി നടത്തുന്ന ബ്യൂട്ടി പാര്‍ലറില്‍ എത്തിച്ചുവെന്നും റഹീം പോലീസിനോട് പറഞ്ഞു. പോലീസിന്റെ അന്വേഷണപരിധിയില്‍തന്നെ റഹീം അസ്‌ലമുണ്ടായത് പെണ്‍കുട്ടികളിലേക്ക് എത്തുന്നത് വേഗത്തിലാക്കി. 

ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടികളെ കേരള പോലീസ് കൈമാറിയ ഫോട്ടോയില്‍നിന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞത്. താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടു പേരെയും ബുധനാഴ്ച്ച 11 മണിയോടെയാണ് കാണാതായത്. റഹീമിനൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പോലീസിന് വിവരം ലഭിച്ചത്.

വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലറിലെത്തിയത്. മാസ്‌ക് ധരിച്ചിരുന്നു. സുഹൃത്തിന്റെ വിവാഹത്തിനായാണ് മുംബൈയിൽ എത്തിയതെന്നാണ് പെണ്‍കുട്ടികള്‍ ബ്യൂട്ടി പാര്‍ലര്‍ ഉടമയോട് പറഞ്ഞത്. സുഹൃത്ത് കൂട്ടാന്‍ വരുമെന്നു പറഞ്ഞെങ്കിലും ഇയാള്‍ വരുന്നതിനുമുമ്പ് പെണ്‍കുട്ടികള്‍ പാര്‍ലറില്‍നിന്ന് പോകുകയായിരുന്നു. കുട്ടികള്‍ പാർലറിൽ എത്തിയ വിവരം മഹാരാഷ്ട്ര പോലീസിനും മലയാളി സമാജത്തിനും കേരള പോലീസ് കൈമാറിയിരുന്നു. പോലീസും സമാജം പ്രവര്‍ത്തകരും എത്തിയപ്പോഴേക്കും പെണ്‍കുട്ടികള്‍ രക്ഷപ്പെടുകയായിരുന്നു. അതിനുശേഷമാണ് ചെന്നൈ-എഗ്മോര്‍ എക്സ്പ്രസില്‍ കയറിയത്.