
കമ്പം: മിഷന്‍ അരിക്കൊമ്പനുമായി തമിഴ്‌നാട് വനംവകുപ്പ് മുന്നോട്ട്. മുതുമലയില്‍ നിന്നുള്ള പ്രത്യേക സംഘം ദൗത്യത്തിന് നേതൃത്വം നല്‍കും. ആനപിടിത്തത്തില്‍ വൈദഗ്ധ്യം നേടിയ ആദിവാസികളും ടീമിലുണ്ട്.
ഷെണ്‍മുഖ നദീതീരത്തുള്ള ഡാമിന് സമീപത്തുള്ള വനമേഖലയിലേക്ക് അരിക്കൊമ്പന്‍ കയറിപ്പോയെന്നാണ് ഏറ്റവും ഒടുവിലെ വിവരം. തമിഴ്‌നാട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ആ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. അരിക്കൊമ്പനെ കണ്ടെത്താനുള്ള ശ്രമം അവര്‍ തുടരുന്നു. ജനവാസമേഖലയില്‍ കാട്ടാനയെത്തിയാല്‍ പിടികൂടാനുള്ള നടപടികളുമായാണ് തമിഴ്‌നാട് വനംവകുപ്പിന്റെ ദൗത്യസംഘം മുന്നോട്ട് പോകുന്നത്.
ആനയെ പിടികൂടന്നതില്‍ വൈദഗ്ധ്യമുള്ള സംഘമാണ് മുതുമലയില്‍നിന്നെത്തിയത്. വെറ്റിനറി ഓഫീസര്‍ ഡോ. രാജേഷാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്. ആദിവാസികളടക്കമുള്ള സംഘം ആനയെ കണ്ടെത്താന്‍ കാട്ടിനകത്തേക്ക് പോയിട്ടുണ്ട്. ആനയെ ഉള്‍കാട്ടിലേക്ക് കയറ്റുന്നതിനാണ് പ്രഥമ പരിഗണന.
ആന സ്വമേധയാ കാട്ടിലേക്ക് കയറിപ്പോകുമോയെന്ന് നിരീക്ഷിക്കും. ഇതുണ്ടായില്ലെങ്കില്‍ മാത്രമേ പിടികൂടുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയുള്ളൂ. ജനവാസമേഖലയിലേക്കോ കൃഷിയിടങ്ങളിലേക്കോ എത്താതിരിക്കാനുള്ള നിരീക്ഷണം വനംവകുപ്പ് തുടരുന്നുണ്ട്. ജനവാസമേഖലയില്‍ എത്തിയാല്‍ മയക്കുവെടി വെക്കുന്നതടക്കമുള്ള നടപടികളിലേക്ക് നീങ്ങും. ഇതിനുള്ള തയ്യാറെടുപ്പും തമിഴ്‌നാട് വനംവകുപ്പ് നടത്തിയിട്ടുണ്ട്. ഉള്‍ക്കാട്ടിലേക്ക് കയറുകയാണെങ്കില്‍ മയക്കുവെടി വെക്കില്ല.
ശനിയാഴ്ച കമ്പത്ത് ഇറങ്ങിയ ആനയുടെ മുന്നില്‍പ്പെട്ട ബാല്‍ രാജ് എന്നയാളുടെ മരണം ചൊവ്വാഴ്ച രാവിലെ സ്ഥിരീകരിച്ചിരുന്നു. വാഹനത്തില്‍നിന്ന് നിലത്തുവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബാല്‍ രാജ് ചികിത്സയിലായിരുന്നു. കമ്പം ആശുപത്രിയില്‍ പ്രവേശിപ്പിച്ച ബാല്‍ രാജ് തേനി മെഡിക്കല്‍ കോളേജില്‍ വെച്ചാണ് മരണപ്പെടുന്നത്. മെഡിക്കല്‍ കോളേജില്‍ ശരിയായ ചികിത്സ ലഭിക്കാത്തതാണ് മരണകാരണമെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിട്ടുണ്ട്.
Content Highlights: tamil nadu forest department mission arikkomban Cumbum team from muthumala adivasi tribes
Published: 30 May 2023, 02:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented