പ്രിയപ്പെട്ട സൂര്യ കൃഷ്ണമൂർത്തിയുടെ വേർപാട് അതീവ സങ്കടകരം. കുറച്ചു നാളുകളായി ആരോഗ്യം മോശമായിരുന്നു. എങ്കിലും മൃത്യുവിന് കീഴടക്കാൻമാത്രം ദുർബലമായെന്നു കരുതിയില്ല. ഫോണിന്റെ അങ്ങേത്തലയ്ക്കൽ ഉയരുന്ന തെളിമയാർന്ന ആ ശബ്ദം ഇത്രയും പെട്ടെന്ന് നിലയ്ക്കുമെന്ന് ആരറിഞ്ഞു?

To advertise here,

1989 മുതലാണ് കൃഷ്ണമൂർത്തിയുമായി എനിക്ക് അടുപ്പം. തിരുവനന്തപുരത്തിന്റെ കലാഹൃദയമായിരുന്നു സൂര്യയും സൂര്യയിൽനിന്ന് വേർപെടുത്താനാവാത്ത കൃഷ്ണമൂർത്തിയും. തലസ്ഥാന നഗരത്തെ ഇന്ത്യൻ കലാപാരമ്പര്യവുമായി കണ്ണിചേർത്ത വലിയ കലാകാരൻ. എത്രയെത്ര പ്രശസ്ത നർത്തകിമാരെയും ഗായകരെയും ഉപകരണവാദകരെയുമാണ് മൂർത്തി കേരളത്തിന്‌ പരിചയപ്പെടുത്തിയത്! വി.എസ്.എസ്.സി.യിലെ എൻജിനിയറായിരുന്നെങ്കിലും കലയായിരുന്നു, അദ്ദേഹത്തിന്റെ ലോകം. സൂര്യ ഫെസ്റ്റിവലുകൾ എത്ര കൃത്യതയോടെയാണ് അരങ്ങേറുക! അതിവൈകാരികതകളും നിർബന്ധങ്ങളും ഒക്കെ ബഹുമാനിച്ചുകൊണ്ട് കലാകാരരെയും കലാകാരികളെയും എങ്ങനെയാണ് സമീപിക്കേണ്ടതെന്നും അവരുടെ സർഗാത്മക ഇടം എങ്ങനെ സൃഷ്ടിച്ചു കൊടുക്കണമെന്നും മൂർത്തിക്കു നല്ല നിശ്ചയമുണ്ടായിരുന്നു. അവരോടൊക്കെ ദീർഘകാല ബന്ധം നിലനിർത്തി. എല്ലാ കലാകാരരെയും തന്റെ വിശാലകുടുംബാംഗങ്ങളായിമാത്രം കണ്ടു. അവരുടെ സുഖദുഃഖങ്ങളിൽ പങ്കാളിയായി. അരങ്ങിന്റെ വെളിച്ചത്തിൽനിന്ന് അകന്നു പോയ, സമൂഹം അതിന്റെ തിരക്കിൽ മറന്നുപോയ ഇന്നലത്തെ ഗായകരെയും അഭിനേതാക്കളെയുമൊക്കെ ഓർത്തെടുത്തു സഹായിക്കാനും ആദരിക്കാനും ഇത്രയേറെ ശ്രദ്ധപുലർത്തിയ മറ്റൊരാളെ എനിക്കറിഞ്ഞുകൂടാ.

സൂര്യയിലൂടെ പുതിയ പ്രതിഭകൾക്ക് മൂർത്തി നൽകിയ പ്രോത്സാഹനം ഇപ്പോൾ പ്രശസ്തരായിക്കഴിഞ്ഞ അനേകം പേരുടെ ജീവിതകഥയുടെ ഭാഗമാണ്. തൈക്കാടുള്ള സ്വന്തം ഭവനത്തിനോടുചേർന്ന സ്ഥലത്തു ഗണേശം എന്ന തിയേറ്റർ പണിത് യഥേഷ്ടം കലാപരിപാടികൾ നടത്താൻ മൂർത്തി കാണിച്ച ഔത്സുക്യവും ഹൃദയ വിശാലതയും അത്യപൂർവം. ഗണേശം സങ്കല്പിച്ച് സാക്ഷാത്കരിച്ചതിനുമാത്രം ഈ നഗരം മൂർത്തിയോട് കടപ്പെട്ടിരിക്കുന്നു. അവിടെ ചിത്രകാരർക്കും ചലച്ചിത്രകാരർക്കും പ്രഭാഷകർക്കും നാടകക്കാർക്കും ഗായകർക്കും നർത്തകർക്കും യഥേഷ്ടം അവസരം നൽകി. കലയ്ക്കുവേണ്ടിമാത്രം നിസ്വാർഥമായി ജീവിച്ച മറ്റൊരാളെ കാണാനേ കഴിയില്ല. എങ്കിലും അരങ്ങിന്റെ പിന്നിൽ നിൽക്കാനായിരുന്നു കൃഷ്ണമൂർത്തിക്ക് എന്നും താത്‌പര്യം.

നല്ല സിനിമയുടെ സാധകനും പ്രചാരകനുമായിരുന്നു കൃഷ്ണമൂർത്തി. സത്യജിത് റായ് ആദ്യമായി തിരുവനന്തപുരത്ത് വരുന്നത് സൂര്യയുടെ ക്ഷണം സ്വീകരിച്ചാണ്. മറ്റു പല പ്രമുഖരുടെയും തിരുവനന്തപുരത്തെ ആദ്യത്തെ ആതിഥേയൻ കൃഷ്ണമൂർത്തിയായിരുന്നു.

അതിലോലമായിരുന്നു സൂര്യ കൃഷ്ണ മൂർത്തിയുടെ മനസ്സ്. ഗാഢമായി സ്നേഹിക്കും; പരിഭവിക്കും; ചിലപ്പോൾ പിണങ്ങും, പിണങ്ങിയതിനെക്കാൾ വേഗത്തിൽ ഇണങ്ങും. ആ മനസ്സ് പെട്ടെന്ന് മുറിപ്പെടും. തന്റെ സ്മരണകൾക്ക് ‘മുറിപ്പാടുകൾ’ എന്ന് പേരിട്ടത് തികച്ചും സത്യസന്ധമായിട്ടായിരുന്നു. പല പ്രശസ്തർക്കും ആതിഥേയത്വം നൽകിയ സൂര്യകൃഷ്ണമൂർത്തി ഇതാ മൃത്യുവിന്റെ ക്ഷണം സ്വീകരിച്ച് വിട പറഞ്ഞിരിക്കുന്നു.

കർമംകൊണ്ട് ജന്മം ധന്യമാക്കിയ പ്രിയമിത്രമേ, ഞങ്ങൾ അനുഭവിക്കുന്ന ശൂന്യത വാക്കുകളിൽ പകരാൻ കഴിയില്ല. അരങ്ങിന്റെ പശ്ചാത്തലമായ ആ പരിചിതനീലിമ മനസ്സിന്റെ മൗനശൂന്യതപോലെ. നീലത്തിരശ്ശീലയിൽ തെളിയുന്ന, തൊപ്പിയോടെമാത്രം കണ്ടിട്ടുള്ള ആ പരിചിതമുഖം ഒരിക്കലും മായുകയില്ല. കർമംകൊണ്ട് ധന്യമായ ജീവിതത്തിന്, മരണം ഒടുക്കമല്ല, അനശ്വരതയുടെ തുടക്കം മാത്രം. എങ്കിലും, I will miss you.