ഗുരുവായൂര്‍ കേശവനെയും അരിക്കൊമ്പനെയുമൊന്നും മറന്നുകാണില്ലല്ലോ.. ഇന്ന് ലോക ആനദിനമാണ്, ആനകളുടെ ഇടം നാടല്ല, കാടാണ്. ആനകള്‍ മനുഷ്യരെപ്പോലെ തന്നെ സാമൂഹിക ജീവികളാണ്. അവര്‍ കൂട്ടമായി ജീവിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യും. നാട്ടില്‍ ഉറ്റവരും ഉടയവരും കൂട്ടുകാരും പങ്കാളിയും കുട്ടികളും ആയി ജീവിക്കുന്ന മനുഷ്യര്‍ ഒരേ ഒരു ദിവസം കാട്ടില്‍ ഒറ്റപ്പെട്ടു പോയാല്‍ ഉണ്ടാവുന്ന മാനസികാവസ്ഥ നമുക്ക് ഊഹിക്കാന്‍ സാധിക്കും. ആനകളും സമാന രീതിയില്‍ കൂട്ടമായി കാട്ടില്‍ ജീവിക്കുന്ന ജീവിയാണ്. അവര്‍ നാട്ടിലെത്തുമ്പോള്‍ നാട്ടാനകളായി ജീവിക്കേണ്ടി വരുമ്പോള്‍ അതവര്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും വലിയ ഒറ്റപ്പെടലിനും മാനസിക സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നു.
ആനകള്‍ ദിവസം 20 മണിക്കൂറോളമെടുത്ത് പത്തിലധികം മരങ്ങളുടെ ഇലകള്‍ കാട് മുഴുവന്‍ നടന്ന് കഴിക്കുന്ന ജീവിയാണ്. ഇലകള്‍, പുല്ല്, പഴങ്ങള്‍, വേരുകള്‍ എന്നിവയാണ് ആനകളുടെ പ്രധാന ഭക്ഷണം. കാട്ടിലാണെങ്കില്‍ ആനകള്‍ ഇരുപത് മണിക്കൂറോളം തീറ്റയെടുക്കാറുണ്ട്. അതുപോലെ നാട്ടിലും അവയ്ക്ക് ആവശ്യത്തിന് തീറ്റ നല്‍കണം. തെങ്ങിന്റെ ഓലയും പനമ്പട്ടയും ആണ് സാധാരണ നല്‍കാറുള്ളത്. തീറ്റ പരിമിതപ്പെടുത്തുന്നതും ദീര്‍ഘനേരം ആഹാരം കൊടുക്കാതെയിരിക്കുന്നതും ആനകള്‍ക്ക് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
ആനയുടെ ഇഷ്ടമനുസരിച്ച് വെള്ളം കൊടുക്കുവാന്‍ ശ്രദ്ധിക്കണം. ഏകദേശം 250 ലിറ്ററിലധികം വെള്ളം പ്രായപൂര്‍ത്തിയായ ആനയ്ക്ക് ആവശ്യമുണ്ട്. കുടിക്കുവാനായി കൊടുക്കുന്ന വെള്ളത്തിന്റെ ശുചിത്വം ഉറപ്പുവരുത്തേണ്ടതും പ്രധാനമാണ്. ആനകള്‍ കിലോമീറ്ററുകള്‍ നടക്കുന്ന ഒരു ജീവിയായതുകൊണ്ട് ഒരു സ്ഥലത്തു തന്നെ തളച്ചിടുന്നത് പല ആരോഗ്യപ്രശ്നങ്ങളുമുണ്ടാക്കും. ഉത്സവസമയങ്ങളില്‍ ഒരു സ്ഥലത്ത് തന്നെ നിര്‍ത്തുവാന്‍ ശ്രമിക്കുന്നത് ആനകള്‍ക്ക് ഇഷ്ടക്കേടുണ്ടാക്കും.
കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തില്‍ വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ആനകള്‍ക്കുള്ളത്. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടാനകള്‍ നിരവധി പ്രശ്നങ്ങളും വെല്ലുവിളികളും നേരിടുന്നു. കാട്ടാനകളില്‍ നിന്ന് വ്യത്യസ്തമായി നാട്ടാനകള്‍ മനുഷ്യരുടെ നിയന്ത്രണത്തിലാണ് ജീവിക്കുന്നത്. കാട്ടാനകള്‍ കിലോമീറ്ററുകളോളം ഓരോ ദിവസവും നടന്ന് മണിക്കൂറുകള്‍ ചിലവഴിച്ച് ഭക്ഷണം കഴിക്കുമ്പോള്‍ നാട്ടാനകള്‍ പരിമിതമായ സ്ഥലത്ത് ജീവിക്കേണ്ടി വരുന്നു. അവര്‍ക്ക് മനുഷ്യര്‍ നല്‍കുന്ന ഭക്ഷണം മാത്രമേ ലഭിക്കൂ . ഉത്സവങ്ങളിലും ആഘോഷങ്ങളിലും ആനകളെ ഉപയോഗിക്കുമ്പോള്‍ അതവര്‍ക്ക് വളരെ ക്രൂരമായ അനുഭവമാണ്. വലിയ ശബ്ദങ്ങള്‍ ആനകള്‍ക്ക് അസഹനീയമാണ്. വിയര്‍പ്പ് ഗ്രന്ഥികള്‍ കുറവുള്ള ആനകള്‍ക്ക് അധികം ചൂടും സഹിക്കാനാകില്ല.പക്ഷെ താറിട്ട റോഡില്‍ പൊള്ളുന്ന വെയിലില്‍, ഭയക്കുന്ന തീയുടെ സാന്നിധ്യത്തില്‍, വലിയ വാദ്യ മേളങ്ങളുടെ നടുവില്‍ നില്‍ക്കേണ്ടി വരുന്ന നാട്ടാനകളുടെ ദുര്‍വിധി എന്നാണു നമ്മള്‍ തിരിച്ചറിയുക.
സുപ്രീംകോടതി നിര്‍ദേശപ്രകാരം കഴിഞ്ഞവര്‍ഷം സംസ്ഥാനങ്ങളിലെ നാട്ടാനകളുടെ കണക്കെടുത്തിരുന്നു. അന്നത്തെ സര്‍വേ റിപ്പോര്‍ട്ട് പ്രകാരം 521 നാട്ടാനകള്‍ ഉണ്ടായിരുന്ന കേരളത്തില്‍ ഇനി അവശേഷിക്കുന്നത് 433 എണ്ണം മാത്രമാണ്. 2022 ഒക്ടോബറിനകം ആ വര്‍ഷം മാത്രം ചരിഞ്ഞത് 16 നാട്ടാനകള്‍ ആണ്. ആനകള്‍ സ്വാഭാവികമായി ചരിയുന്നത് പഴയ കണക്ക് പ്രകാരം 60-62 വയസിലായിരുന്നെങ്കില്‍ ഇപ്പോള്‍ 33-34 വയസിലാണ്. ഇത് വളരെ ഖേദകരമായ വസ്തുതയാണ്.
ആനയ്ക്ക് കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ നല്‍കുന്നതുവഴി ആനയ്ക്ക് ഇരണ്ടക്കെട്ട് വരികയും, മറ്റ് അസുഖങ്ങള്‍ വരികയും പതിവ് കാഴ്ചയാണ്. ഇത്തരത്തില്‍ അസുഖ ബാധിതരായ നാട്ടാനകള്‍ക്ക് ലഭിക്കുന്ന തെറ്റായ ചികിത്സയും പലപ്പോഴും അവയുടെ ആരോഗ്യം ക്ഷയിക്കാന്‍ കാരണമാകുന്നു. ഇതിനോടൊപ്പം ഒറ്റപ്പെടലും ഭയവും മാനസിക സംഘര്‍ഷങ്ങളും കൂടിയാ കുമ്പോഴാണ് നാട്ടാനകള്‍ ചെറിയ പ്രായത്തില്‍ തന്നെ ചരിഞ്ഞു വീഴുന്നത്.
ആനയുടെ സവിശേഷതകളറിഞ്ഞുകൊണ്ട് ചെയ്യുന്ന പരിപാലനരീതികള്‍ അവയ്ക്ക് കൂടുതല്‍ സുഖം നല്‍കുകയും അവയുടെ ജീവിത രീതിയ്ക്കനുയോജ്യമായ പരിപാലനരീതികള്‍ സ്വീകരിച്ചാല്‍ ആനകള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കുവാനും ആനയിടഞ്ഞുണ്ടാകുന്ന അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുവാനും കഴിയും.
ആനകള്‍ കൂട്ടംകൂടി നടക്കുവാന്‍ താത്പര്യപ്പെടുന്ന വന്യജീവിയാണ്. അതുകൊണ്ടുതന്നെ അവയെ ഒറ്റയ്ക്ക് ദീര്‍ഘനാള്‍ കെട്ടിയിടുന്നത് ആശാസ്വമല്ല. വിവേകബുദ്ധിയുള്ള മനുഷ്യന്‍ ആന ഒരു വന്യമൃഗമാണ് എന്നറിഞ്ഞുകൊണ്ട് കൈകാര്യം ചെയ്താല്‍ ഒട്ടുമിക്ക അനിഷ്ട സംഭവങ്ങളും ഒഴിവാക്കാം. ആനകള്‍ക്ക് നില്‍ക്കുന്നതിനെ അപേക്ഷിച്ച് കിടക്കുമ്പോള്‍ ഹൃദയമിടിപ്പ് കൂടുതലായതിനാല്‍ അവയ്ക്ക് ദീര്‍ഘനേരം നില്‍ക്കുന്നതാണ് ആയാസരഹിതം. ആരോഗ്യമുള്ള ആന ഏകദേശം രണ്ട് മണിക്കൂറോളം സുഖമായി ഉറങ്ങാറുണ്ട്. ദീര്‍ഘ ദൂരം യാത്ര ചെയ്യാറുള്ള ആനകള്‍ നിന്നും ഉറങ്ങാറുണ്ട്. കിടന്നിട്ട് എഴുന്നേല്‍ക്കുവാനുള്ള ബുദ്ധിമുട്ട് ആനയുടെ മോശമായ ആരോഗ്യത്തിന്റെ ലക്ഷണമാണ്.
നല്ല ശ്രവണശക്തിയുള്ള മൃഗമാണ് ആന. മനുഷ്യന് കേള്‍ക്കാന്‍ പറ്റാത്ത ഇന്‍ഫ്രാസോണിക് തരംഗങ്ങള്‍ വഴി ആനകള്‍ക്ക് അന്യോന്യം ആശയവിനിമയം നടത്തുവാന്‍ കഴിയും. ഉച്ചത്തിലുള്ള ശബ്ദങ്ങളും, തീക്ഷ്ണമായ പ്രകാശവും, തീയും ആനകള്‍ക്ക് അസഹനീയമാണ്. ഇവ ഉപയോഗിച്ച് കാട്ടാനകളെ ഓടിക്കുവാന്‍ സാധിക്കും. നാട്ടിലെ ആനകള്‍ ഇവ പരിചയിച്ചിട്ടുള്ളതിനാല്‍ ഇത്തരത്തില്‍ പിന്തിരിപ്പിക്കുവാന്‍ സാധ്യമല്ല. എങ്കിലും നാട്ടാനകള്‍ക്കും ഇവയെല്ലാം അസഹനീയം തന്നെയാണ്. അതിനാല്‍ എഴുന്നള്ളിപ്പ് സമയങ്ങളില്‍ വളരെ സമീപത്തുള്ള ശബ്ദങ്ങളും, തീയും, വെളിച്ചവും അവയെ പ്രകോപിതരാക്കുവാന്‍ സാധ്യതയുണ്ട്.
ആനയ്ക്ക് പൊതുവേ കാഴ്ചശക്തി കുറവാണ്. ആനയുടെ വളരെ സമീപത്തുള്ള കാര്യങ്ങള്‍ ഒരു കണ്ണുകൊണ്ടുമാത്രമേ കാണുവാന്‍ സാധിക്കുന്നുള്ളൂ എന്നതിനാല്‍ അവയ്ക്ക് അടുത്തുനില്‍ക്കുന്ന വസ്തുക്കളുടെ ദൂരം കൃത്യമായി നിര്‍വചിക്കുവാന്‍ സാധിക്കുന്നില്ല. ഇതുവഴി ആനയുടെ ആക്രമണങ്ങളില്‍നിന്നും രക്ഷപ്പെടുവാന്‍ വളരെ അടുത്തുനില്‍ക്കുന്നവര്‍ക്ക് സാധിക്കാറുണ്ട്. രാത്രികാലങ്ങളില്‍ ഇരുണ്ട വെളിച്ചത്തില്‍ കാഴ്ചശക്തി വീണ്ടും വളരെ കുറയുന്നു. ഇത് മനസ്സിലാക്കി വെളിച്ചം നല്‍കുകയോ നിയന്ത്രിക്കുകയോ ചെയ്ത് ആനയുടെ ശ്രദ്ധ തിരിക്കാന്‍ സാധിക്കും.
ആനയ്ക്ക് നല്ല ഘ്രാണശക്തിയുണ്ട്. ആയതിനാല്‍ മണം പിടിച്ച് ആരാണ് അടുത്തുള്ളത് എന്ന് ആനയ്ക്ക് നിര്‍ണയിക്കാന്‍ കഴിയും. ഇതിന് തുമ്പിക്കൈയും അണ്ണാക്കിലെ പ്രത്യേക ഭാഗവും ഉപയോഗപ്പെടുത്തുന്നു. ആനകളുടെ ശരീര ഊഷ്മാവ് മനുഷ്യരുടേതിനേക്കാള്‍ ഏകദേശം 2 എ കുറവാണ്. കൂടാതെ അവയ്ക്ക് വിയര്‍പ്പു ഗ്രന്ഥികള്‍ വളരെ കുറവാണ്.
ചെവിയാട്ടുന്നത് വഴിയും മലമൂത്രവിസര്‍ജനം നടത്തുന്നതുവഴിയും ശരീരത്തില്‍ ചെളിയും മണ്ണും വാരിയിട്ടുമാണ് അവ ശരീര ഊഷ്മാവ് കുറയ്ക്കുന്നത്. അതുകൊണ്ടുതന്നെ നാട്ടാനകള്‍ക്ക് കുളി അത്യന്താപേക്ഷിതമാണ്. അവയെ കെട്ടിയിടുമ്പോഴും വഴി നടത്തുമ്പോഴും തണലുള്ള ഭാഗങ്ങളാണ് തിരഞ്ഞെടുക്കേണ്ടത്
ആനകളുടെ കാലിലെ എല്ലുകളുടെ പ്രത്യേകതകള്‍ കൊണ്ട് ചാടുവാന്‍ സാധ്യമല്ല. മേല്‍ചുണ്ടും മൂക്കും ചേര്‍ന്ന ഇവയുടെ നീളമുള്ള തുമ്പിക്കൈയില്‍ 40000 ത്തോളം പേശികളുണ്ട് അതിനാല്‍ വളരെ ദൂരെയുള്ള വസ്തുക്കള്‍ വരെ എത്തിപ്പിടിക്കുവാന്‍ അവയ്ക്ക് കഴിയുന്നു. മനുഷ്യരെ അപേക്ഷിച്ച് വെള്ളത്തില്‍ അവയ്ക്ക് കൂടുതല്‍ മെയ്‌വഴക്കം സാധ്യമാണ്. ഈ പ്രത്യേകതകളറിഞ്ഞുവേണം ഇത്തരം സ്ഥലങ്ങളില്‍ ആനയോട് അടുത്ത് ഇടപെടുന്നവര്‍ പെരുമാറേണ്ടത്.
പ്രായപൂര്‍ത്തിയായ ആണാനകള്‍ക്ക് ഇണയെ കണ്ടെത്തി ജീവിക്കാനുള്ള കാലമെത്തുമ്പോള്‍ മദപ്പാടുണ്ടാകും. ആണാനകള്‍ ഇണയെ കണ്ടെത്തുന്നത് അവരുടെ ശരീരത്തില്‍ നിന്നുണ്ടാകുന്ന ഗന്ധം വഴിയാണ്. ഗന്ധത്തില്‍ ആകൃഷ്ടരായ പിടിയാന ആണാനയോട് അടുക്കും. ഈ നേരങ്ങളില്‍ ആണാനകള്‍ ഒറ്റയാന്‍മാരായി നടക്കും. കൂട്ടത്തില്‍ ഉള്ള മറ്റ് ആണാനകള്‍ ആ നേരത്ത് അകലം പാലിക്കും. പ്രകൃതി ഒരുക്കുന്ന ഇണ ചേരലിനുള്ള കാലം മുഴുവന്‍ ചങ്ങലയില്‍ കഴിയേണ്ടി വരുന്ന നാട്ടിലെ ആണാനകള്‍ക്ക് ആ നേരത്ത് ഏറ്റവും ദേഷ്യമുണ്ടാകുന്നത് പാപ്പാന്മാരോടാണ്. മദപ്പാട് നേരങ്ങളില്‍ ആണാന കളില്‍ നിന്ന് പാപ്പന്മാര്‍ അകലം പാലിക്കും. മനുഷ്യരുടെ വിരഹ ദുഃഖം വര്‍ണിക്കുന്ന നിരവധി കൃതികളുണ്ട് മലയാളത്തില്‍ എന്നിട്ടും ആനയുടെ വിരഹം മലയാളിക്ക് മനസിലാക്കാതെ പോകുന്നത് കഷ്ടമാണ്.
ഓരോ നാട്ടാനയ്ക്കും കണ്ണീരിന്റെ ഒരായിരം കഥകള്‍ പറയാനുണ്ടാകും കാട്ടാനകള്‍ ആകട്ടെ നിലനില്‍പിനായുള്ള പെടാപ്പാടിലാണ്. കാട്ടാനകളുടെ ശരീരം പെല്ലറ്റുകള്‍ കൊണ്ടും പടക്കവും തീപ്പന്തവുമെറിഞ്ഞുള്ള പൊള്ളിയ പാടുകള്‍ കൊണ്ടും കാണപ്പെടുന്നെങ്കില്‍ നാട്ടാനകളുടെ ശരീരം തെറ്റാലി ഉപയോഗിച്ചും ചങ്ങലയ്ക്കിട്ടും മുറിഞ്ഞിരിക്കുന്നു. തിന്നാന്‍ വേണ്ടി കൊല്ലുന്ന മൃഗ നീതി, രസിക്കാന്‍ വേണ്ടി ദ്രോഹിക്കുന്ന മനുഷ്യരോളം ക്രൂരമാണോ? വെറും കാഴ്ച വസ്തുവല്ല ഒരു ജീവനും, പ്രൗഢിയുടെ അടയാളവുമല്ല.
ഓരോ ജീവനും അതിനര്‍ഹമായ വിലയുണ്ട്. കാട്ടാന നാട്ടിലിറങ്ങി നാശനഷ്ടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അതിനെ മയക്കു വെടിവെച്ച് വീഴ്ത്താനും, കാട്ടിലേക്ക് ഓടിക്കാനും, സര്‍ക്കാരുകളും പോലീസും സൈന്യവും മാധ്യമങ്ങളും ജനവും ഒന്നിച്ചു നില്‍ക്കാറുണ്ട്, പക്ഷെ കാട്ടിലെ ആനകളെ നാട്ടിലെത്തിച്ചു വലിയ പീഡനങ്ങള്‍ നല്‍കി മെരുക്കിയെടുത്ത് നാട്ടാനയ്ക്കുമ്പോള്‍ കൂട്ടമായി പ്രതികരിക്കാനും സമരം ചെയ്യാനും മനുഷ്യന് നേരെ ഒരു മയക്കു വെടി വെക്കാനും അവര്‍ക്ക് കഴിയാതെ പോകുന്നുത് ഇനിയും നമ്മള്‍ ചൂഷണം ചെയ്യരുത്.
Content Highlights: world elephant day
Published: 12 Aug 2024, 04:02 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented