തമിഴ്നാട് സേലം കള്ളകുർച്ചിയിലെ 71-കാരനായ സുബ്രഹ്മണ്യവും 60-കാരിയായ ഭാര്യ പശ്ചിമയും 10 വർഷമായി തളിപ്പറമ്പിലുണ്ട്.

തളിപ്പറമ്പ്: ‘‘എന്റെ ബാഗും പണവും ഇതിനകത്തുണ്ട് സാർ, അതെടുത്തുതരണം...’’ പൊട്ടിക്കരഞ്ഞുകൊണ്ട് തമിഴിൽ സുബ്രഹ്മണ്യം പോലീസുകാരോട് പറഞ്ഞു. തളിപ്പറമ്പിൽ വ്യാപാരസമുച്ചയം കത്തിയമർന്ന കെട്ടിടത്തിന് ചുറ്റും പോലീസ് കയർവലിച്ചുകെട്ടിയുണ്ടാക്കിയ ഗ്രീൻനെറ്റ് മറനീക്കി കയറിനിടയിലൂടെ ഊന്നുവടിയിൽ താങ്ങിയാണ് സുബ്രഹ്മണ്യം ഉള്ളിലേക്ക് ഊർന്നുകടന്നത്. ഓടിയെത്തിയ പോലീസുകാർക്ക് മുൻപിൽ ഭിക്ഷാടകനായ വയോധികൻ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ‘‘സാർ, ഞാനും ഭാര്യയും ഈ കെട്ടിടത്തിലെ കടവരാന്തയിലാണ് അന്തിയുറങ്ങുന്നത്. എന്റെ ബാഗും പണവും ഇതിനകത്തുണ്ട്.’’
തമിഴ്നാട് സേലം കള്ളകുർച്ചിയിലെ 71-കാരനായ സുബ്രഹ്മണ്യവും 60-കാരിയായ ഭാര്യ പശ്ചിമയും 10 വർഷമായി തളിപ്പറമ്പിലുണ്ട്. പരിസരപ്രദേശങ്ങളിലും ബസ് സ്റ്റാൻഡിലും ഭിക്ഷാടനം നടത്തിയാണ് ഇവർ ജീവിക്കുന്നത്. ആറുമാസത്തിലൊരിക്കൽ നാട്ടിലേക്ക് പോകും. അവിടെ മക്കളും കൊച്ചുമക്കളുമുണ്ട്.
വ്യാഴാഴ്ച വൈകീട്ട് െമാബൈൽകട അടച്ചതോടെ ദമ്പതിമാർ കൈയിലുണ്ടായിരുന്ന ബാഗും തുണികളും കടവരാന്തയിൽ വെച്ചശേഷം ഭക്ഷണം കഴിക്കാനായി തൊട്ടടുത്തുള്ള ഹോട്ടലിലേക്ക് കയറി. തിരിച്ചുവന്നപ്പോഴാണ് കെട്ടിടത്തിൽ തീ പടർന്നുപിടിച്ചത്. വെള്ളിയാഴ്ച രാവിലെ െമാബൈൽകടയുടെ അരികിൽവെച്ച ബാഗെടുക്കാനാണ് സുബ്രഹ്മണ്യം എത്തിയത്. പാതി കരിഞ്ഞ നോട്ടുകൾ പുറത്തെടുക്കുമ്പോൾ അയാൾ പൊട്ടിക്കരയുന്നുണ്ടായിരുന്നു. 200, 100, 50, 20, 10 രൂപയുടെ നോട്ടുകളാണ് കരിഞ്ഞത്. രണ്ട് പ്ലാസ്റ്റിക് ഡബ്ബകളിലായി സൂക്ഷിച്ച നാണയംസുരക്ഷിതമായിരുന്നു. ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ വികൃതമായി.
പാതികത്തിയ നോട്ടുകളുമായി കരഞ്ഞുകൊണ്ട് കെട്ടിടത്തിന്റെ പുറത്തിറങ്ങിയ സുബ്രഹ്മണ്യം റോഡരികിൽ കാത്തിരുന്ന ഭാര്യയോട് കാര്യങ്ങൾ പറഞ്ഞതോടെ ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞു. വെള്ളിയാഴ്ച നാട്ടിലേക്ക് പോകാനിരിക്കുകയാണെന്നും കൊച്ചുമക്കൾക്കായി കരുതിവെച്ച 5000 രൂപയാണ് കത്തിതീർന്നതെന്നും പശ്ചിമ വിളിച്ചുപറയുന്നുണ്ടായിരുന്നു.
Content Highlights: Beggar's Plea Amidst Thalipparamba Blaze: Seeking Lost Savings from Devastated Complex
Published: 11 Oct 2025, 12:26 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented