തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ ശസ്ത്രക്രിയാ ഉപകരണങ്ങളുടെ പോരായ്മ ചൂണ്ടിക്കാട്ടി ഫെയ്​സ്ബുക്ക് പോസ്റ്റിൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിശദീകരണം. ഡോ. ഹാരിസ് ചിറക്കലിനെതിരേ നടപടി ഉണ്ടാകുമെന്നും അദ്ദേഹത്തിൽ നിന്ന് വിശദീകരണം തേടുമെന്നും ഡി. എം. ഇ ഡോ.വിശ്വനാഥൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

To advertise here,

ഡോ. ഹാരിസ് ആരോപിച്ചതിന് വിപരീതമായി കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നാല് ശസ്ത്രക്രിയകൾ നടത്തിയിരുന്നുവെന്നും അതിൽ ഒരെണ്ണം മാത്രമാണ് മുടങ്ങിയതെന്നും ഡി.എം.ഇ വിശദീകരിച്ചു. എന്നാൽ, അത് ഉപകരണത്തിന്റെ തകരാർ കാരണമാണെന്നും മറ്റ് വകുപ്പ് മേധാവികൾക്കൊന്നും ഇത്തരത്തിൽ ഒരു പരാതിയില്ലെന്നും വിഷയം ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടെന്നും ഡി. എം.ഇ. പറഞ്ഞു.

പ്രിൻസിപ്പലും താനും ഡോ. ഹാരിസുമായി ബന്ധപ്പെടാൻ നിരന്തരം ശ്രമിക്കുന്നുണ്ടെന്നും എന്നാൽ അദ്ദേഹത്തെ ഫോണിൽ ലഭ്യമല്ലെന്നും ഡോ. വിശ്വനാഥൻ കൂട്ടിച്ചേർത്തു. സംവിധാനത്തെ മനഃപൂർവ്വം നാണം കെടുത്താൻ വേണ്ടിയാണ് അദ്ദേഹം പോസ്റ്റിട്ടത് എന്നേ ഇക്കാര്യത്തിൽ പറയാൻ പറ്റൂ. പ്രവർത്തനം തീരുന്ന മുറയ്ക്കാണ് ഉപകരണങ്ങൾ വാങ്ങിക്കൊടുക്കുന്നത്. അദ്ദേഹത്തിന്റെ കൈയിലുള്ള ഉപകരണങ്ങൾ തീർന്നാൽ മാത്രമേ പുതിയത് നൽകാൻ സാധിക്കൂ എന്നും ഡി.എം.ഇ കൂട്ടിച്ചേർത്തു. വിഷയം ആരോഗ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും അന്വേഷണവുമായി മുന്നോട്ടുപോകണമന്നാണ് മന്ത്രി പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്നായിരുന്നു ഡോ. ഹാരിസ് ചിറക്കൽ ഫെയ്​സ്ബുക്കിൽ പോസ്റ്റിട്ടത്. പാവപ്പെട്ട രോഗികള്‍ക്ക് മുന്നില്‍ നിസ്സഹായനായി നില്‍ക്കുന്ന താന്‍ ജോലി രാജിവെക്കുന്ന കാര്യം ആലോചിക്കുന്നാതായും അദ്ദേഹം കുറിപ്പിൽ പറഞ്ഞു. എന്നാൽ പിന്നീട് പോസ്റ്റ് അദ്ദേഹം പിൻവലിച്ചു. പോസ്റ്റ് പിൻവലിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് എഫ്.ബിയിൽ പുതിയ കുറിപ്പും പങ്കുവെച്ചു.