തിരുവനന്തപുരം: കാര്‍ഷിക നിയമങ്ങളെ എതിര്‍ത്തവര്‍ കര്‍ഷകരെ കഴുത്തുഞെരിച്ച് കൊന്നിരിക്കുകയാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച ദിവസം അടിയന്തരാവസ്ഥപോലെ ചരിത്രത്തില്‍ കുറിക്കപ്പെട്ട കിരാതദിനമാണെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വെള്ളായണിയില്‍ പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'കാര്‍ഷിക നിയമങ്ങളെല്ലാം തച്ചുടച്ച മഹാന്മാരൊക്കെ എവിടെയാണ്. പൈനാപ്പിളും തിന്ന് റോഡില്‍ കിടന്നാല്‍ മതിയോ? ഉപഭോക്തൃസമൂഹം കര്‍ഷകരെ ദൈവമായി കാണുന്നുണ്ടെങ്കില്‍, കാര്‍ഷിക നിയമങ്ങള്‍ തച്ചുടയ്ക്കുക വഴി നിങ്ങള്‍ ആ കര്‍ഷകരെ കഴുത്തുഞെരിച്ച് കൊന്നിരിക്കുകയാണ്. ചോദ്യംചെയ്യാന്‍ ആരെങ്കിലുമുണ്ടെങ്കില്‍ വരൂ, പക്ഷേ കാര്‍ഷിക നിയമങ്ങള്‍ എന്താണെന്ന് ആഴത്തില്‍ പഠിച്ചിട്ട് വരണം', സുരേഷ് ഗോപി വെല്ലുവിളിച്ചു.

'കാര്‍ഷിക നിയമങ്ങളെല്ലാം തച്ചുടച്ചതിന് ശേഷം കര്‍ഷകരെല്ലാം ഇപ്പോള്‍ സന്തുഷ്ടരാണോ? ആര്‍ക്കെങ്കിലും അതിനേക്കാള്‍ മെച്ചപ്പെട്ട നടപ്പുജീവിത സംസ്‌കാരമോ സംവിധാനമോ ഒരുക്കിക്കൊടുക്കാന്‍ സാധിച്ചോ? എന്ന് മൂന്ന് നിയമങ്ങള്‍ തച്ചുടച്ചോ, അത് അടിയന്തരാവസ്ഥ പോലെ ചരിത്രത്തില്‍ കുറിക്കപ്പെട്ടിരിക്കുന്ന കിരാതദിനമാണ്. വ്യക്തമായ ധാരണയോടെയാണ് പറയുന്നത്', അദ്ദേഹം അവകാശപ്പെട്ടു.

ഗ്രാമം ദത്തെടുക്കുന്ന പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എത്ര എം.പിമാര്‍ അത് അവംലംബിച്ചുവെന്ന് അദ്ദേഹം ചോദിച്ചു. ഏതൊക്കെ ഗ്രാമങ്ങള്‍ ആരൊക്കെ ദത്തെടുത്തു?  ജനങ്ങള്‍ക്കുവേണ്ടിയാവണം ജയിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ടൂറിസത്തില്‍ നവസംവിധാനങ്ങള്‍ ഒരുങ്ങിവരണം. വര്‍ക്കലയും കോവളവും മാത്രമല്ല, മുഴുപ്പിലങ്ങാട് ബീച്ചും പൊന്തിവരണം. ബേക്കല്‍ കേരളത്തെ സംബന്ധിച്ച് തിലകക്കുറിയാണ്. പക്ഷേ, അതിനെ എത്രമാത്രം ടൂറിസം പ്ലാറ്റ്‌ഫോമില്‍ ഉയര്‍ത്തിക്കാണിക്കാന്‍ സാധിച്ചു? പുതിയ ടൂറിസം ലൊക്കേഷനുകള്‍ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയില്ലാതെ അത് നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.