
കോഴിക്കോട്: പൂരം അലങ്കോലപ്പെട്ട ദിവസം പൂരനഗരിയില്‍ ആംബുലന്‍സില്‍ വന്നിട്ടില്ലെന്ന് പ്രസ്താവന നടത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വിനയായി ബി.ജെ.പി. തൃശ്ശൂര്‍ ജില്ലാ അധ്യക്ഷന്റെ വാക്കുകള്‍. സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സില്‍ പൂരനഗരിയില്‍ കൊണ്ടുവന്നുവെന്ന് ജില്ലാ അധ്യക്ഷന്‍ കെ.കെ. അനീഷ് കുമാര്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്‍കേന്ദ്രമന്ത്രി വി. മുരളീധരന്റെ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അനീഷ് കുമാര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
വി. മുരളീധരനോടായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ആംബുലന്‍സില്‍ എത്തിയതില്‍ അത്ഭുതമൊന്നുമില്ലല്ലോ എന്ന് പറഞ്ഞ ശേഷം മുരളീധരന്‍ അക്കാര്യത്തിലെ വിശദീകരണം തൃശ്ശൂര്‍ ബി.ജെ.പി. അധ്യക്ഷന് വിട്ടുകൊടുത്തു. പിന്നാലെ സംസാരിച്ച അനീഷ് കുമാര്‍ തൃശ്ശൂര്‍ റൗണ്ടുവരെ മറ്റൊരു വാഹനത്തില്‍ വന്ന സുരേഷ് ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സില്‍ പൂരനഗരിയില്‍ എത്തിച്ചുവെന്ന് അവകാശപ്പെട്ടു. അത് തങ്ങളുടെ മിടുക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തേയും അനീഷ് കുമാര്‍ ഇക്കാര്യം മാധ്യമങ്ങള്‍ക്കുമുന്നില്‍ പറഞ്ഞിരുന്നു. സുരേഷ് ഗോപിയെ ഏതുവിധേനയും സ്ഥലത്തെത്തിക്കുക എന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവിധ മാര്‍ഗവും പ്രയോഗിച്ചിട്ടുണ്ടെന്നും. അതിന്റെ ഭാഗമായാണ് സേവാഭാരതിയുടെ ആംബുലന്‍സില്‍ എത്തിച്ചതെന്നും രണ്ടാഴ്ച മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ അനീഷ് കുമാര്‍ വ്യക്തമാക്കി.
ചേലക്കരയിലെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനെ സാക്ഷിയാക്കിയാണ് ആംബുലന്‍സില്‍ പൂരനഗരിയില്‍ പോയിട്ടില്ലെന്ന് സുരേഷ് ഗോപി അവകാശപ്പെട്ടത്. 'സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല', എന്നായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. സാധാരണകാറിലാണ് എത്തിയത് എന്ന് പറഞ്ഞ അദ്ദേഹം, ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് പോയതെന്നും കൂട്ടിച്ചേര്‍ത്തു. ആംബുലന്‍സില്‍ തന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സി.ബി.ഐ. വരണമെന്നും അദ്ദേഹം പറഞ്ഞു.
സുരേഷ് ഗോപി ആംബുലന്‍സില്‍ പൂരനഗരിയില്‍ എത്തുന്നതിന്റെ ദൃശ്യം നേരത്തെ പുറത്തുവന്നിരുന്നു. കടുത്ത നിയന്ത്രണങ്ങളെത്തുടര്‍ന്ന് സ്വരാജ് റൗണ്ടിലേക്ക് വാഹനങ്ങള്‍ കടത്തിവിട്ടിരുന്നില്ല. തുടര്‍ന്നാണ് സുരേഷ് ഗോപിയെ പൂരനഗരിയില്‍ സേവാഭാരതിയുടെ ആംബുലന്‍സില്‍ എത്തിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
സുരേഷ് ഗോപിയുടെ വാക്കുകള്‍:
പൂരം കലക്കല്‍ നിങ്ങള്‍ക്കിത് ബൂമറാങ്ങാണ്. സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ ഞാനവിടെ പോയിട്ടില്ല. സാധാരണ കാറിലാണ് എത്തിയത്. ജില്ലാ അധ്യക്ഷന്റെ സ്വകാര്യ വാഹനത്തിലാണ് അവിടെ എത്തിയത്. ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊക്കെ വ്യക്തമാക്കണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അത് അന്വേഷിച്ചറിയണമെങ്കില്‍ സിബിഐ വരണം. നേരിടാന്‍ ഞാന്‍ തയ്യാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്തണം.
വി. മുരളീധരന്റെ വാര്‍ത്താസമ്മേളനത്തില്‍ അനീഷ് കുമാറിന്റെ വാക്കുകള്‍:
സുരേഷ് ഗോപി ഒരു കാരണവശാലും അവിടെ വരാന്‍ പാടില്ല, ചര്‍ച്ച നടത്താന്‍ പാടില്ല, പൂരം തടസ്സപ്പെടാതെ മുന്നോട്ടുകൊണ്ടുപോകാന്‍ പാടില്ല, എന്നൊരു അജന്‍ഡ പോലീസിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം അവിടെ വരുന്നത് തടയാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. ആ തടസ്സങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ടാണ് സേവാഭാരതിയുടെ ആംബുലന്‍സില്‍ അദ്ദേഹത്തെ അവിടെ കൊണ്ടുവന്നത്. റൗണ്ടുവരെ അദ്ദേഹത്തെ മറ്റൊരു വാഹനത്തിലാണ് കൊണ്ടുവന്നത്. അവിടെനിന്ന് കടത്തിവിടാതെ പോലീസ് പരമാവധി തടസ്സപ്പെടുത്തി. ഏത് മാര്‍ഗം ഉപയോഗിച്ചും സുരേഷ് ഗോപിയെ അവിടെ കൊണ്ടുവരുക എന്നത് ഞങ്ങളുടെ തീരുമാനമാണ്, മിടുക്കാണ്. അവരവിടെ പൂരം കലക്കണമെന്ന് തീരുമാനിച്ചു. ഞങ്ങളവിടെ പൂരം നടത്തണമെന്ന് തീരുമാനിച്ചു.
രണ്ടാഴ്ച മുമ്പ് മാധ്യമങ്ങളെ കണ്ടപ്പോള്‍ അനീഷ് കുമാര്‍ പറഞ്ഞത്:
തൃശ്ശൂര്‍ പൂരം ഏതുവിധേനയും അലങ്കോലപ്പെടുത്തുക എന്നതായിരുന്നു ഇടതുപക്ഷത്തിന്റെ ലക്ഷ്യം. സുരേഷ് ഗോപിയുടെ സമയോചിതമായ ഇടപെടല്‍ മൂലം അത് പൂര്‍ണ്ണമായും നടപ്പിലാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. തൃശ്ശൂര്‍ പൂരം നടക്കരുത്, അത് അലങ്കോലപ്പെടുത്തണം എന്നായിരുന്നു അവരുടെ സുചിന്തിതമായ തീരുമാനം. തിരുവമ്പാടിയുടെ പൂരം തടസ്സപ്പെട്ടതുമുതല്‍ കളക്ടറേയും സുനില്‍കുമാറിനേയും രാജനേയും നിരവധി തവണ തിരുവമ്പാടിയുടെ ആളുകള്‍ ബന്ധപ്പെട്ടു. പ്രശ്‌നം പരിഹരിക്കാന്‍ വേണ്ടിയാണിത്. പൂരം ഉപേക്ഷിക്കുന്നതില്‍നിന്ന് പിന്തിരിയാന്‍ വേണ്ടി ഒരുപാട് സമയം ഇടതുപക്ഷനേതാക്കളേയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരേയും നിരന്തരം ബന്ധപ്പെട്ടു. ആ സമയമത്രയും തിരുവമ്പാടിയുടെ ആളുകള്‍ ബന്ധപ്പെട്ടിട്ടും അവര്‍ ആ സ്ഥലത്ത് വരാനോ പ്രശ്‌നം പരിഹരിക്കാനോ തയ്യാറായില്ല. പൂരം അലങ്കോലപ്പെടുക എന്നതായിരുന്നു അവരുടെ ഉദ്ദേശം. പൂരം ഒരു നിലയ്ക്കും അലങ്കോലപ്പെടരുത്, തുടര്‍ന്ന് നടത്തണം എന്നതായിരുന്നു ബിജെപിയുടെ തീരുമാനം. തിരുവമ്പാടിയുടേയും ബന്ധപ്പെട്ട ആളുകളുമായി ചര്‍ച്ച നടത്തി, ഏതുവിധേനയും സുരേഷ് ഗോപിയെ സ്ഥലത്തെത്തിക്കുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. അദ്ദേഹത്തെ അവിടെ കൊണ്ടുവരാന്‍ എല്ലാവിധ മാര്‍ഗവും ഞങ്ങള്‍ പ്രയോഗിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് സേവാഭാരതിയുടെ ആംബലന്‍സില്‍ അദ്ദേഹത്തെ അവിടെ കൊണ്ടുവന്നത്. ഏത് മാര്‍ഗം ഉപയോഗിച്ചാണെങ്കിലും അദ്ദേഹത്തെ ഞങ്ങളവിടെ കൊണ്ടുവരും. ആ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിയെ ആംബുലന്‍സില്‍ കൊണ്ടുവന്നത്. ഹൈലിക്കോപ്റ്ററില്‍ ഇറങ്ങിയിട്ടേ അദ്ദേഹത്തെ അവിടെ കൊണ്ടുവരാന്‍ സാധിക്കൂവെങ്കില്‍ സുരേഷ് ഗോപിയെ ഹെലികോപ്റ്ററില്‍ കൊണ്ടുവന്നിരിക്കും. അത് ഞങ്ങളുടെ തീരുമാനമാണ്. അതില്‍ ഒരു മാറ്റവുമില്ല.
Content Highlights: Adv KK Aneesh Kumar, Thrissur BJP District President about Suresh Gopi comes in Ambulance
Published: 28 Oct 2024, 08:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented