കൊല്ലം:ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചതിനു പിന്നാലെ നടക്കുന്ന ബി.ജെ.പി. സംസ്ഥാന പുനഃസംഘടനയിൽ നിലവിലെ ജനറൽ സെക്രട്ടറിമാരെ മാറ്റില്ലെന്ന് സൂചന. എം.ടി. രമേശ്, ശോഭാ സുരേന്ദ്രൻ, എസ്. സുരേഷ്, അനൂപ് ആന്റണി എന്നിവർ ജനറൽ സെക്രട്ടറിമാരായി തുടരും. ശോഭാ സുരേന്ദ്രനെ മഹിളാമോർച്ച ദേശീയ ഭാരവാഹിയാക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇത് നടക്കാത്തതിനാൽ ശോഭയെ ഒഴിവാക്കാൻ സാധ്യതയില്ല. ജനറൽ സെക്രട്ടറിമാരെ നിലനിർത്തിയുള്ള പുനഃസംഘടന മതിയെന്ന നിർദേശം ദേശീയ നേതൃത്വം നൽകിയതായി പറയുന്നുണ്ടെങ്കിലും സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് നിർണായകമാണ്.

To advertise here,

നിലവിലെ ഭാരവാഹികളിൽ ചിലരെ പോഷകസംഘടനകളുടെ സംസ്ഥാന പ്രസിഡന്റുമാരായി മാറ്റും. കരട് പട്ടിക തയ്യാറായിട്ടുണ്ടെന്നാണ് വിവരം. ദേശീയ നേതൃത്വത്തിന്റെ അനുമതിവാങ്ങി ആർ.എസ്.എസ്. സംസ്ഥാന നേതൃത്വവുമായി ചർച്ചനടത്തിയ ശേഷമാകും പ്രഖ്യാപനം. യുവമോർച്ച, മഹിളാമോർച്ച, ന്യൂനപക്ഷമോർച്ച, പട്ടികജാതി മോർച്ച എന്നിവയുടെ തലപ്പത്ത് മാറ്റം വരും. തിരുവനന്തപുരം നോർത്ത്, പത്തനംതിട്ട, ആലപ്പുഴ നോർത്ത്, എറണാകുളം, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ്, കോഴിക്കോട് റൂറൽ എന്നീജില്ലകളിൽ പ്രസിഡന്റുമാരെ മാറ്റിയേക്കും. നൂറിലേറെ മണ്ഡലം പ്രസിഡന്റുമാരെ മാറ്റും.

കെ. സുരേന്ദ്രൻ ദേശീയ സെക്രട്ടറിയായതിനാൽ, പുനഃസംഘടനയിൽ വി. മുരളീധരൻ-കെ. സുരേന്ദ്രൻ പക്ഷത്തുനിന്ന് കൂടുതൽ നേതാക്കളെ ഉൾപ്പെടുത്താൻ സാധ്യതയില്ല. മുരളീധരനും സുരേന്ദ്രനും പുറമേ സി. കൃഷ്ണകുമാർ, പി. സുധീർ എന്നിവരാണ് ആ പക്ഷത്തുനിന്നുള്ള കോർ കമ്മിറ്റി അംഗങ്ങൾ. കോർ കമ്മിറ്റിയിലെ മേധാവിത്വം രാജീവ് ചന്ദ്രശേഖർ നിലനിർത്തുമെന്ന് ഉറപ്പാണ്. ജില്ലാ, സംസ്ഥാന ഘടകങ്ങൾക്ക് ഇടയിലുള്ള മേഖലാ കമ്മിറ്റികളുടെ എണ്ണം ആറായി ഉയർത്തുകയും പുതിയ പ്രഭാരിമാരെ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. രാജീവ് ചന്ദ്രശേഖറിനൊപ്പം നിൽക്കുന്ന അനൂപ് ആന്റണി, കെ. സോമൻ, ഷോൺ ജോർജ്, വി. ഉണ്ണിക്കൃഷ്ണൻ തുടങ്ങിയവരെ പ്രഭാരിമാരാക്കിയത് പുനഃസംഘടനയുടെ 'സാമ്പിളാ'യാണ് കണക്കാക്കുന്നത്. പുനഃസംഘടനയിൽ പുറത്താകുന്ന നേതാക്കളെ മേഖലാ കമ്മിറ്റികളുടെ ഭാരവാഹികൾക്കുമെന്നാണ് സൂചന. ഒഴിവാക്കപ്പെടുന്ന ജില്ലാ പ്രസിഡന്റുമാരെ മറ്റുള്ള ജില്ലകളുടെ പ്രഭാരിമാരായി നിയമിക്കുമെന്നാണ് വിവരം.