കോഴിക്കോട്: ബഹിരാകാശത്തുനിന്ന് നോക്കുമ്പോൾ നമ്മളെല്ലാം താമസിക്കുന്ന ഒരിടം മാത്രമേ കാണുകയുള്ളൂ എന്നും അവിടെ രാജ്യങ്ങളുടെ അതിർവരമ്പുകളില്ലെന്നും നാസയിലെ ബഹിരാകാശസഞ്ചാരിയായ ഇന്ത്യൻ വംശജ സുനിത വില്യംസ്. ജനുവരി 22 വ്യാഴാഴ്ച കോഴിക്കോട് സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അവർ. വേദിയിലെത്തിയ സുനിത വില്യംസിനെ കരഘോഷങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്.

To advertise here,

"യഥാർഥത്തിൽ, അവിടെനിന്നുള്ള കാഴ്ച എന്റെ മനസ്സിൽ പതിഞ്ഞുകിടപ്പുണ്ട്. അവിടെനിന്ന് നോക്കുമ്പോൾ നിങ്ങൾ രാജ്യങ്ങളെ കാണില്ല; മറിച്ച് നമ്മൾ എല്ലാവരും താമസിക്കുന്ന ഒരൊറ്റ ഇടമേ കാണൂ. മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും സമുദ്രത്തിലെ മത്സ്യങ്ങളും എല്ലാം ഉള്ള ഇടം. നമ്മൾ ശ്വസിക്കുന്ന വായു ഒന്നാണ്, കുടിക്കുന്ന വെള്ളവും ഒന്നാണ്.

നമ്മളെല്ലാവരും ഒരൊറ്റ ഗ്രഹത്തിൽ ഒരുമിച്ചാണ് കഴിയുന്നത്. മനുഷ്യർ എന്തിനാണ് കലഹിക്കുന്നതെന്നും പരസ്പരം എതിർക്കുന്നതെന്നും ആലോചിക്കുമ്പോൾ പ്രയാസമാണ്. നമ്മൾ ഈ ഭൂമിയിൽ സഹവർത്തിത്വത്തോടെ കഴിയേണ്ടവരാണ്," സുനിത വില്യംസ് പറഞ്ഞു.

ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ പരീക്ഷണ ദൗത്യത്തിൽ ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും സംഘവും പേടകത്തിന്റെ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന്  മാസങ്ങളോളം നിലയത്തിൽ കുടുങ്ങിയിരുന്നു. ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരിയെന്ന നിലയിൽ സുനിത വില്യംസ് ഇക്കാലയളവിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. 

നിങ്ങൾ സുരക്ഷിതയായി ലാൻഡ് ചെയ്യാൻ പ്രാർത്ഥിച്ചവരാണ് ഇവിടെയുള്ളവർ എന്ന് നടൻ പ്രകാശ് രാജ് വേദിയിൽ സംസാരിക്കവെ സുനിത വില്യംസിനോട് പറഞ്ഞു. പക്ഷെ നേരെ ഇവിടെ തന്നെ വന്നിറങ്ങുമെന്ന് ഒട്ടും കരുതിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കേരള ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും സുനിത വില്യംസും ചേർന്ന് ഭദ്രദീപം തെളിയിച്ച് കെ.എൽ.എഫ്. ഉദ്ഘാടനകർമം നിർവഹിച്ചു. ചലച്ചിത്രതാരങ്ങളായ പ്രകാശ് രാജ്, ഭാവന, സാഹിത്യകാരന്മാരായ സച്ചിദാനന്ദൻ, എം. മുകുന്ദൻ, ദിവ്യ എസ്. അയ്യർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.