
ജി. സുകുമാരൻ നായർ | ഫോട്ടോ - ജി. ശിവപ്രസാദ് / മാതൃഭൂമി
തിരുവനന്തപുരം: സാമുദായിക ഐക്യം വേണമെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ പിന്തുണച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ. അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് സുകുമാരൻ നായർ പ്രതികരിച്ചു. സാമുദായിക കൂട്ടായ്മ അനിവാര്യമാണെന്നും ഭിന്നിച്ചുനിൽക്കുന്നത് കാലഘട്ടത്തിന് എതിരെന്നുമാണ് നേരത്തേ വെള്ളാപ്പള്ളി പറഞ്ഞത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുകുമാരൻ നായർ.
കാലഘട്ടത്തിന്റെ ആവശ്യമാണ്. എൻഎസ്എസ്സുമായി സഹകരിച്ചുപോകണമെന്ന് എസ്എൻഡിപി ആഗ്രഹിക്കുന്നുണ്ട്. എൻഎസ്എസ്സിനും അതിന് താത്പര്യമുണ്ട്. കാരണം ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് മനസിലാക്കുന്നു. എൻഎസ്എസ് നേതൃത്വം അനുകൂലമായി തീരുമാനമെടുക്കുമെന്നാണ് വിശ്വാസം. - സുകുമാരൻ നായർ പറഞ്ഞു.
ഒരു രാഷ്ട്രീയപാർട്ടിയുടെയും പിന്തുണ ഈ ഐക്യത്തിന് പിന്നിലില്ല. ഒരു മാധ്യമം പറഞ്ഞു, രമേശ് ചെന്നിത്തല ആണ് ഇതിന്റെ പിന്നിലെന്ന്. രമേശ് ചെന്നിത്തല ഇവിടെ കയറിയിട്ട് എത്ര നാളായി. അവരുടെയൊന്നും ആവശ്യമില്ല. എല്ലാ രാഷ്ട്രീയപാർട്ടികളോടും സമദൂരമാണ്. ഒരു പാർട്ടിക്കുവേണ്ടിയും പ്രവർത്തിക്കില്ല. അവരുടെ കയ്യിലിരിപ്പ് കൊണ്ട് ചിലപ്പോൾ തിരിച്ചടിയാകും. സതീശനെ കോൺഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ നയപരമായ വിഷയങ്ങൾ അഭിമുഖീകരിക്കാൻ സതീശന് എന്ത് അവകാശമാണുള്ളതെന്നും സുകുമാരൻ നായർ ചോദിച്ചു. കെപിസിസി പ്രസിഡന്റിനെ നോക്കുകുത്തിയാക്കി എല്ലാ അഭിപ്രായവും പറയുന്നു. അദ്ദേഹമല്ലെ ശത്രുക്കളെ ഉണ്ടാക്കുന്നത്. ഇവിടെ വന്ന് വോട്ട് ചോദിച്ചശേഷം സമുദായങ്ങളുടെ തിണ്ണ നിരങ്ങരുതെന്ന് പറയാൻ സതീശന് യോഗ്യതയില്ല.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാൽ ഞങ്ങൾക്കെന്ത് കിട്ടാനാ. അവരാരും യോഗ്യരല്ല. വരാൻ പോകുന്നത് കണ്ടോ. - സുകുമാരൻ നായർ പറഞ്ഞു. കോൺഗ്രസ്, ഭരണത്തിൽ വരില്ലെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് ഇത്തരത്തിലാണ് കയ്യിലിരിപ്പെങ്കിൽ അവർ അനുഭവിക്കുമെന്നും സുകുമാരൻ നായർ പറഞ്ഞു.
എൻഎസ്എസ്സുമായി ഐക്യം വേണമെന്നും നേതൃത്വവുമായി മുമ്പുണ്ടായിരുന്ന അകൽച്ച ഇപ്പോൾ ഇല്ലെന്നും നേരത്തേ വെള്ളാപ്പള്ളി വ്യക്തമാക്കിയിരുന്നു. ജി. സുകുമാരൻ നായർക്ക് അസുഖമായിരുന്നപ്പോൾ താൻ അദ്ദേഹത്തെ വിളിച്ച് ക്ഷേമാന്വേഷണം നടത്തിയിരുന്നുവെന്നും പഴയ രീതിയിലുള്ള ഒരു അകൽച്ച ഇപ്പോൾ ഇരു വിഭാഗങ്ങൾക്കിടയിലും നിലനിൽക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. എൻഎസ്എസും എസ്എൻഡിപിയും ഒന്നിച്ചുനിൽക്കണമെന്നും അതിനായി പെരുന്നയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻഎസ്എസിനെയും എസ്എൻഡിപിയെയും തമ്മിൽ തല്ലിച്ചത് യുഡിഎഫ് ആണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.
Content Highlights: sukumaran nair on sndp vellapally natesans response
Published: 18 Jan 2026, 12:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented