
തൃശ്ശൂർ: പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ രൂപസാദൃശ്യമുണ്ടെന്ന തരത്തിൽ പ്രചരിക്കുന്നത് തന്റെ അമ്മാവന്റെ പാസ്പോർട്ടും വിവരങ്ങളുമെന്ന് തൃശ്ശൂർ സ്വദേശി. തൃശ്ശൂർ വടക്കാഞ്ചേരിക്കടുത്ത് കരുമത്ര സ്വദേശിയായ ഗോപിനാഥൻറേതാണ് വെളിപ്പെടുത്തൽ. ദാമോദര മേനോൻ എന്ന തന്റെ അമ്മാവൻ ബ്രൂണെയിൽത്തന്നെയുണ്ട്. കുറച്ചു ദിവസങ്ങൾക്കുമുൻപ് അദ്ദേഹവുമായി സംസാരിച്ചിരുന്നു. എന്നാൽ, അദ്ദേഹത്തെ നേരിട്ട് കണ്ടിട്ട് വർഷങ്ങളായി. നിലവിൽ അദ്ദേഹത്തിന് കുറച്ച് അസുഖങ്ങളൊക്കെയുണ്ട്. കുറുപ്പ് എന്ന തരത്തിലുള്ള പ്രചാരണം തെറ്റാണെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
ദാമോദര മേനോനെ 24 വർഷമായി നേരിൽ കണ്ടിട്ടില്ല. ഇടയ്ക്ക് വാട്സാപ്പിലും ഫോണിലുമൊക്കെയായി ബന്ധപ്പെടും. ഒരു മാസംമുൻപ് വിളിച്ചിരുന്നു. അസുഖമാണെന്നും കിടക്കുകയാണെന്നും പറഞ്ഞു. നാട്ടിലേക്ക് വരാനാവശ്യപ്പെട്ടപ്പോൾ ബിസിനസ് സംബന്ധമായ കുറച്ച് പ്രശ്നങ്ങളുണ്ടെന്നു പറഞ്ഞു. അതുമായി ബന്ധപ്പെട്ട കേസ് തീരുന്ന മുറയ്ക്ക് നാട്ടിലേക്ക് വരാമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. അതായിരുന്നു അവസാനത്തെ സംസാരമെന്നും അദ്ദേഹം പറഞ്ഞു.
അമ്മാവനെ വീഡിയോ കോളിലല്ലാതെ കണ്ടിട്ടില്ല. തന്റെ വിവാഹം കഴിഞ്ഞിട്ട് 23 വർഷമായി. ഈ കാലയളവിലൊന്നും അദ്ദേഹം നാട്ടിൽ വന്നിട്ടില്ല. 2000-ത്തിൽ നാട്ടിൽ വന്നിരുന്നെന്ന് പറഞ്ഞുകേട്ടിട്ടുണ്ടെന്നും ഗോപിനാഥൻ പറഞ്ഞു. ഗോപിനാഥന്റെ ഭാര്യയുടെ അമ്മയുടെ സഹോദരനാണ് കുറുപ്പെന്ന പേരിൽ പ്രചരിക്കുന്ന ഈ ദാമോദര മേനോനെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.
ദാമോദര മേനോന്റെ ഭാര്യയും മക്കളും മലേഷ്യയിലാണെങ്കിലും വർഷങ്ങളായി അദ്ദേഹം അവരിൽനിന്ന് പിരിഞ്ഞാണ് താമസിക്കുന്നത്. അതേസമയം, അദ്ദേഹത്തിന്റെ തറവാടും സഹോദരിയും ഇപ്പോഴും കരുമത്രയിലുണ്ട്. സുകുമാരക്കുറുപ്പുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെ ദാമോദര മേനോന്റെ ഫോൺ ഓഫാണെന്ന തരത്തിൽ പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹത്തെ ഫോണിൽ വിളിച്ചപ്പോൾ ബെല്ലടിക്കുന്നുണ്ടായിരുന്നെന്നും അദ്ദേഹം ഇപ്പോഴും ഈ നമ്പർ ഉപയോഗിക്കുന്നുണ്ടെന്നും ഗോപിനാഥൻ പറഞ്ഞു. തെറ്റായ പ്രചാരണങ്ങൾ അവസാനിപ്പിച്ച് ഈ വിഷയത്തിൽ യഥാർഥ വസ്തുത പുറത്തു കൊണ്ടുവരണമെന്നാണ് ദാമോദര മേനോന്റെ കുടുംബത്തിന്റെ ആവശ്യം.
Content Highlights: Thrissur resident Gopinath denies rumors linking his uncle Damodara Menon to fugitive Sukumara Kurupp., Damodara Menon currently resides in Brunei and has not visited home for 24 years.
Published: 28 Aug 2026, 12:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented