കോഴിക്കോട് : യുവജനങ്ങൾക്കായി വിവാഹ രജിസ്‌ട്രേഷൻ ക്യാമ്പ്‌ നടത്തുന്നുവെന്ന അറിയിപ്പ് സാമൂഹിക മാധ്യമങ്ങളിലിടുമ്പോൾ കാരന്തൂർ ഹരഹര മഹാദേവക്ഷേത്രം ഭാരവാഹികൾ പ്രതീക്ഷിച്ചത് പരമാവധി ആയിരംപേരെ. പക്ഷേ, എത്തിയത് ഏഴായിരം പേർ.

To advertise here,

കരുതിയ 1,500 ഫോം ചൂടപ്പംപോലെ തീർന്നപ്പോൾ കമ്മിറ്റിക്കാർ അന്ധാളിച്ചു. ഫോമിന്റെ ഫോട്ടോകോപ്പി ഒപ്പിക്കാൻ നെട്ടോട്ടമോടി. ‌രജിസ്ട്രേഷനെത്തിയവരുടെ വരി ക്ഷേത്രവളപ്പും കഴിഞ്ഞ് ദേശീയപാതയിലെ രണ്ടു ബസ് സ്റ്റോപ്പുകൾതാണ്ടി. റോഡിൽ കൂട്ടത്തിരക്കായതോടെ നിയന്ത്രിക്കാൻ പോലീസെത്തി.

സൗജന്യ രജിസ്ട്രേഷൻക്യാമ്പിന്റെ നോട്ടീസ് രണ്ടാഴ്ച മുൻപാണ് പുറത്തുവിട്ടത്. വാട്സാപ്പ്, ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലൂടെ നോട്ടീസ് ജില്ലകൾകടന്ന് പറപറന്നു. വിദൂരജില്ലകളിൽനിന്നുപോലും ആളുകൾ ഞായറാഴ്ച പുലർച്ചെതന്നെ േക്ഷത്രത്തിലെത്തി. ഒൻപതുമണിക്കാണ് ക്യാന്പ് തുടങ്ങാനിരുന്നത്. ആൾത്തിരക്ക് കണക്കിലെടുത്ത് ഏഴുമുതൽ ഫോം കൊടുത്തുതുടങ്ങി.

കുന്ദമംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് ഒന്പതുമണിയോടെ ഉദ്ഘാടനത്തിനെത്തുമ്പോഴേക്കും ക്ഷേത്രപരിസരം ജനനിബിഡം. ഒരുമണിക്ക് അവസാനിപ്പിക്കാനിരുന്ന ക്യാന്പ് സന്ധ്യകഴിഞ്ഞും തുടരേണ്ടിവന്നു. രജിസ്റ്റർചെയ്യുന്നവരുെട പട്ടിക തയ്യാറാക്കി അപേക്ഷകർക്ക് കൈമാറാനാണ് ക്ഷേത്രഭാരവാഹികൾ ലക്ഷ്യമിട്ടിട്ടുള്ളത്.

അപേക്ഷകരിൽ 80 ശതമാനവും പുരുഷന്മാരാണ്. 30-നുമുകളിൽ പ്രായമുള്ള യുവാക്കളാണ് വധുവിനെത്തേടി കാത്തിരിക്കുന്നവരിൽ ഏറെയും.

സ്ത്രീ അപേക്ഷകരിൽ കൂടുതൽപ്പേരും രണ്ടാം വിവാഹം നോക്കുന്നവരും. ‘ഒരുപാടന്വേഷിച്ചു, ഒന്നും ശരിയായില്ല. മോന് യോജിച്ച പെൺകുട്ടിയെ ഇങ്ങനെയെങ്കിലും കണ്ടെത്താനായാലോയെന്നു കരുതിയാണ് മൂന്നുമണിക്കൂർ കാത്തുനിന്ന് അപേക്ഷ നൽകിയത്' - കുരുവട്ടൂർ സ്വദേശിനി പറഞ്ഞു.