
നെടുങ്കണ്ടം: മരത്തിൽനിന്ന് നിലത്തുവീണ് പരിക്കേറ്റ് ജീവനുവേണ്ടി പിടഞ്ഞ അണ്ണാനെ സി.പി.ആർ. നൽകി വനപാലകൻ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചു. കല്ലാർ സെക്ഷൻ ഓഫീസ് ബീറ്റ് ഫോറസ്റ്റ് ഓഫിസറായ പി.എസ്.നിഷാദാണ് അണ്ണാന് രക്ഷകനായത്. തിങ്കളാഴ്ചയായിരുന്നു സംഭവം. ചാട്ടം പിഴച്ച് പാറക്കല്ലിൽവീണ അണ്ണാനെ അയൽവാസിയായ വീട്ടമ്മയാണ് കണ്ടെത്തിയത്. ഉടൻതന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. ഞൊടിയിടയിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. അബോധാവസ്ഥയിലായിരുന്ന അണ്ണാനെ കൈയിലെടുത്ത് നിഷാദ് നെഞ്ചിൽ വിരലമർത്തി സി.പി.ആർ.കൊടുത്തു. ഒന്ന്... രണ്ട്...മൂന്ന്... നിമിഷങ്ങൾ കഴിഞ്ഞപ്പോൾ അണ്ണാൻ കണ്ണ് തുറന്നു.
ശരീരത്തിൽ ജീവന്റെ തുടിപ്പും ചൂടും. ചുറ്റും കൂടി നിന്നവരുടെ ചുണ്ടിൽ പുഞ്ചിരി. തുടർന്ന് അണ്ണാനെ തൊട്ടടുത്തുള്ള വനം വകുപ്പ് ഓഫീസിൽ എത്തിച്ച് പരിചരിച്ചു. മണിക്കൂറുകൾക്കുള്ളിൽ അണ്ണാൻ പഴയപോല ആക്റ്റീവ്. എങ്കിലും ആരോഗ്യസ്ഥിതി നിരീക്ഷിക്കാൻ അല്പസമയം കൂടി ‘ഒബ്‌സർവേഷനിൽ’. ചൊവ്വാഴ്ച രാവിലെ ആവാസ വ്യവസ്ഥയിൽ തുറന്നുവിട്ടു. മനുഷ്യനും വലിയ മൃഗങ്ങൾക്കും മാത്രമല്ല, ചെറുജീവികൾക്കും സി.പി.ആർ. നൽകി ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Content Highlights: Injured squirrel rescued after being given CPR
Published: 26 Feb 2025, 09:06 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented