പാലക്കാട്: ഒരുലിറ്റര്‍ സ്പിരിറ്റിന് കേരളത്തില്‍ 70 രൂപയോളം വിലയുണ്ട്. കരിഞ്ചന്തയിലാണെങ്കില്‍ ഇത് 250-350 രൂപയാവും. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ കേരളത്തില്‍ പിടികൂടിയത് 59,436 ലിറ്റര്‍ സ്പിരിറ്റാണ്. ഏകദേശം 39 ലക്ഷം രൂപയുടെ സ്പിരിറ്റ്. കരിഞ്ചന്തയിലെ കണക്കുപ്രകാരം ഇതിന് 1.48 കോടി രൂപയോളം വിലവരും. കോവിഡിനുശേഷം കഞ്ചാവുള്‍പ്പെടെയുള്ള ലഹരിവസ്തുക്കള്‍ക്ക് പുറമേ കേരളത്തിലേക്കുള്ള സ്പിരിറ്റിന്റെ ഒഴുക്കും കുറയുന്നില്ല. കള്ളില്‍ചേര്‍ക്കാനും സെക്കന്‍ഡ്‌സ് വിദേശമദ്യോത്പാദനത്തിനുമാണ് കേരളത്തിലേക്ക് പ്രധാനമായും സ്പിരിറ്റെത്തുന്നത്.

To advertise here,

2018-ല്‍ 3,500 ലിറ്ററും 2019-ല്‍ 15,200 ലിറ്ററും സ്പിരിറ്റാണ് എക്‌സൈസ് വകുപ്പ് പിടിച്ചതെങ്കില്‍, മദ്യലഭ്യത കുറഞ്ഞ കോവിഡുകാലത്ത് കടത്ത് കുത്തനെ വര്‍ധിച്ചു. 2020-ല്‍ 23,182 ലിറ്ററും 2021-ല്‍ 20,803 ലിറ്ററുമാണ് പിടിച്ചത്. ഈവര്‍ഷം പത്തുമാസത്തിനിടെ 15,451 ലിറ്റര്‍ സ്പിരിറ്റും പിടികൂടി.

എറണാകുളത്താണ് ഈവര്‍ഷം ഏറ്റവുമധികം സ്പിരിറ്റ് പിടിച്ചത്. 9,310 ലിറ്റര്‍ ഇവിടെനിന്ന് പിടികൂടി. കള്ളുത്പാദന ജില്ലയായ പാലക്കാട്ട്, കള്ളില്‍ കലക്കാന്‍ തെങ്ങിന്‍തോപ്പുകളിലെത്തിച്ചതടക്കം 4,505 ലിറ്ററും കണ്ടെത്തി. തൃശ്ശൂരില്‍നിന്ന് 1,160 ലിറ്ററും ഈവര്‍ഷം പിടിച്ചു. മറ്റുചില ജില്ലകളില്‍നിന്നായി 476 ലിറ്ററും പിടിച്ചു.

ഈവര്‍ഷം മാത്രം പിടിച്ചത് 15,451 ലിറ്റര്‍


ചെക്‌പോസ്റ്റുകളില്‍ പിടിത്തം പോരാ


ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ഹരിയാണ തുടങ്ങിയ ഇടങ്ങളില്‍നിന്നാണ് പ്രധാനമായും സ്പിരിറ്റെത്തുന്നത്. കേരളത്തില്‍ സൂക്ഷിച്ചാല്‍ പിടിക്കപ്പെടുമെന്നതിനാല്‍, കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ സൂക്ഷിച്ച് കണ്ടെയ്‌നറുകളിലും മറ്റും ചരക്കിനിടയില്‍ ഒളിപ്പിച്ചാണ് കടത്ത്. ചെക്‌പോസ്റ്റുകളിലടക്കം പരിശോധന ശക്തമാണെന്ന് പറയുന്നുണ്ടെങ്കിലും സ്പിരിറ്റുപിടിക്കുന്നത് കുറവാണെന്നും ആക്ഷേപവുമുണ്ട്. പലപ്പോഴും അതിര്‍ത്തികടന്നശേഷമാണ് സ്പിരിറ്റ് കണ്ടെത്തുന്നത്. അതും ആരെങ്കിലും ചോര്‍ത്തിനല്‍കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍. കമ്പികൊണ്ട് കുത്തിയുള്ള പരിശോധനയല്ലാതെ, എക്‌സൈസിന്റെ പരിശോധനയ്ക്ക് മറ്റുസംവിധാനം ഇതുവരെയുമായിട്ടില്ല.