തിരുവനന്തപുരം: ഡിസംബര്‍ 31ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്തുന്നതിന് അനുമതി തേടി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടു. നിയമസഭാസമ്മേളനത്തിന് അനുമതി നല്‍കാമെന്ന് ഗവര്‍ണര്‍ ഉറപ്പുനല്‍കിയതായാണ് വിവരം. അതേസമയം പ്രമേയത്തിന്റെ ഉളളടക്കം സംബന്ധിച്ച് ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടുണ്ട്.  

To advertise here,

ജനുവരി എട്ടിന് ആരംഭിക്കുന്ന ബജറ്റ് സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് ആരംഭിക്കേണ്ടത്. ഇതിന് ഗവര്‍ണറെ ക്ഷണിക്കുന്നതിന് വേണ്ടിയാണ് സ്പീക്കര്‍ ഗവര്‍ണറെ കാണുന്നതിനായി എത്തിയത്. ഇതിനിടയില്‍ ഡിസംബര്‍ 31ന് പ്രത്യേക നിയമസഭാ സമ്മേളനം നടത്തുന്നത് സംബന്ധിച്ചും ചര്‍ച്ചയുണ്ടായി. 

ഗവര്‍ണര്‍ സ്പീക്കറെ തന്റെ അതൃപ്തി അറിയിച്ചു. ആദ്യം സര്‍ക്കാര്‍ അനുമതി ചോദിച്ചപ്പോള്‍ പ്രത്യേക സമ്മേളനം എന്ത് അടിയന്തര സാഹചര്യത്തിലാണെന്ന് വ്യക്തമാക്കിയില്ല. അതാണ് ആശയക്കുഴപ്പമുണ്ടായതെന്നും സാഹചര്യം ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. അതുകൊണ്ടാണ് വിശദീകരണം ചോദിച്ചത്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ വിശദീകരണവും തൃപ്തികരമായിരുന്നില്ല. 

കഴിഞ്ഞദിവസം മന്ത്രിമാരും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയും ഗവര്‍ണറെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. ഇന്ന് നടത്തിയ കൂടിക്കാഴ്ചയില്‍ സ്പീക്കര്‍ കൂടി ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചതോടെ സമ്മേളനത്തിന് അനുമതി നല്‍കാമെന്ന ഉറപ്പ് ഗവര്‍ണര്‍ നല്കിയതായാണ് സൂചന. 

ഗവര്‍ണര്‍ രണ്ടുകാര്യങ്ങളിലാണ് സര്‍ക്കാരിന്റെ വിശദീകരണം തേടിയിട്ടുളളത്. ഏത് സാഹചര്യത്തിലാണ് സമ്മേളനം ചേരുന്നതെന്ന് രേഖാമൂലം അറിയിക്കണമെന്നും പ്രമേയമുണ്ടെങ്കില്‍ അതിന്റെ ഉളളടക്കം അറിയിക്കണമെന്നുമായിരുന്നു ആവശ്യം. രണ്ടു കാര്യങ്ങളിലും മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരണം നല്‍കി.

Content Highlights: Special Assembly Session; Speaker meets Governor