
തിരുവനന്തപുരം: ലഹരി മാഫിയക്കെതിരായ നടപടികൾ കൂടുതൽ ശക്തമാക്കുന്നതിനായി കേരളം ഉൾപ്പെടെ അഞ്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ സംയുക്തമായി സ്ഥിരം ഏകോപന സംവിധാനം നടപ്പാക്കുമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ഇതിന്റെ ഭാഗമായി ഓരോ സംസ്ഥാനത്തും എസ്.പി. റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരെ നോഡൽ ഓഫീസർമാരായി നിയമിക്കും. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ, റവന്യൂ ഇന്റലിജൻസ്, കസ്റ്റംസ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികളിലും നോഡൽ ഓഫീസർമാരെ നിയോഗിച്ച് തത്സമയ വിവര കൈമാറ്റവും സംയുക്ത എൻഫോഴ്സ്മെന്റ് നടപടികളും ഉറപ്പാക്കും.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്ത് നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ പോലീസ് മേധാവിമാരുടെ ഏകോപന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലേക്ക് മയക്കുമരുന്ന് കടന്നുവരുന്ന പ്രധാന മാർഗങ്ങൾ തടയാൻ കേന്ദ്ര ഏജൻസികളുടെയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെയും സംയുക്ത ഓപ്പറേഷൻ ഉടൻ ആരംഭിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കർണാടക ആഭ്യന്തരമന്ത്രിയും തുടർ ഏകോപന ചർച്ചകൾക്കായി കേരളം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ജില്ലാതലത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി സ്ഥിരം സംവിധാനമായ ഡാൻസാഫ് കൂടുതൽ ശക്തിപ്പെടുത്തും. ജില്ലകളിലെ ക്രമസമാധാന പ്രവർത്തനങ്ങളിലും യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. സംസ്ഥാനത്ത് എൻ.ഡി.പി.എസ്. നിയമപ്രകാരമുള്ള പ്രത്യേക കോടതികൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും എറണാകുളത്തും ഉടൻ രണ്ട് എൻ.ഡി.പി.എസ്. കോടതികൾ ആരംഭിക്കും. 10 കോടതികൾ കൂടി സ്ഥാപിക്കണമെന്ന കേന്ദ്ര നിർദേശവും വേഗം നടപ്പാക്കും.
ലഹരിക്കടത്ത് ശൃംഖലകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകളും കൊറിയർ സേവനങ്ങളും കൂടുതൽ ഉപയോഗിക്കുന്ന സാഹചര്യത്തിൽ ഇത്തരം മാർഗങ്ങളിലൂടെ നടക്കുന്ന കടത്തിനെതിരെ പ്രത്യേക നിരീക്ഷണവും നടപടികളും ശക്തമാക്കും. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിതരണം ചെയ്യുന്നത് കർശനമായി നിയന്ത്രിക്കുമെന്നും മെഡിക്കൽ സ്റ്റോറുകൾ വഴി ലഹരി ദുരുപയോഗത്തിന് സാധ്യതയുള്ള മരുന്നുകളുടെ വിതരണം തടയാൻ ആരോഗ്യവകുപ്പും പോലീസും ചേർന്ന് സംയുക്ത പരിശോധനകൾ നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഓപ്പറേഷൻ തൂഫാന്റെ അടുത്ത ഘട്ടത്തിലൂടെ സംസ്ഥാന അതിർത്തികൾ വഴിയും ബസ്, ട്രെയിൻ, വിമാനം, ബോട്ട് എന്നിവ ഉൾപ്പെടെയുള്ള എല്ലാ പ്രധാന മാർഗങ്ങളിലൂടെയും നടക്കുന്ന ലഹരിക്കടത്ത് തടഞ്ഞ് കേരളത്തെ ലഹരിമുക്ത സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ശബരിമല ചീഫ് പോലീസ് കോ ഓർഡിനേറ്ററായി ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. പി. വിജയനെ ചുമതലപ്പെടുത്തിയതായും മന്ത്രി പറഞ്ഞു. സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, പോലീസ് ഉപദേഷ്‌ടാവ് ഹേമചന്ദ്രൻ തുടങ്ങിയവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Content Highlights: Establishment of a permanent joint coordination system between five South Indian states., Appointment of nodal officers above SP rank in each state and central agencies., Strengthening of DANSAF units and launching of Operation Toofan., Opening of two new NDPS special courts in Thiruvananthapuram and Ernakulam., Strict regulation of prescription drug sales via pharmacies.
Published: 10 Jul 2026, 07:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented