സ്മൃതിപഥത്തിൽ ഗാന്ധിജിയുടെ ചിത്രങ്ങളുമായി സ്വാതന്ത്ര സമര സേനാനി സോഷ്യോ വാസു ഇനിയില്ല. വിടവാങ്ങിയത് ഗാന്ധിജിയിൽനിന്ന് ആവേശം ഉൾക്കൊണ്ട പോരാളി. അച്ഛന്റെ കൈപിടിച്ച് ഗാന്ധിജിയെ കണ്ട നേരനുഭവം പറയുമ്പോൾ 103-ാം വയസ്സിലും വികാരഭരിതനാവുമായിരുന്നു സോഷ്യോ വാസു. 1934-ൽ കോഴിക്കോട്ട് ബീച്ചിൽ സംഘടിപ്പിച്ച പൊതുയോഗത്തിൽ പങ്കെടുക്കുവാൻ ഗാന്ധിജി എത്തിയപ്പോഴായിരുന്നു സോഷ്യോ വാസുവിന് ആ ഭാഗ്യം സിദ്ധിച്ചത്.
READ MORE: സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു
കെ.കേളപ്പനുൾപ്പടെ ദേശീയ പ്രസ്ഥാനത്തിന്റെ മുന്നണി പോരാളികളും കോഴിക്കോട്ടെ കോൺഗ്രസ് പ്രവർത്തകരും പങ്കെടുത്ത ആ യോഗത്തിലേക്കാണ് അച്ഛൻ വിദ്യാർഥിയായ വാസുവിനെ കൂട്ടികൊണ്ടുപോയത്.അച്ഛന്റെ മനസ്സിൽ ഗാന്ധിജി സത്യത്തിന്റെ പാതയിൽ സഞ്ചരിക്കുന്ന വലിയൊരു ബിംബ മായിരുന്നു. പന്ത്രണ്ട് വയസ്സുള്ള മകനെ ഗാന്ധിജിയെ കാണിക്കണമെന്ന തോന്നൽ അച്ഛനുണ്ടായത് സ്വതന്ത്ര്യത്തിന്റേയും ദേശസ്‌നേഹത്തിന്റേയും ദിശാബോധം കുട്ടികളിലും പകരണമെന്ന ആഗ്രഹത്താലാണ്.
ഗാന്ധിജി കാറിൽനിന്നിറങ്ങി കടപ്പുറത്തെ യോഗസ്ഥലത്തേക്ക് നീങ്ങിയത് വീതികുറഞ്ഞ ഒരു വഴിയിലൂടെയായിരുന്നു. ഗാന്ധിജിയെ കണ്ടപ്പോഴുള്ള ഖദർധാരികളുടെ ആവേശവും ജയ് വിളികളും അദ്ദേഹത്തിന് എന്നും തെളിമയുള്ള സ്മൃതിചിത്രങ്ങളായിരുന്നു. ഗാന്ധിജി കൈവീശി കടന്നുപോയപ്പോൾ പിറകിലുള്ള ആൾക്കൂട്ടം വീണ്ടും ഒരു നോക്ക് കൂടി കാണാൻ മുന്നോട്ടാഞ്ഞു. അന്ന് സോഷ്യോ വാസു കോഴിക്കോട് ഗണപത് സ്‌കൂളിൽ പഠിക്കുകയാണ്.' മഹാത്മാവിനെ കണ്ട വിവരം പങ്കുവെച്ചപ്പോൾ സ്‌കൂളിലും ഉത്സവാന്തരീക്ഷമായിരുന്നു.
ഗാന്ധിജിയെ കണ്ടതും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതും ജയപ്രകാശ് നാരായണനിൽനിന്ന് സോഷ്യലിസ്റ്റ് പാർട്ടിയുടെ അംഗത്വം സ്വീകരിച്ചതും ജീവിതത്തിലെ ധന്യ മുഹൂർത്തങ്ങളായി സോഷ്യോ വാസു ഓർക്കാറുണ്ടായിരുന്നു. 1942- ൽ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതിന് കോഴിക്കോട് സബ് ജയിലിലും കണ്ണൂർ സെൻട്രൽ ജയിലിലും കിടന്നിട്ടുണ്ട്. അടിയന്തരാവസ്ഥ കാലത്ത് ഫറോക്ക്പോസ്റ്റോഫീസ് ഉപരോധിച്ചതിന് പോലീസിന്റെ കൊടിയ മർദ്ദന മേൽക്കേ ണിവന്നു. 1948 - ൽ കോൺഗ്രസ് വിട്ട് സോഷ്യലിസ്റ്റ് ചേരിയിലെത്തി. രാം മനോഹർ ലോഹ്യയും എം.പി വീരേന്ദ്രകുമാറുമൊക്കെ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ വാസുവിന് ഒരുപാട് സൗഹൃദങ്ങളുണ്ടായി.
ഗാന്ധിജിയെ കണ്ട ഈ സ്വാതന്ത്ര്യസമര സേനാനിയെ കാണാൻ ചെറുവണ്ണൂരിലെ സോഷ്യോ വീട്ടിൽ പല ഭാഗത്തുനിന്നും അതിഥികളെത്തുമായിരുന്നു. സ്വീകരണത്തിന് കിട്ടിയ ഫലകങ്ങളും ആദരവിന്റെ ചിഹ്നങ്ങളും നിറഞ്ഞ ആ മുറിയിൽ ഇനി സോഷ്യോ വാസുവില്ല. ഇളയ മകൻ രാജ് നാരായണന്റെ കൂടെയായിരുന്നു താമസം. ആ വീട്ടിൽ വെച്ച് ഒടുവിൽ കണ്ടപ്പോഴും സത്യത്തിന്റെ പ്രതിരൂപമായ ഗാന്ധിജിയെക്കുറിച്ച് മാത്രമേ അദ്ദേഹം സംസാരിച്ചിരുന്നുള്ളൂ. പി. രമേഷ്ബാബു, മധുലിമ, പരേതനായ ഗണേശ് ബാബു എന്നിവരാണ് മറ്റ് മക്കൾ.
2008-ലാണ് ഭാര്യ പുതിയ പറമ്പിൽ സരോജിനി വിടവാങ്ങിയത്. കോഴിക്കോട്ടെ ഗാന്ധിയൻമാരുടേയും സോഷ്യലിസ്റ്റുകളുടേയും കൂട്ടായ്മകളിൽ പോരാട്ട വീര്യം പകരുന്ന ശബ്ദവും സാന്നിദ്ധ്യമായി 103-ാം വയസ്സിലും സോഷ്യോ വാസു കടന്നുവരുമായിരുന്നു. ഓർമ്മയാവുന്നത് ഗാന്ധിജിയെ കണ്ട ഒരു തലമുറയിലെ അവസാന കണ്ണികളിലെ മഹനീയ സാന്നിദ്ധ്യമാണ്.
Content Highlights: Freedom fighter Socio Vasu passed away at the age of 103., He had the rare privilege of meeting Mahatma Gandhi in Kozhikode in 1934., He participated in the Quit India Movement in 1942 and was imprisoned., He was a prominent socialist leader and active in Gandhian and socialist circles.
Published: 08 Oct 2026, 01:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented