തിരുവനന്തപുരം: എസ്‌ഐആർ എന്യൂമറേഷൻ ഫോം വിതരണം 99 ശതമാനം പൂർത്തിയായപ്പോൾ പ്രാഥമികകണക്കിൽ കണ്ടെത്താനാവാത്ത വോട്ടർമാരുടെ എണ്ണം 60344 ആണെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ.

To advertise here,

ബുധനാഴ്ച വൈകീട്ടുവരെയുള്ള കണക്കാണിത്. കൃത്യമായ കണക്ക് രാഷ്ട്രീയപ്പാർട്ടികളുമായുള്ള അടുത്ത യോഗത്തിൽ വിശദമാക്കും.

ബിഎൽഒമാർ ബൂത്ത് ലെവൽ ഏജന്റുമാരുടെ സാന്നിധ്യത്തിൽ യോഗം ചേർന്നും സൂക്ഷ്മപരിശോധന നടത്തിയും കണ്ടെത്താനാവാത്തവരുടെ പട്ടിക തയ്യാറാക്കും. എസ്‌ഐആറിന്റെ കരടിനൊപ്പം ഈ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് കേൽക്കർ പറഞ്ഞു.

പ്രാഥമിക കണക്കനുസരിച്ചുള്ള അരലക്ഷത്തിലേറെ പേരിൽ 29,000 മരണമടഞ്ഞവരാണ്. സ്ഥലംമാറിപ്പോയവരാണ് 20,000 പേർ. 4500 പേർ എവിടെയാണെന്നറിയില്ല. ഇരട്ടിപ്പുള്ള 3800 വോട്ടുകൾ നേരത്തേ കണ്ടെത്തിയിരുന്നതായും കേൽക്കർ പറഞ്ഞു.

കളക്ടർമാർ ഭീഷണിപ്പെടുത്തില്ല

ജില്ലാ കളക്ടർമാരിൽ ഭീഷണിപ്പെടുത്തുന്നവരായി ആരുമില്ലെന്നും ബിഎൽഒമാരെ സമ്മർദത്തിലാക്കിയെന്ന പ്രചാരണം തെറ്റാണെന്നും കേൽക്കർ വ്യക്തമാക്കി. സമ്മർദത്തിലാക്കുന്നതായി പരാതി ഉയർന്നാൽ ഇടപെടും. ദിവസവും കളക്ടർമാരുടെ യോഗം വിളിക്കാറുണ്ട്. ബിഎൽഒമാർക്ക് പ്രയാസമുണ്ടെങ്കിൽ പരിഹരിക്കാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഏല്പിച്ച ജോലിയുടെ ഭാഗമായി ചെയ്യേണ്ടതുചെയ്തേ പറ്റൂ. തന്റെ ജീവനക്കാർ ശരിക്കുറങ്ങിയിട്ടു മൂന്നു മാസമായെന്നും അദ്ദേഹം പറഞ്ഞു.

എസ്‌ഐആർ: പൂരിപ്പിച്ച എന്യൂമറേഷൻ വാങ്ങാൻ സഹായകേന്ദ്രം

ബിഎൽഒമാർക്ക് എന്യൂമറേഷൻ വിവരങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യാൻ വില്ലേജടിസ്ഥാനത്തിൽ ഇന്റർനെറ്റ് സൗകര്യമുള്ള സഹായകേന്ദ്രങ്ങൾ ഒരുക്കും. വൊളന്റിയർമാരുടെ സേവനം ലഭ്യമാക്കും.

ബിഎൽഎമാർക്കും പൂരിപ്പിച്ച എന്യൂമറേഷൻ ഫോം വാങ്ങി ബിഎൽഒമാരെ ഏൽപ്പിക്കാം. അപേക്ഷകൾക്കൊപ്പം സത്യവാങ്മൂലം സമർപ്പിക്കണം. കൂടാതെ, ബിഎൽഎമാർക്ക് പുതിയ വോട്ടർമാരെ ചേർക്കാനുള്ള അപേക്ഷ നൽകാനും തടസ്സമില്ല.

കരടുപട്ടിക പ്രസിദ്ധീകരിക്കുന്ന തീയതി മാറ്റാനാവില്ല. എസ്ഐആർ പൂർത്തീകരിക്കാൻ ഡിസംബർ നാലാണ് സമയപരിധി. അതിനു മൂന്നോ നാലോ ദിവസം മുൻപ്‌ പൂരിപ്പിച്ച എന്യൂമറേഷൻ ഫോം മടക്കിവാങ്ങൽ പൂർത്തിയാക്കിയാൽ, അവ പരിശോധിച്ച് പിഴവുകൾ പരിഹരിക്കാനും ഒഴിവാക്കപ്പെട്ടവരെ ചേർക്കാനും സഹായമാകുമെന്നും കേൽക്കർ പറഞ്ഞു.