
ചെറുവാഞ്ചേരി: കണ്ണൂര്‍ കണ്ണവം ഉന്നതിയില്‍നിന്ന് കാണാതായ യുവതിയെ ഇനിയും കണ്ടെത്താനായില്ല. സിന്ധുവിനെ (40) കാണാതായി ഇന്നേക്ക് 13 ദിവസമായി. തുടര്‍ച്ചയായി തിരച്ചില്‍ നടത്തിയിട്ടും യാതൊരു തുമ്പും ലഭിക്കാത്തതിനാല്‍ ആശങ്കയിലാണ് നാട്ടുകാരും പോലീസും. കണ്ണവം പോലീസ്, ഡോഗ് സ്‌ക്വാഡ്, വനംവകുപ്പ്, ഡ്രോണ്‍ ക്യാമറ, തണ്ടര്‍ബോള്‍ട്ട് സേന, നാട്ടുകാര്‍ തുടങ്ങിയവര്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ തിരച്ചില്‍ നടത്തിയിട്ടും ഇതുവരെ ഒരുവിവരവും ലഭിച്ചിട്ടില്ല. ഞായറാഴ്ച നാട്ടുകാരും വിവിധ സന്നദ്ധസംഘടനകളും വനത്തില്‍ തിരച്ചില്‍ നടത്തിയെങ്കിലും നിരാശ തന്നെയാണ് ഫലം.
സിന്ധു കണ്ണവം വനത്തിനുള്ളിലേക്ക് പോയതാവാം എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ തുടരുന്നത്. കണ്ണവം കോളനിയോട് ചേര്‍ന്ന് ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള ക്വാറിയിലും മുങ്ങല്‍വിദഗ്ധര്‍ പരിശോധന നടത്തും. ആഴവും പായലുമുള്ള വെള്ളക്കെട്ടായതുകൊണ്ടുതന്നെ റഡാറും, ക്യാമറയുള്ള ഡ്രോണ്‍ സംവിധാനവും അടക്കമുള്ള സംവിധാനങ്ങള്‍ ഉപയോഗിച്ച് പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം. സ്ഥലത്ത് ഇതുകൂടതെ അഞ്ചെട്ട് ക്വാറികള്‍ കൂടിയുണ്ടെന്നും അവിടേക്കും അന്വേഷണം വ്യാപിപ്പിക്കണമെന്നും പാട്ടിയെ പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
സിന്ധു മാനസിക പ്രശ്‌നങ്ങളുള്ള സ്ത്രീയാണെന്നും ശബ്ദം കേള്‍ക്കുകയും മറ്റും ചെയ്താല്‍ ഉള്‍വലിഞ്ഞു പോകുന്ന പ്രകൃതമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. അതുകൊണ്ടുതന്നെ സിന്ധു ഉള്‍വനത്തിലേക്ക് തന്നെയാണ് പോയിട്ടുള്ളതെങ്കില്‍ കണ്ടെത്തല്‍ വലിയ വെല്ലുവിളിയാവുമെന്നും അവര്‍ പറഞ്ഞു. വന്യമൃഗ സാന്നിധ്യമുണ്ടാകുമെന്നതിനാല്‍ ഉള്‍വനങ്ങളില്‍ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ തണ്ടര്‍ബോള്‍ട്ട് സേന തിരച്ചില്‍ നടത്തുന്നുണ്ട്. കണ്ണവം വനത്തോടു ചേര്‍ന്നുള്ള പന്ന്യോട്, നരിക്കോട്ടുമല, കോളയാട് ചങ്ങല ഗേറ്റ് ഭാഗം, എടയാര്‍ എന്നിവിടങ്ങളില്‍ തിരച്ചില്‍ നടത്തിയിരുന്നു.
പന്ന്യോട് ഭാഗത്ത് ഒരു സ്ത്രീ നടന്നുപോകുന്നത് കണ്ടതായി നാട്ടുകാരില്‍ ഒരാള്‍ സംശയം പ്രകടിപ്പിച്ചതിനെത്തുടര്‍ന്നാണ് പന്ന്യോട് ഭാഗത്ത് തിരച്ചില്‍ നടത്തിയത്. കണ്ണവം ഇന്‍സ്‌പെക്ടര്‍ കെ.വി. ഉമേഷിന്റെ നേതൃത്വത്തില്‍ ക്വിക്ക് റെസ്‌പോണ്‍സ് ടീം, വനംവകുപ്പ് ഉള്‍പ്പെടെ 30 പേരോളം ദിവസേന തിരച്ചില്‍ നടത്തി. കഴിഞ്ഞദിവസം പാട്യം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ വെങ്ങളത്ത് ചേര്‍ന്ന നാട്ടുകാരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും സംയുക്ത യോഗത്തില്‍ ആധുനിക സൗകര്യത്തോടെ തിരച്ചില്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചിരുന്നു.
ഇതിനെത്തുടര്‍ന്നാണ് തണ്ടര്‍ ബോള്‍ട്ട് സേന തിരച്ചിലിനായി എത്തിയത്. വന്യജീവിമേഖല ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ സാധാരണയായി ഇത്തരം സായുധ പോലീസ് സേനാംഗങ്ങളെയാണ് ഉള്‍വനങ്ങളിലെ തിരച്ചിലിനായി നിയോഗിക്കുന്നത്. മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലകളില്‍ പ്രത്യേക പരിശീലനം നേടിയ 12 തണ്ടര്‍ ബോള്‍ട്ട് അംഗങ്ങള്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. ഡ്രോണ്‍ ക്യാമറ ഉപയോഗത്തില്‍ പരിശീലനം നേടിയ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പ് വനമേഖലയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി.
സിന്ധു വിറക് ശേഖരിച്ചുവെച്ച അറക്കല്‍ എന്ന സ്ഥലത്തുനിന്ന് പോലീസ് നായ മണംപിടിച്ച് ഇളമാങ്കല്‍ വഴി നാല് കിലോമീറ്ററോളം വനത്തിലേക്ക് സഞ്ചരിച്ച് പറമ്പുക്കാവില്‍ എത്തിയിരുന്നു. ആ പ്രദേശം മുഴുവന്‍ പോലീസും വനംവകുപ്പ് ജീവനക്കാരും നാട്ടുകാരും ഊര്‍ജിത തിരച്ചില്‍ നടത്തി. സിന്ധുവിന്റെ വീട്ടില്‍നിന്ന് 15 കിലോമീറ്ററോളം ദൂരത്തുവരെ നാട്ടുകാരും പോലീസും തിരച്ചില്‍ നടത്തി. ഒരുപ്രദേശവും ഒഴിവാക്കാതെ വനമേഖല മുഴുവന്‍ തിരച്ചില്‍ നടത്തിവരികയാണ് തണ്ടര്‍ ബോള്‍ട്ട്. കാണാതായ സിന്ധു മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും സാധ്യമായില്ല.
Content Highlights: sindhu missing case kannur kerala police to search in nearby quarry
Published: 12 Jan 2025, 08:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented