കാളികാവ്: ക്യാമറയിലേക്കുനോക്കി ഒരാൾ പുഞ്ചിരിച്ചു, റീൽസെടുത്തയാൾ തിരിച്ചു കൈവീശി. 10 സെക്കൻഡുമാത്രം ദൈർഘ്യമുള്ള ആ ദൃശ്യം ഒരു കുടുംബത്തിന്റെ 10 വർഷംനീണ്ട കാത്തിരിപ്പവസാനിപ്പിച്ചു.

To advertise here,

കോഴിക്കോട് താമരശ്ശേരിയിലെ ഡ്രൈ ഫ്രൂട്‌സ് കമ്പനിയിൽ ജോലിചെയ്യുന്ന കാളികാവ് പെവുന്തറ സ്വദേശി എം.കെ. മുഹമ്മദ് യാസിർ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി താമരശ്ശേരിക്കുസമീപത്തെ ഭിന്നശേഷിക്കാരെ സംരക്ഷിക്കുന്ന കാരുണ്യദീപം പ്രതീക്ഷാ ഭവനിലെത്തിയതായിരുന്നു. ആഘോഷദൃശ്യം പകർത്തുന്നതിനിടെയാണ് കൂട്ടത്തിലുണ്ടായിരുന്ന യുവാവ് ചിരിച്ചുകൊണ്ട് യാസിറിന് അടുത്തെത്തിയത്. ഇരുവരും കൈവീശി അഭിവാദ്യം ചെയ്തു. യാസിർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റുചെയ്ത ഈ റീലാണ് ത്ധാർഖണ്ഡ് സ്വദേശിയായ യുവാവിന് ബന്ധുക്കളിലേക്കുള്ള വഴിയൊരുക്കിയത്.

ഹിന്ദി സംസാരിക്കുന്ന ചിലരാണ് റീലിലുള്ള യുവാവിനെ തിരിച്ചറിഞ്ഞ് യാസിറിനെ ആദ്യം വിളിക്കുന്നത്. തുടർന്ന് ബന്ധുക്കളും. 10 വർഷംമുൻപ് മുംബൈ റെയിൽവേസ്റ്റേഷനിൽനിന്ന് കാണാതായ ഝാർഖണ്ഡ് സ്വദേശിയായ ഭിന്നശേഷിക്കാരനാണ് റീലിലുള്ള യുവാവെന്ന് ബന്ധുക്കൾ അറിയിച്ചു. മുംബൈയിൽനിന്നുള്ള യാത്രയ്ക്കിടെ വഴിതെറ്റി കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെത്തുകയായിരുന്നു. പിന്നീട് ചൈൽഡ് ലൈൻ മുഖേന വെള്ളിമാടുകുന്ന് ചിൽഡ്രൻസ് ഹോമിലേക്ക് മാറ്റി. പ്രായപൂർത്തിയായതിനുശേഷം താമരശ്ശേരിയിലെ കാരുണ്യദീപം പ്രതീക്ഷാഭവനിലെത്തി. റഷീദ് എന്നായിരുന്നു അവിടത്തെ വിളിപ്പേര്.

കൈമാറ്റനടപടി പുരോഗമിക്കുന്നു

വീഡിയോകോളിലൂടെയും ബന്ധുക്കൾ യുവാവിനെ തിരിച്ചറിഞ്ഞു. സാമൂഹികനീതി വകുപ്പിന്റെ സംരക്ഷണത്തിൽ ഏറ്റെടുത്തതിനാൽ ബന്ധുക്കൾക്ക് കൈമാറുന്നതിനും നടപടിക്രമം പൂർത്തിയാക്കേണ്ടതുണ്ട്.

-നവാസ്, കാരുണ്യദീപം പ്രതീക്ഷാഭവൻ സി.ഇ.ഒ.-