
മലപ്പുറം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേ മലപ്പുറത്തും കൊച്ചിയിലും വന്‍ പ്രതിഷേധം. മലപ്പുറം കടകശ്ശേരിയില്‍ നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് സര്‍വേ നിര്‍ത്തിവെച്ചു. പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
വ്യാഴാഴ്ച്ച ഉച്ചയ്ക്ക് മുമ്പ് തവനൂര്‍ കാര്‍ഷിക കോളേജിലെ സര്‍വേ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ തവനൂരിലെ ജനവാസ മേഖലയിലേക്ക് സര്‍വേക്കെത്തിയതോട പ്രതിഷേധം കനത്തു. വലിയ രീതിയില്‍ ജനങ്ങള്‍ കൂടിയതോടെ സര്‍വേ തുടങ്ങാന്‍ കഴിഞ്ഞില്ല. സംഘര്‍ഷസാധ്യത കണക്കിലെടുത്ത് തവനൂരില്‍ നിന്ന് അല്‍പം മാറി കടകശ്ശേരി ഭാഗത്ത് സര്‍വേ നടത്താം എന്ന നിലപാടിലേക്ക് ഉദ്യോഗസ്ഥര്‍ എത്തുകയായിരുന്നു. ഇവിടെ പാടശേഖത്തില്‍ സര്‍വേ തുടങ്ങിയപ്പോഴേക്കും ജനങ്ങള്‍ പ്രതിഷേധവുമായെത്തി. സ്ത്രീകളും കുട്ടികളും പ്രതിഷേധത്തിനെത്തി.
കൊച്ചി മണീടിലും കല്ലിടലിനെതിരേ നാട്ടുകാര്‍ സംഘടിച്ചു. ജനവാസം കുറഞ്ഞ പാടശേഖരമായ മണീടലില്‍ കല്ലിടാനെത്തിയപ്പോള്‍ കൃഷിഭൂമി വിട്ടുകൊടുക്കില്ലെന്ന മുദ്രാവാക്യവുമായി പ്രദേശവാസികള്‍ സംഘടിച്ചെത്തുകയായിരുന്നു. തുടര്‍ന്ന് സര്‍വേ നടപടികള്‍ തടസപ്പെട്ടു. ഉദ്യോഗസ്ഥരുടെ വാഹനങ്ങള്‍ തടയുകയും ചെയ്തു. നേരത്തെ കോട്ടയം കുഴിയാലിപ്പടിയിലും സമാന രീതിയിലുള്ള പ്രതിഷേധമുണ്ടായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തരും കെ റെയിലിനെതിരേ പ്രതിഷേധിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ജില്ലാ കളക്ടറേറ്റുകളിലേക്ക് മാര്‍ച്ച് നടത്തി. കോഴിക്കോടും തൃശ്ശൂരും കോണ്‍ഗ്രസിന്റെ കളക്ടറേറ്റ് മാര്‍ച്ച് സംഘര്‍ഷത്തിലെത്തി. കോഴിക്കോട് ജലപീരങ്കി ഉപയോഗിച്ചു.
അതേസമയം കെ റെയില്‍ ഉപേക്ഷിക്കണമെന്ന ആവശ്യവുമായി സെക്രട്ടേറിയറ്റിലേക്ക് മേധാ പട്കറുടെ നേതൃത്വത്തില്‍ കെ-റെയില്‍ വിരുദ്ധ സമിതി മാര്‍ച്ച് നടത്തി. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ആറന്മുള വിമാനത്താവള പദ്ധതി ജനകീയ സമരവും ജനവികാരവും മാനിച്ച് പിന്‍വലിച്ചു. എന്നാല്‍ അന്ന് സമരത്തിന് നേതൃത്വം നല്‍കിയവര്‍ ഇപ്പോള്‍ ജനവികാരം കാണുന്നില്ലെന്നും മേധാ പട്കര്‍ പറഞ്ഞു.
Content Highlights: Silver Line Protest Malappuram
Published: 24 Mar 2022, 04:59 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented