
തിരുവനന്തപുരം: സിൽവർലൈനുമായി ബന്ധപ്പെട്ട എതിർപ്പ് ഉന്നയിച്ചവരെ അടക്കം പങ്കെടുപ്പിച്ച് നടത്തുന്ന പാനൽ ചർച്ചയിൽ നിന്ന് സാമൂഹ്യ നിരീക്ഷകനായ ജോസഫ് സി മാത്യുവിനെ ഒഴിവാക്കാൻ നീക്കം. അദ്ദേഹത്തെ സർക്കാർ ചർച്ചയ്ക്ക് ക്ഷണിച്ചിരുന്നെങ്കിലും ഒഴിവാക്കാനാണ് കെ-റെയിൽ നീക്കം നടത്തുന്നത്. സിൽവർ ലൈനിനെ ശക്തമായി എതിർക്കുന്ന ആർ.വി.ജി മേനോൻ, അലോക് വർമ, ജോസഫ് സി മാത്യു എന്നിവരേയാണ് സർക്കാർ നേരത്തെ പാനലിൽ ഉൾപ്പെടുത്തിയിരുന്നത്.
28 വ്യാഴാഴ്ചയാണ് സിൽവർലൈനുമായി ബന്ധപ്പെട്ട പാനൽ ചർച്ച. പദ്ധതിയെ ശക്തമായി എതിർക്കുന്നവരുടെ പാനലിൽ ആദ്യം ഉൾപ്പെടുത്തിയിരുന്നത് ജോസഫ് സി മാത്യുവിനെ ആയിരുന്നു. ആറുപേരുടെ പാനലിൽ സാമൂഹ്യ നിരീക്ഷകൻ എന്ന നിലയിലാണ് ജോസഫ് സി മാത്യുവിനെ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ ഇപ്പോൾ കെ റെയിൽ വൃത്തങ്ങൾ അറിയിക്കുന്നത് അദ്ദേഹത്തിന്റെ കാര്യത്തിൽ തീരുമാനമായിട്ടില്ല എന്നാണ്.
പിണറായി സർക്കാരിന്റെ ശക്തമായ വിമർശകനാണ് വി.എസ് സർക്കാരിന്റെ കാലത്ത് ഐ.ടി ഉപദേഷ്ടാവായിരുന്ന ജോസഫ് സി മാത്യു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വിവരമനുസരിച്ച് ജോസഫ് സി മാത്യുവിനെ പാനൽ ചർച്ചയിൽ നിന്ന് നീക്കാനുള്ള ശ്രമം നടത്തുന്നു എന്നാണ് ലഭിക്കുന്ന സൂചന.
ചർച്ചയിൽ പങ്കെടുക്കുന്ന ആറു പേരിൽ അഞ്ചു പേരുടെ കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടുണ്ട്. സജി ഗോപിനാഥിന്റെ കാര്യത്തിൽ മാത്രമാണ് ഇപ്പോൾ തീരുമാനമാകാത്തത്. അദ്ദേഹത്തിന് അസൗകര്യം ഉണ്ടെന്ന് അറിയിച്ചിട്ടുണ്ട്. അതു കൊണ്ട് തന്നെ സർക്കാർ മറ്റു ആരെയെങ്കിലും ഉൾപ്പെടുത്തും.
ജോസഫ് സി മാത്യുവിന്റെ കാര്യത്തിൽ ഇപ്പോഴും തീരുമാനം സർക്കാർ തലത്തിൽ നിന്നുണ്ടായിട്ടില്ലെന്നാണ് വിവരം. എന്നാൽ, ഇത് സംബന്ധിച്ച അറിയിപ്പ് ഒന്നും ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ
പ്രതികരണം.
Content Highlights: silver line panel discussion - the government may remove joseph c Mathew from panelist
Published: 25 Apr 2022, 09:39 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented