വേങ്ങര: നാട്ടുകാരെ അനാവശ്യമായി ഭീതിയിലാക്കാൻ പോലീസ് മനഃപൂർവം ശ്രമിക്കുന്നതായി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ. ജാമ്യവ്യവസ്ഥകൾ പാലിച്ചുകൊണ്ട് നാട്ടിൽ കഴിയുന്ന തന്നെ കാണാൻ ശനിയാഴ്ച വൈകീട്ട് പോലീസെത്തിയത് ഭീതി പരത്തിക്കൊണ്ടായിരുന്നുവെന്നും സിദ്ദീഖ് പറഞ്ഞു.

To advertise here,

വേങ്ങരയിൽനിന്ന് പോലീസ് ഇടയ്ക്ക് വീട്ടിലെത്താറുള്ളതാണ്. എന്നാൽ കഴിഞ്ഞദിവസം പോലീസെത്തിയത് തൊട്ടടുത്തുള്ള വീടുകളിലെല്ലാം അന്വേഷിച്ചുകൊണ്ടാണ്. വീട്ടിലെത്തിയ പോലീസുകാർ കുടുംബസമേതം കുട്ടികളുമൊത്ത് താമസിക്കുന്ന സ്ഥലത്ത് രാത്രി 12-ന് ശേഷം പരിശോധനയുണ്ടാകുമെന്നാണ് അറിയിച്ചത്. പരീക്ഷക്കാലത്ത് കുട്ടികളുൾപ്പെടെയുള്ളവർ ഉറക്കമൊഴിഞ്ഞ് അവർ വരുന്നത് കാത്തിരുന്നതായും കാപ്പൻ പറയുന്നു.

2020-ലാണ് സിദ്ദീഖ് കാപ്പൻ പീഡനത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ നാടായ ഹഥ്‌റസിലേക്ക് യാത്രചെയ്യുന്നതും യുപിഎ ചുമത്തി യുപി പോലീസ് അറസ്റ്റ്‌ചെയ്യുന്നതും. പിന്നീട് 846 ദിവസത്തെ ജയിൽവാസത്തിനുശേഷം ഉപാധികളോടെ ജാമ്യം കിട്ടി.

ജാമ്യവ്യവസ്ഥകൾ പാലിച്ചുകൊണ്ട് നാട്ടിൽ കഴിയുന്നതിനിടെയാണ് ശനിയാഴ്ച വൈകീട്ട് പോലീസെത്തി രാത്രി 12-നുശേഷം വീട്ടിൽ പരിശോധനയുണ്ടാകുമെന്ന് അറിയിച്ചത്. എന്നാൽ, ഇത് സ്വാഭാവിക നടപടിയാണെന്നും വീട് മാറാതിരിക്കാനാണ് തൊട്ടടുത്ത വീട്ടിൽ അന്വേഷിച്ചതെന്നും വേങ്ങര പോലീസ് വിശദീകരിച്ചു.