മട്ടന്നൂർ: യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ എസ്.പി.ഷുഹൈബ് (29) വധക്കേസിന്റെ വിചാരണ തിങ്കളാഴ്ച തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (മൂന്ന്) ജഡ്ജി റൂബി കെ.ജോസ് മുന്പാകെ തുടങ്ങും. ഒന്നാംസാക്ഷി കീഴൂർ റിയാസ് മൻസിൽ കെ.റിയാസിനെ തിങ്കളാഴ്ച വിസ്തരിക്കും. എട്ടുവർഷത്തെ നിയമപോരാട്ടത്തിനുശേഷമാണ് വിചാരണ തുടങ്ങുന്നത്. 2018 ഫെബ്രുവരി 12-ന് രാത്രി ചായക്കടയിൽ സുഹൃത്തുക്കളോടൊപ്പം ഇരിക്കുമ്പോഴാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ കീഴൂർ റിയാസ് മൻസിലിൽ റിയാസ്, നൗഷാദ്, ഇസ്മയിൽ, മൊയ്തീൻ എന്നിവർക്കും പരിക്കേറ്റു. മൂന്നുതവണ ബോംബെറിഞ്ഞാണ് അക്രമം നടത്തിയത്.
ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിൽ സി.പി.എം.- ഡി.വൈ.എഫ്.ഐ. പ്രവർത്തകരായ തില്ലങ്കേരി ലക്ഷ്മി നിലയത്തിൽ എം.വി.ആകാശ് എന്ന ആകാശ് തില്ലങ്കേരി (34), പഴയപുരയിൽ രജിൽ രാജ് (32), കൃഷ്ണ നിവാസിൽ ദീപ്ചന്ദ് (33), തയ്യുള്ളതിൽ ടി.കെ.അസ്കർ (34), മുട്ടിൽവീട്ടിൽ കെ.അഖിൽ (30), പുതിയപുരയിൽ പി.പി.അൻവർ സാദത്ത് (30), നിലാവിൽ സി.നിജിൽ (30), പി.കെ.അഭിനാഷ് (32), എ.ജിതിൻ (30), സാജ് നിവാസിൽ കെ.സഞ്ജയ് (31), രജത് നിവാസിൽ കെ.രജത്ത് (29), കെ.വി.സംഗീത് (29), കെ.ബൈജു (43), കെ.പി.പ്രശാന്ത് (52), എ.പി.സനീഷ് (35), മുട്ടിൽ എ.കെ.സുബിൻ (34), കേളോത്ത് വി.പ്രജിത്ത് (33) എന്നിവരാണ് പ്രതികൾ.
ഷുഹൈബിന്റെ കുടുംബത്തിന്റെ ആവശ്യം പരിഗണിച്ച് കേസ് ഹൈക്കോടതി സി.ബി.ഐ.ക്ക് വിട്ടെങ്കിലും എൽ.ഡി.എഫ്. സർക്കാർ ഡിവിഷൻ ബെഞ്ചിനെയും സുപ്രീംകോടതിയെയും സമീപിച്ച് ഉത്തരവിന് സ്റ്റേ വാങ്ങി. കുറ്റപത്രം നൽകിയതിനാൽ സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് ഒടുവിൽ ഹൈക്കോടതി തീർപ്പിലെത്തി.
തലശ്ശേരി കോടതിയിൽ വിചാരണ തുടങ്ങാനിരിക്കെ സ്വന്തം ചെലവിൽ അഭിഭാഷകനെ വെക്കാൻ ഷുഹൈബിന്റെ കുടുംബം അനുമതി തേടി. സർക്കാർ അനുമതി നിഷേധിച്ചതോടെ ഹൈക്കോടതിയെ സമീപിച്ചു. ആറാഴ്ചയ്ക്കകം സർക്കാർ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചെങ്കിലും കാലാവധി കഴിഞ്ഞിട്ടും നടപടിയുണ്ടായില്ല. കുടുംബം വീണ്ടും ഹൈക്കോടതിയിലെത്തി കോടതിയലക്ഷ്യ നടപടിയിലേക്ക് നീങ്ങിയതോടെയാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചത്.
കുടുംബം നിർദേശിച്ച അഡ്വ. കെ.പദ്മനാഭനാണ് പബ്ലിക് പ്രോസിക്യൂട്ടർ. അഭിഭാഷകന്റെ ചെലവ് വഹിക്കുമെന്ന് കെ.പി.സി.സി. അറിയിച്ചിട്ടുണ്ട്.
ജൂലായ് 10 വരെ തുടർച്ചയായി നടക്കുന്ന വിചാരണയിൽ അന്വേഷണ ഉദ്യോഗസ്ഥർ ഒഴികെയുള്ള 142 സാക്ഷികളെ വിസ്തരിക്കും. കൃത്യത്തിന്റെ നാല് ദൃക്‌സാക്ഷികളെയാണ് ആദ്യം വിസ്തരിക്കുക.
കേസിലെ ഒന്നാംപ്രതി ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവരെ സി.പി.എം. പാർട്ടിയിൽനിന്ന് പുറത്താക്കിയിരുന്നു.
Content Highlights: Trial begins after 8 years of legal struggle, 142 witnesses to be examined until July 10, Special Public Prosecutor Adv. K. Padmanabhan appointed
Published: 18 May 2026, 07:23 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented