കൊച്ചി: യൂത്ത് കോൺഗ്രസ് നേതാവ് മട്ടന്നൂർ എടയന്നൂരിലെ എസ്.പി.ഷുഹൈബ് വധക്കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയ അഡീഷണൽ സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ഒന്നാംപ്രതി ആകാശ് തില്ലങ്കേരി എന്ന എം.വി.ആകാശ് ഉൾപ്പെടെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി കഴിഞ്ഞദിവസം തലശ്ശേരി സബ് ജയിലിൽ റിമാൻഡ് ചെയ്തിരുന്നു. സി.പി.എം. പ്രവർത്തകരാണ് പ്രതികൾ. ആകാശ് തിലങ്കേരി അടക്കമുള്ള പ്രതികൾ വിചാരണ കോടതി ഉത്തരവിനെതിരെ ഹൈക്കോടതി സമീപിക്കുകയായിരുന്നു. കൗസർ എടപ്പഗത്തിന്റെ സിംഗിൾ ബെഞ്ചാണ് ജാമ്യം റദ്ദാക്കിയ ഉത്തരവ് റദ്ദാക്കിയത്.

To advertise here,

വിചാരണ മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്ന് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയിൽ പ്രതിഭാഗം ഹർജി നൽകിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ. ജോസ് ജാമ്യം റദ്ദാക്കി ഉത്തരവിട്ടത്. എട്ടുവർഷം നീണ്ട നിയമപോരാട്ടങ്ങൾക്കുശേഷം 18-നാണ് കേസിൽ വിചാരണ തുടങ്ങിയത്. പ്രതികൾ വിചാരണ നീട്ടാൻ ശ്രമിക്കുന്നതായി ആക്ഷേപം ഉയർന്നിരുന്നു.

ഒന്നാംസാക്ഷിയായ കീഴൂർ റിയാസ് മൻസിലിൽ കെ.റിയാസിന്റെ വിസ്താരം പൂർത്തിയായിരുന്നു. മറ്റു സാക്ഷികളുടെ വിസ്താരം പുരോഗമിക്കുന്നതിനിടയിലാണ് നാടകീയ നീക്കങ്ങളുണ്ടായത്. ഷുഹൈബിന്റെ സുഹൃത്തുക്കളും അക്രമത്തിൽ പരിക്കേറ്റവരുമായ സാക്ഷികൾ ആകാശ് തില്ലങ്കേരി ഉൾപ്പെടെ ആദ്യത്തെ അഞ്ചു പ്രതികളെ തിരിച്ചറിഞ്ഞിരുന്നു.

ഒന്നാംസാക്ഷിയെ പ്രതിഭാഗം അഭിഭാഷകർ ക്രോസ് വിസ്താരം നടത്തിയിരുന്നു. നിശ്ചിത വകുപ്പ് പ്രകാരമല്ല വിസ്താരം നടന്നതെന്ന് കാണിച്ച് പ്രതിഭാഗം അഭിഭാഷകർ പിന്നീട് നൽകിയ ഹർജി കോടതി തള്ളി. ഹൈക്കോടതിയെ സമീപിക്കുന്നതിനാൽ വിസ്താരം മാറ്റിവെക്കണമെന്ന ആവശ്യവും പരിഗണിച്ചിരുന്നില്ല.

വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി 29-ന് പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി പരിഗണിക്കും. മുതിർന്ന അഭിഭാഷകൻ പി.വി.ഹരി 23-നാണ് കോടതിമാറ്റത്തിന് ഹർജി നൽകിയത്. ന്യായമായ വിചാരണ നടക്കുമെന്ന വിശ്വാസം പ്രതികൾക്കും അഭിഭാഷകർക്കും നഷ്ടപ്പെട്ടതായും തലശ്ശേരിയിലെ മറ്റേതെങ്കിലും കോടതിയിലേക്ക് വിചാരണ മാറ്റുന്നതാണ് ഉചിതമെന്നും ഹർജിയിൽ പറഞ്ഞിരുന്നു.