കൊച്ചി: കൊലക്കേസിൽ 14 വർഷമായി തടവിൽ കഴിയുന്ന പ്രതിയെ കേസിന്റെ വിചാരണ നിയമപ്രകാരമല്ല നടന്നതെന്ന് വിലയിരുത്തി ഹൈക്കോടതി വെറുതേ വിട്ടു. പാമ്പാടി വെള്ളൂർ സ്വദേശി സി.ജി. ബാബുവിനെതിരേ വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവും പിഴയും റദ്ദാക്കിയാണ് വെറുതേ വിട്ടത്. വിചാരണ വേളയിൽ പ്രതിക്ക് ന്യായമായ നിയമസഹായം ലഭിച്ചില്ലെന്ന് ജസ്റ്റിസ് വി. രാജ വിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിലയിരുത്തി.

To advertise here,

2011 സെപ്റ്റംബർ 18-ന് ഓണാഘോഷത്തിനിടെ കോട്ടയം കുന്നേൽപ്പീടികയിൽ വിജീഷ് കുത്തേറ്റു മരിച്ച കേസിലാണ് ബാബുവിനെ ശിക്ഷിച്ചത്. പ്രോസിക്യൂട്ടറുടെ അഭാവത്തിൽ വിചാരണക്കോടതി ജഡ്ജിതന്നെ വിസ്താരം നടത്തിയത് തെറ്റാണെന്ന് കോടതി പറഞ്ഞു.

തെളിവുകൾ ശരിയായി വിലയിരുത്തിയില്ലെന്നും കഴിവുള്ള അഭിഭാഷകന്റെ സഹായം ലഭിച്ചില്ലെന്നുമുള്ള പ്രതിയുടെ വാദം ശരിവെച്ചു. പ്രതി 14 വർഷം തടവുശിക്ഷ അനുഭവിച്ചതിനാൽ പുനർവിചാരണ നടത്തുന്നത് ന്യായമല്ല. സൗജന്യ നിയമസഹായം പ്രതിയുടെ അവകാശമാണെന്നിരിക്കേ, നടപടിക്രമങ്ങൾ പാലിക്കാതെ നടത്തിയ വിചാരണ നിയമപരമായി നിലനിൽക്കില്ലെന്നും കോടതി പറഞ്ഞു.