കൊട്ടാരക്കര: മുഖ്യമന്ത്രിയുടെ മുഖം കാണാൻ ജനത്തിനു താത്പര്യമില്ലാത്തതിനാലാണ് മോഹൻലാലിനെ ഒപ്പമിരുത്തി അഭിമുഖം നടത്തിയതെന്ന് ബി.ജെ.പി. സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ.

To advertise here,

ബി.ജെ.പി.യിൽ ചേർന്ന മഹിളാ കോൺഗ്രസ് മുൻ സംസ്ഥാന ഉപാധ്യക്ഷയും ജില്ലാപഞ്ചായത്ത് മുൻ അംഗവുമായ ആർ. രശ്മിക്ക് കൊട്ടാരക്കരയിൽ നൽകിയ സ്വീകരണസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ. പിണറായി വിജയൻ പറയുന്നതുകേട്ട് അഭിനയിക്കുകയായിരുന്നു മന്ത്രി വീണാ ജോർജെന്നും അവർ പറഞ്ഞു.

വിശ്വാസകാര്യത്തിലും വികസനകാര്യങ്ങളിലും തീരുമാനമെടുക്കാൻ കഴിയാത്ത സംസ്ഥാന സർക്കാരിന് മദ്യവിൽപ്പനയുടെ സമയം കൂട്ടാനുള്ള തീരുമാനമെടുക്കാൻ മണിക്കൂറുകൾമാത്രമാണ് വേണ്ടിവന്നതെന്ന് ബി.ജെ.പി. ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് പറഞ്ഞു.

മൂന്നരപ്പതിറ്റാണ്ടുവീതം ഭരിച്ച സി.പി.എമ്മും കോൺഗ്രസും ഇപ്പോൾ നവകേരളവും പുതുയുഗവും വാഗ്ദാനം ചെയ്യുകയാണ്. ഇത്രയുംനാൾ ഇവർ കേരളത്തിനു നൽകിയത് ഇരുണ്ടയുഗമാണെന്നും ഇരുപാർട്ടികളിൽനിന്നും നേതാക്കളും പ്രവർത്തകരും ബി.ജെ.പി.യിലേക്ക് വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈസ്റ്റ് ജില്ലാ അധ്യക്ഷ രാജി പ്രസാദിന്റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ, ജില്ലാ പ്രഭാരി ടി.ആർ. അജിത്കുമാർ, മുൻ ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ എ.ആർ. അരുൺ, വയയ്ക്കൽ സോമൻ, ആലഞ്ചേരി ജയചന്ദ്രൻ, അരുൺ കാടാംകുളം, വി. വിദ്യ, എം. ശ്രീനിവാസൻ എന്നിവർ പ്രസംഗിച്ചു.