
കോഴിക്കോട്: ദുരന്തമുഖത്ത് ഇത്രയും അനിശ്ചിതത്വം നിറഞ്ഞ ഒരു തിരച്ചില്‍ അടുത്തകാലത്തെങ്ങും രാജ്യം കണ്ടിട്ടുണ്ടാവില്ല. പ്രകൃതിയുടെ കനത്ത പ്രതികൂലാവസ്ഥകളോട് പോരാടുക എന്നതു മാത്രമല്ല, ഇത്രയും ആഴത്തില്‍ പതിച്ചിരിക്കുന്ന മണ്ണ് നീക്കി അതിനടിയില്‍ എവിടെയോ ഉണ്ടാകാനിടയുള്ള ലക്ഷ്യസ്ഥാനത്തേയ്ക്ക് എത്തിച്ചേരുക എന്ന പ്രായോഗിക പ്രതിസന്ധികൂടിയാണ് ഷിരൂരിൽ രക്ഷാസംഘത്തിന് മറികടക്കാനുണ്ടായിരുന്നത്. ഒടുവില്‍ ലോറിയും അര്‍ജുന്റെ ശരീരവും കണ്ടെത്തിയത് ഗംഗാവലി പുഴയുടെ 12 മീറ്റർ ആഴത്തില്‍നിന്നായിരുന്നു. ഏറെക്കുറെ അസാധ്യമെന്നുതന്നെ കരുതിയിരുന്നിടത്തുനിന്ന് നിശ്ചയദാര്‍ഢ്യത്തിന്റെയും തളരാത്ത ശുഭാപ്തിവിശ്വാസത്തിന്റെയും പിന്‍ബലത്തിലാണ് അര്‍ജുനിലേക്ക് തിരച്ചില്‍ സംഘം എത്തിച്ചേർന്നത്.
രണ്ടുമാസത്തിലേറെ നീണ്ട ഏറ്റവും ശ്രമകരമായ തിരച്ചിലുകൾക്കൊടുവിലാണ് കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽനിന്ന് കാണാതായ അർജുന്റെ ലോറി കണ്ടെത്താനായത്. അത്യാധുനിക സംവിധാനങ്ങളുപയോഗിച്ചുള്ള പരിശോധന, ഡ്രോൺ പരിശോധന, നേവിയും സ്കൂബാ ഡൈവേഴ്സും ഈശ്വർ മാൽപെ അടക്കമുള്ള മുങ്ങൾ വിദഗ്ധരും കുത്തിയൊഴുകുന്ന ഗംഗാവലി പുഴയിൽ നടത്തിയ തിരച്ചിൽ എന്നിങ്ങനെ നിരവധി ഘട്ടങ്ങൾക്കൊടുവിലാണ് അർജുന്റെ ലോറിയിലേക്ക് അന്വേഷണം എത്തിച്ചേർന്നത്.
71 ദിവസങ്ങൾക്ക് ശേഷമാണ് പുഴയിൽ അർജുന്റെ ലോറി കണ്ടെത്തിയത്. പുഴയുടെ ഉപരിതലത്തിൽനിന്ന് ഏകദേശം 12 മീറ്റർ ആഴത്തിലാണ് ലോറി ഉണ്ടായിരുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഡ്രഡ്ജർ, IBOD സാങ്കേതിക സംവിധാനം, അഡ്വാൻസ്ഡ് സോണാർ സിസ്റ്റം എന്നിങ്ങനെ അത്യാധുനിക സംവിധാനങ്ങൾ തിരച്ചിലിലുടനീളം വിവിധ ഘട്ടങ്ങളിൽ ഉപയോഗിച്ചു.
പുഴയിലെ ഒഴുക്കും ജലവിതാനവും കുറഞ്ഞതോടെയാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡ്രെഡ്ജർ എത്തിച്ചുള്ള തിരച്ചിൽ ആരംഭിച്ചത്. ബുധനാഴ്ച ഡ്രെഡ്ജിങ്ങിനിടെ ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് ലോറിയുടെ കാബിൻ കണ്ടെത്തിയത്. ഇത് അര്ജുന് ഓടിച്ചിരുന്ന ലോറിയുടെ ഭാഗമാണെന്ന് ഉടമ മനാഫും ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചതോടെയാണ് മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിന് വിരാമമായത്. പുഴയിൽ നിന്ന് ഉയര്‍ത്തിയെടുത്ത ലോറിയുടെ കാബിന് നിലവില്‍ കരയോടടുപ്പിച്ചിട്ടുണ്ട്. പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ് കാബിനുള്ളത്.
റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ അടയാളപ്പെടുത്തിയ മേഖലയിലാണ് ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തിയത്. ഐബോഡ് പരിശോധനയില്‍ ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് തിട്ടപ്പെടുത്തിയ ഭാഗമാണിത്. നാവികസേനയുടെ സംഘം അടക്കം ദൗത്യത്തിനുണ്ടായിരുന്നു. ശക്തമായ മഴ അടക്കമുള്ള പ്രതികൂല കാലാവസ്ഥയ്ക്കിടെ നടത്തിയ തിരച്ചിലിൽ സിപി 2 മേഖലയില്‍നിന്നാണ് അര്‍ജുന്റെ ലോറി കണ്ടെടുത്തതെന്നാണ് വിവരം.
മൺകൂനകൾ, കുത്തൊഴുക്ക്; ലക്ഷ്യം കാണാതെ തിരച്ചിൽ
ഹൈവേയിൽ മീറ്ററുകളോളം നീളത്തിൽ മൂടപ്പെട്ട ടൺകണക്കിന് മണ്ണിനടിയിൽ അർജുനും ലോറിയും എവിടെയെന്നത് തീർത്തും അവ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ എവിടെ തിരഞ്ഞുതുടങ്ങണമെന്ന കാര്യത്തിൽ ആർക്കും ധാരണയുണ്ടായിരുന്നില്ല. ആദ്യമൊന്നു മടിച്ചുനിന്ന കർണാടകയുടെ സർക്കാർ സംവിധാനങ്ങൾ പിന്നീട് ഉണർന്നു പ്രവർത്തിച്ചു. കേരളത്തിൽനിന്നുള്ള മാധ്യമങ്ങളുടെയടക്കം ശക്തവും നിരന്തരവുമായ ഇടപെടൽ അതിൽ നിർണായകമായി.
ആദ്യഘട്ട പരിശോധനയിൽ ജിപിഎസ് ട്രാക്ക് കരയിൽ നിന്ന് സിഗ്നൽ കാണിച്ചതോടയാണ് കരയിൽ തിരച്ചിൽ തുടർന്നത്. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ ഉപയോഗിച്ച് മണ്ണിനടിയിൽ ആഴത്തിലുള്ള പരിശോധനകളാണ് നടത്തിയത്. ആദ്യ ഘട്ടത്തിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്താണ് ശക്തമായ തിരച്ചിൽ നടത്തിയത്. ഇതിന്റെ ഭാഗമായി ദേശീയപാതയില്‍നിന്ന് ഇരുപതിനായിരം മെട്രിക് ടണ്ണോളം മണ്ണാണ് നീക്കംചെയ്തത്.
കരയിലെ മണ്ണ് ഏകദേശം പൂർണമായും നീക്കുകയും റഡാറിൽ സിഗ്നൽ ലഭിച്ച സ്ഥലങ്ങളിൽ നടത്തിയ പരിശോധന നടത്തുകയും ചെയ്തിട്ടും ഒന്നും കണ്ടെത്താനാവാതെ വന്നതോടെ കരയിലെ തിരച്ചിൽ അവസാനിപ്പിച്ചു. അതിശക്തമായ മഴയിൽ ലോറി ഒലിച്ച് പുഴയിൽ എത്തിയിട്ടുണ്ടാകാമെന്ന നിഗമനത്തിലേക്ക് സൈന്യവും തിരച്ചിൽ സംഘവും എത്തി. എന്നാൽ, അപ്പോഴും പുഴയിൽ മീറ്ററുകൾ ഉയരത്തിൽ കുന്നുകൂടിയ മണ്ണിനടിയിൽ എവിടെ തിരയണമെന്ന് തീർച്ചപ്പെടുത്താനായില്ല.
IBOD, അഡ്വാൻസ്ഡ് സോണാർ സിസ്റ്റം; തിരച്ചിലിന് ആധുനിക സാങ്കേതികവിദ്യകൾ
എങ്കിലും ജീവൻ പണയം വെച്ച് കടുത്ത വെല്ലുവിളികളേയും മോശം കാലാവസ്ഥയേയും വകവെക്കാതെ, രാപ്പകലില്ലാതെ നടത്തിയ തിരച്ചിൽ നടത്താൻ സൈന്യവും ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘവും തയ്യാറായി. അര്‍ജുനെ കാണാതായി ഒന്‍പതാം ദിവസം ഒരു ട്രക്കിന്റെ സൂചന ലഭിച്ചതായി കര്‍ണാടക സര്‍ക്കാര്‍ സ്ഥിരീകരിച്ചതോടെ പുഴയിൽ നാവികസേനയുടെ ഡീപ്പ് ഡൈവര്മാരിറങ്ങി തിരച്ചിൽ ആരംഭിച്ചു. പുഴയിലെ ശക്തമായ ഒഴുക്ക് കടുത്ത വെല്ലുവിളിയുയർത്തി. ഡ്രെഡ്ജിങ്ങിനായി ലോങ് ആം ബൂമര്‍ എക്സ്കവേറ്റർ ഉപയോഗിച്ചു. നിരവധി തവണ ലോറിയുടെ സൂചനകൾ ലഭിച്ചു. പക്ഷേ, പരിശോധനകൾ ലക്ഷ്യത്തിലെത്തിയില്ല.
പുഴയിലും അതിസാഹസികമായാണ് ദൗത്യ സംഘം തിരച്ചിൽ നടത്തിയത്. നാവിക സേനയും മുങ്ങൽ വിദഗ്ധരും ദിവസങ്ങളോളം പുഴയിലിറങ്ങി പരിശോധിച്ചു. തിരച്ചിലിനായി പ്രാദേശിക മുങ്ങൽവിദഗ്ധരും മത്സ്യത്തൊഴിലാളികളും എത്തി. കനത്ത മഴയും അടിത്തട്ടിലെ ഒഴുക്കും വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. വെള്ളത്തിനടിയിലെ വസ്തുക്കളെ കണ്ടെത്താന്‍ ഉപയോഗിക്കുന്ന IBOD സാങ്കേതിക സംവിധാനമുപയോഗിച്ചും പരിശോധന നടത്തി. മുങ്ങല്‍ വിദഗ്ധരുടെ പരിശോധനയ്ക്ക് പിന്നാലെ ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും നടത്തി.
കലങ്ങിയൊഴുകുന്ന പുഴയിലെ ദൃശ്യത പൂജ്യം ആയതിനാൽ വെള്ളത്തിനടിയിൽ ക്യാമറ പ്രവര്‍ത്തിപ്പിക്കാനും സാധിച്ചില്ല. അതിനാൽ സോണാര്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള തിരച്ചിൽ തുടരുകയാണുണ്ടായത്. ശബ്ദതരംഗങ്ങൾവെള്ളത്തിനടിയിലേക്ക് വിട്ട് അവിടെയുള്ള ഘരവസ്തുക്കളുടെ സ്ഥാനം കണ്ടെത്തുക എന്ന സംവിധാനമാണ് നാവികസേന ഉപയോഗിച്ചത്. അഡ്വാൻസ്ഡ് സോണാർ സിസ്റ്റത്തിൽ ഗംഗാവാലി നദിയിൽ നിന്ന് സിഗ്നൽ ലഭിക്കുകയും ചെയ്തു. ഡെൻകി ബോട്ടുകൾ (Dengue boat) ഉപയോഗിച്ചുള്ള തിരച്ചിലുകളും നടത്തി. മാൽപെ സംഘമെത്തിയും തിരച്ചിൽ ഉർജിതമാക്കി. നദിയിലെ അടിയൊഴുക്ക് കുറയാതെ, വെള്ളത്തിലെ കലക്കൽ മാറാതെ തിരച്ചിൽ തുടരാൻ സാധിക്കാത്ത അവസ്ഥ വന്നു. പുഴയിലെ മണ്ണ് നീക്കാന്‍ കഴിയാത്തതിനാല്‍ അര്‍ജുനുവേണ്ടിയുള്ള തിരച്ചില്‍ തൽക്കാലത്തേക്ക് അവസാനിപ്പിച്ചു.
ഡ്രെഡ്ജർ ഉപയോഗിച്ച് തിരച്ചിൽ; അനിശ്ചിതത്വത്തിന് അന്ത്യം
പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജര്‍ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാല്‍ ആര് പണം മുടക്കും എന്നതായിരുന്നു പ്രശ്നം. പിന്നീട്, കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കണ്ടതോടെയാണ് തിരച്ചില്‍ പുനരാരംഭിക്കാന്‍ തീരുമാനമായത്. ഡ്രഡ്ജറിന്റെ വാടക ഒരുകോടി രൂപ കര്‍ണാടക സര്‍ക്കാർ വഹിക്കുമെന്ന് വ്യക്തമാക്കി.
ഗോവയിൽനിന്ന് ഡ്രഡ്ജർ സ്ഥലത്തെത്തിച്ചാണ് പിന്നീട് ഗംഗാവലി പുഴയിൽ തിരച്ചിൽ പുഃനരാരംഭിച്ചത്. മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ പുഴയിലിറങ്ങിയും പരിശോധന തുടർന്നു. തിരച്ചിലില്‍ അര്‍ജുന്റെ ലോറിയില്‍ ഉണ്ടായിരുന്ന തടിക്കഷ്ണവും കണ്ടെത്തിയിരുന്നു. എന്നാൽ, പിന്നീട് തിരച്ചില്‍ അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ച് ഈശ്വര്‍ മാല്‍പെ മടങ്ങി. ഭരണകൂടവും ജില്ലാ പോലീസ് മേധാവിയും മോശമായി പെരുമാറിയതിനാലാണ് തിരച്ചില്‍ അവസാനിപ്പിക്കുന്നതെന്നാണ് ഈശ്വര്‍ മാല്‍പെ പറഞ്ഞത്.
ഈശ്വര്‍ മാല്‍പെ മടങ്ങിയെങ്കിലും ഗംഗാവലി പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ തുടർന്നു. ഡ്രഡ്ജര്‍ കമ്പനി ഞായറാഴ്ച ഗുജറാത്തില്‍നിന്നുള്ള മുങ്ങല്‍ വിദഗ്ധരെ എത്തിച്ചാണ് തിരച്ചില്‍ നടത്തിയത്. നേവി മാര്‍ക്ക് ചെയ്ത സ്ഥലത്ത് നടത്തിയ പരിശോധനയിൽ ഒരു ലോറിയുടെ എന്ജിന് അടക്കമുള്ള ഭാഗങ്ങളും അസ്ഥിഭാഗവും കണ്ടെത്തി. ലഭിച്ച അസ്ഥി മനുഷ്യന്റേതല്ലെന്ന് പിന്നീട് സ്ഥിരീകരിച്ചു.
സർക്കാർ ഇടപെടൽ ഉണ്ടായതോടെയാണ് നാവികസേനയെത്തി തിരച്ചിലിന്റെ മൂന്നാം ഘട്ടം ആരംഭിച്ചത്. നാവികസേനയുടെ മൂന്നംഗ സംഘമാണെത്തിയത്. ഇവർ ലോഹസാന്നിധ്യം കണ്ടെത്താനുള്ള ശ്രമമാണ് നടത്തിയത്. നാല് പോയന്റുകളിൽ പ്രത്യേകമായി പരിശോധന നടത്തുകയും ചെയ്തു. ഡ്രെഡ്ജിങ് സംവിധാനം ഉപയോഗിച്ച് മണ്ണ് നീക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തി. റിട്ട. മേജർ ജനറൽ ഇന്ദ്രബാലൻ തിങ്കളാഴ്ച ഉച്ചയോടെ ദൗത്യമേഖലയിലെത്തി തിരച്ചിലിന് നേതൃത്വം നൽകിയിരുന്നു. ടയറുകൾ അടക്കം നാൽപതോളം അവശിഷ്ടങ്ങളാണ് ഡ്രെഡ്ജിങിൽ തിങ്കളാഴ്ച കണ്ടെത്തിയത്. എന്നാൽ, ഇത് അർജുന്റെ ലോറിയുടെ ഭാഗങ്ങളല്ലെന്ന് ലോറി ഉടമ മനാഫ് കഴിഞ്ഞ വ്യക്തമാക്കിയിരുന്നു. തുടർന്ന് ചൊവ്വാഴ്ചയും തിരച്ചിൽ തുടർന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ചത്തെ തിരച്ചിലിൽ ഗംഗാവലി പുഴയിൽനിന്ന് ലോറി കണ്ടെത്തുന്നത്.
രണ്ടുമാസത്തിലേറെ നീണ്ട തിരച്ചിലിന് നേതൃത്വം നല്കിയ കര്‍ണാടക സര്‍ക്കാരും ജനപ്രതിനിധികളും വലിയ നിശ്ചയദാര്‍ഢ്യമാണ് കാഴ്ചവെച്ചത്. കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ ആണ് തിരച്ചിലിന് എല്ലാ ഘട്ടത്തിലും നേതൃത്വം നല്‍കിയത്. കേരളത്തിൽനിന്ന് മന്ത്രിമാരായ മുഹമ്മദ് റിയാസ്, എ.കെ ശശീന്ദ്രന്, എം.കെ രാഘവന് എംപി എന്നിവരും ഷിരൂരിലെത്തി ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് തിരച്ചിലിന്റെ ഭാഗമായിരുന്നു. റിട്ട. മേജര്‍ ജനറല്‍ ഇന്ദ്രബാലനും തിരച്ചില്‍ സംഘത്തെ അര്ജുനിലേയ്ക്കെത്തിക്കാന് നിര്‍ണായകമായി ഇടപെട്ടു. ലോറി ഉണ്ടാകാന്‍ സാധ്യതയുള്ളതായി ജി.പി.എസ്. സംവിധാനം ഉപയോഗിച്ച് അദ്ദേഹം തിട്ടപ്പെടുത്തിയ സി.പി 2 മേഖലയില്‍നിന്നാണ് ഇപ്പോള്‍ ലോറി കണ്ടെത്തിയതെന്നതും ശ്രദ്ധേയമാണ്.
Content Highlights: shirur landslide missing arjun lorry found at a depth of 12 meters
Published: 25 Sept 2024, 06:54 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented