
തിരുവനന്തപുരം: സംസ്ഥാനത്തെ ഷവര്‍മ വില്പന കേന്ദ്രങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നല്‍ പരിശോധന. ഷവര്‍മയുണ്ടാക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായാണ് പരിശോധന നടത്തിയതെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 88 സ്ക്വാഡുകളാണ് സംസ്ഥാനത്തെ 1287 കേന്ദ്രങ്ങളില്‍ വ്യാഴാഴ്ച പരിശോധന നടത്തിയത്.
മാനദണ്ഡങ്ങള്‍ ലംഘിച്ച് ഷവര്‍മ വില്‍പ്പന നടത്തിയെന്ന് കണ്ടെത്തിയ 148 കടകളിലെ ഷവര്‍മ വില്‍പ്പന നിര്‍ത്തിവെപ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിങ് നോട്ടീസും നല്കി. മയൊണൈസ് തയാറാക്കുന്നതിനുള്ള മാനദണ്ഡങ്ങളില്‍ വീഴ്ചവരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തു. പരിശോധനകള്‍ തുടരുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
Also Read
സംസ്ഥാനത്തെ പല ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളിലും മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് മാതൃഭൂമി ന്യൂസ് ആഴ്ചകള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് ജോയിന്റ് കമ്മീഷണര്‍ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണര്‍മാരായ എസ്. അജി, ജി. രഘുനാഥക്കുറുപ്പ്, വി.കെ. പ്രദീപ് കുമാര്‍ എന്നിവരാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കിയത്.
മാനദണ്ഡങ്ങള്‍ പാലിക്കണം
എല്ലാ ഷവര്‍മ വില്‍പ്പന കേന്ദ്രങ്ങളും മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു. വകുപ്പ് പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ താഴെ പറയുന്നവയാണ്.
- ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നയിടവും പാകംചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം.
- ഭക്ഷണം കൈകാര്യംചെയ്യുന്നവര്‍ കൃത്യമായും വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കല്‍ ഫിറ്റ്നസ്സ് സര്‍ട്ടിഫിക്കറ്റ് നേടുകയും വേണം.
- കാറ്റും പൊടിയും കയറുന്ന രീതിയില്‍ തുറന്ന സ്ഥലങ്ങളില്‍ ഷവര്‍മ കോണുകള്‍ വെക്കാൻ പാടില്ല.
- ഷവര്‍മ തയാറാക്കാന്‍ ഉപയോഗിക്കുന്ന ഫ്രീസറുകള്‍ (18 ഡിഗ്രി സെല്‍ഷ്യസ്) ചില്ലറുകള്‍ (നാല് ഡിഗ്രി സെല്‍ഷ്യസ്) എന്നിവ കൃത്യമായ ഊഷ്മാവില്‍ വേണം പ്രവര്‍ത്തിക്കാന്‍. ഇതിനായി ടെമ്പറേച്ചര്‍ മോണിറ്ററിങ് റെക്കോര്‍ഡ്സ് കടകളില്‍ സൂക്ഷിക്കണം.
- ഷവര്‍മയ്ക്ക് ഉപയോഗിക്കുന്ന ബ്രഡ്, കുബ്ബൂസ് എന്നിവ വാങ്ങുമ്പോള്‍ ലേബലില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കണം.
- ഷവര്‍മ കോണുകള്‍ തയാറാക്കുന്ന മാംസം പഴകിയതാകാന്‍ പാടില്ല.
- കോണില്‍ നിന്നും സ്ലൈസ് ചെയ്തെടുത്ത മാംസം, കൃത്യമായും മുഴുവനായും വേവുന്നതിനായി രണ്ടാമതൊന്നു കൂടി ഗ്രില്ലിങ്ങോ ഓവനിലെ ബേക്കിങ്ങോ ചെയ്യണം.
മയൊണൈസ് തയ്യാറാക്കുമ്പോൾ
- മയൊണൈസിനായി പാസ്ച്വറൈസ് ചെയ്ത മുട്ടകളോ അല്ലെങ്കില്‍ പാസ്ച്വറൈസ്ഡ് മയൊണൈസോ മാത്രം ഉപയോഗിക്കുക.
- മയൊണൈസുകള്‍ രണ്ട് മണിക്കൂറില്‍ കൂടുതല്‍ സാധാരണ ഊഷ്മാവില്‍ വെക്കരുത്.
- പാസ്ച്വറൈസ് ചെയ്ത മയൊണൈസാണ് ഉപയോഗിക്കുന്നതെങ്കില്‍, ഒരിക്കല്‍ കവര്‍ തുറന്ന് ഉപയോഗിച്ചതിന് ശേഷം ബാക്കിവന്നത് നാല് ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ സൂക്ഷിക്കണം. രണ്ട് ദിവസത്തില്‍കൂടുതല്‍ ഉപയോഗിക്കുകയും ചെയ്യരുത്.
- പാക്ക് ചെയ്ത് നല്കുന്ന ഷവര്‍മയുടെ ലേബലില്‍ പാകംചെയ്തതു മുതല്‍ ഒരു മണിക്കൂര്‍ വരെ ഉപയോഗിക്കാമെന്ന് വ്യക്തമായി ചേര്‍ക്കണം.
- ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് നിയമ പ്രകാരം ഭക്ഷണവിതരണ സ്ഥാപനങ്ങള്‍ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്ട്രേഷന് എടുത്ത് മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂ. ഇത് ലംഘിക്കുന്നവരില്‍നിന്ന് പത്ത് ലക്ഷം രൂപവരെ പിഴ ഈടാക്കാം.
Content Highlights: Shawarma shops across Kerala raided by food safety department. Action taken against some shops.
Published: 25 Nov 2023, 05:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented