കാസർകോട് ചെറുവത്തൂരിൽ ഷവർമ കഴിച്ച വിദ്യാർഥിനി ഭക്ഷ്യ വിഷബാധയേറ്റ് മരിച്ചതോടെ ഭക്ഷ്യവിഷബാധയെക്കുറിച്ചും ഭക്ഷണങ്ങൾ ശരിയായ രീതിയിൽ പാകം ചെയ്യേണ്ടതിനെക്കുറിച്ചുമൊക്കെ ചർച്ചകൾ ഉയരുന്നുണ്ട്. പലരുടെയും ഇഷ്ടഭക്ഷണമായ ഷവർമ പലവിധ സാഹചര്യങ്ങളിൽ വില്ലനായി മാറാറുണ്ട്. ഇറച്ചി മതിയായി വെന്തില്ലെങ്കിലോ മയണൈസ് തയ്യാറാക്കുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിലോ വൃത്തിഹീനമായ പശ്ചാത്തലത്തിലോ ഒക്കെ തയ്യാറാക്കുന്നത് ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങളിലേക്ക് നയിക്കാം. ഈ സാഹചര്യത്തിൽ ഷവർമ തയ്യാറാക്കുമ്പോൾ കരുതലെടുക്കേണ്ട കാര്യങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് സീനിയർ ഫുഡ്സേഫ്റ്റി ഓഫീസർ സക്കീർ ഹുസൈൻ.

To advertise here,

''ഷവർമയെ വില്ലനായി കരുതാൻ പറ്റില്ല, പക്ഷേ വളരെ സെൻസിറ്റീവായ ഭക്ഷണമാണ്. അവയെ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതാണ് ഭക്ഷ്യവിഷബാധയിലേക്ക് നയിക്കുന്നത്. ഫുഡ് പോയ്സൺ ഉണ്ടാക്കാൻ കാരണമാകുന്ന സാൽമൊണെല്ല, ഇ-കോളി തുടങ്ങി ബാക്റ്റീരിയകളും മറ്റ് അണുക്കളുമൊക്കെ വൃത്തിഹീനമായ പ്രതലങ്ങളിലും മറ്റും കാണാറുണ്ട്. അവ വൃത്തിയായി കഴുകി ശരിയായ വണ്ണം പാചകം ചെയ്തില്ലെങ്കിൽ ​ഗുരുതര അവസ്ഥയിലേക്ക് പോയേക്കാം.

ചിക്കൻ, മയണൈസ് തുടങ്ങിയവ ഷവർമയിലെ പ്രധാന ഘടകങ്ങളാണ്. മുട്ടയുടെ വെള്ള ഉപയോ​ഗിച്ച് തയ്യാറാക്കുന്ന മയണൈസ് കരുതലോടെ കൈകാര്യം ചെയ്യേണ്ടതാണ്. മുട്ട നല്ലതുപോലെ കഴുകി ചെറുതായി ചൂടാക്കി അതിന്റെ വെള്ള ഉപയോ​ഗിച്ച് വേണം മയണൈസ് തയ്യാറാക്കാൻ. ഒരുമണിക്കൂറോ രണ്ടു മണിക്കൂറോ മാത്രമാണ് മയണൈസ് സാധാരണ ഊഷ്മാവിൽ സൂക്ഷിക്കാനാവൂ.

ഷവർമ തയ്യാറാക്കാനായി ഉപയോ​ഗിക്കുന്ന പച്ചക്കറികളും നല്ല വൃത്തിയോടെ കഴുകണം. റോളിനായി ഉപയോ​ഗിക്കുന്ന കുബ്ബൂസിന്റെ എക്സ്പയറി ഡേറ്റും പരിശോധിച്ച് ഉറപ്പു വരുത്തണം. 

ഷവർമയ്ക്കായി എടുക്കുന്ന ഇറച്ചിയും നല്ലതുപോലെ ശ്രദ്ധിക്കേണ്ടതുണ്ട്. സാധാരണ ഇറച്ചി ഇരുപതു മിനിറ്റെങ്കിലും നല്ലതുപോലെ വേവിച്ചാലേ അണുക്കൾ നശിക്കുകയുള്ളു. തിരക്കിട്ട് വേണ്ടത്ര പാകമാകാതെ വിളമ്പുന്നതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകും. 

ഒരു ദിവസം ഉപയോ​ഗിച്ചിട്ടും തീരാത്ത ഷവർമ ഫ്രീസറിൽ കയറ്റിവച്ച് അടുത്ത ദിവസം ഉപയോ​ഗിക്കുന്നതും ഉണ്ടെന്ന് സംശയിക്കുന്നു. ഇറച്ചി മൂന്നോ നാലോ മണിക്കൂർ പുറത്ത് വച്ച് കേടായതിനുശേഷം ഫ്രീസറിൽ വച്ച് വീണ്ടും ഉപയോ​ഗിക്കുന്നത് അപകടകരമായ അവസ്ഥയിലേക്ക് നയിക്കും. ''