കൂടരഞ്ഞി (കോഴിക്കോട്): എൽ.ഡി.എഫിനോടുള്ള വിരോധം നാടിനോടുള്ള വിരോധമായിമാറരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസ് എം.പി. ശശി തരൂരിനെ പേരെടുത്തു പറയാതെ പിന്തുണച്ച് പുകഴ്ത്തിയ മുഖ്യമന്ത്രി, കോൺഗ്രസ് നേതാക്കൾക്കെതിരേ വിമർശനമുന്നയിക്കുകയും ചെയ്തു.
‘‘മാതൃകയാകത്തക്കരീതിയിലുള്ള വികസനമാണ് കേരളത്തിന്റേത് എന്നത് കാര്യങ്ങൾ വിശദമായി മനസ്സിലാക്കുന്ന ഒരു ജനപ്രതിനിധി വ്യക്തമാക്കുകയുണ്ടായി. പശ്ചാത്തലസൗകര്യമില്ലായ്മയുടെ സാഹചര്യത്തിൽനിന്നും ഇത് എങ്ങനെ നേടാൻകഴിഞ്ഞു എന്നാണ് ചിന്തിക്കേണ്ടത്.
വലിയതോതിലുള്ള മാറ്റമാണ് ഈ മേഖലയിൽ വരുത്തിയത്. ഇത് കൂടുതൽ നിക്ഷേപത്തിനും അവസരങ്ങളുണ്ടാക്കി. എന്നാൽ, ഉത്തരവാദപ്പെട്ട ചിലർ പറയുകയാണ്, കേരളം നിക്ഷേപസൗഹൃദസംസ്ഥാനമൊന്നുമല്ലെന്ന്.
എന്താണ് ഇതിനുപിന്നിലെ വികാരമെന്നാണ് നാം ചിന്തിക്കേണ്ടത്. സന്തോഷിക്കുന്നതിനുപകരം എന്തിനാണ് ചിലർ കേരളത്തെ ഇകഴ്ത്തുന്ന നില സ്വീകരിക്കുന്നത്” -മുഖ്യമന്ത്രി ചോദിച്ചു.
ലേഖനം പാർട്ടി പരിശോധിക്കട്ടെ -സതീശൻ
മലപ്പുറം: ഏത് കണക്കിന്റെ അടിസ്ഥാനത്തിലാണ് ശശി തരൂർ ലേഖനമെഴുതിയതെന്ന് അറിയില്ല. ലേഖനം പാർട്ടി പരിശോധിക്കട്ടെ. മോദിയുടെ അമേരിക്കൻ സന്ദർശനം ഒരുഗുണവും ഉണ്ടാക്കിയിട്ടില്ല. കേരളത്തിൽ മികച്ച വ്യവസായസൗഹൃദ അന്തരീക്ഷം ഇപ്പോൾ ഇല്ല.
തെറ്റിദ്ധരിപ്പിക്കപ്പെട്ടതാകും -ചെന്നിത്തല
തിരുവനന്തപുരം: കേരളത്തിന്റെ അവസ്ഥയെപ്പറ്റി ശശി തരൂർ തെറ്റിദ്ധരിപ്പിക്കപ്പെട്ടതാകാനാണ് സാധ്യതയെന്ന് കോൺഗ്രസ് പ്രവർത്തകസമിതി അംഗം രമേശ് ചെന്നിത്തല പറഞ്ഞു.
ഇവിടെ ഒരു മിനിറ്റുകൊണ്ടു വ്യവസായം തുടങ്ങിക്കാനല്ല, ഒരു മിനിറ്റുകൊണ്ട് വ്യവസായം പൂട്ടിക്കാനാണ് സി.പി.എം. വിദഗ്ധരുള്ളത്.
പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിൽ -മന്ത്രി പി. രാജീവ്
കൊച്ചി: ശശി തരൂർ എം.പി. പറഞ്ഞത് വസ്തുതകളുടെ അടിസ്ഥാനത്തിലാണെന്നും കേരളത്തിന്റെ വ്യവസായനേട്ടം ലോകം അംഗീകരിച്ചിട്ടുള്ളതാണെന്നും മന്ത്രി പി. രാജീവ് പറഞ്ഞു. ഇതുസംബന്ധിച്ച് വിവാദമുണ്ടാക്കി ഏറ്റുമുട്ടുന്നത് കേരളത്തിന് ഗുണകരമാവില്ല.
കേരളത്തിന്റെ ഈസ് ഓഫ് ഡൂയിങ് ബിസിനസ് ലോകം അംഗീകരിച്ചതാണ്. അമേരിക്കൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷൻ നമ്മുടെ ആളുകളെ അങ്ങോട്ട് ക്ലാസെടുക്കാൻ ക്ഷണിച്ചിരിക്കുകയാണ്.
കേരളത്തിന്റെ വളർച്ച ഐ.ഐ.എം. ഇൻഡോർ പഠിക്കാനായി ഉൾപ്പെടുത്തിയിരിക്കുകയാണ്. വ്യവസായസംരംഭകർതന്നെ കേരളത്തിന്റെ മാറ്റം പരസ്യമായി അംഗീകരിച്ചിട്ടുള്ളതാണ്.
സംസ്ഥാനത്തിന്റെ വ്യവസായ വികസനത്തെ പ്രശംസിച്ച ശശി തരൂർ എം.പി. ഒറ്റദിവസംകൊണ്ട് നേടിയത് സി.പി.എമ്മിന്റെ ഇഷ്ടവും കോൺഗ്രസിന്റെ അനിഷ്ടവും. തരൂർ പ്രസ്താവനയിൽ ഉറച്ചുനിന്നതോടെ അനുകൂലിച്ചും എതിർത്തും ഇരുപക്ഷത്തെയും നേതാക്കൾ രംഗത്തെത്തി
തരൂരിനെക്കാൾ നന്നായി ഇത് പറയാനാകില്ല -എം.വി. ഗോവിന്ദൻ
തിരുവനന്തപുരം: തരൂർ പറഞ്ഞകാര്യം മറ്റാർക്കും ഇതിനെക്കാൾ നന്നായി പറയാനാവില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ദൈവത്തിന്റെ സ്വന്തംനാട് വ്യവസായകാര്യത്തിൽ ചെകുത്താന്റെ കളിസ്ഥലമാണെന്ന് മുൻപ് പറയാറുള്ളത് ഇപ്പോൾ മാറിയെന്നാണ് തരൂർ പറഞ്ഞത്. അത് നല്ലരീതിയിൽ വിശദീകരിക്കാൻ അദ്ദേഹത്തിനായി. ഞങ്ങൾ എത്രപറഞ്ഞാലും അത് പ്രചാരണമായിമാത്രമേ കാണുകയുള്ളൂ. ഇവിടെ ഒന്നും നടക്കില്ലെന്നു പറയുന്ന പ്രതിപക്ഷത്തിനുള്ള മറുപടിയാണിത്.
യാഥാർഥ്യം അറിയാതെയുള്ള പ്രതികരണം -കെ.സി. വേണുഗോപാൽ
ആലപ്പുഴ: ശശി തരൂർ ഏതു സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് അദ്ദേഹത്തോടു ചോദിച്ചശേഷം പ്രതികരിക്കാമെന്ന് എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. യാഥാർഥ്യമറിയാതെയുള്ള പ്രതികരണമാണത്. ചെറുകിട, പരമ്പരാഗത വ്യവസായമേഖലകൾ തകർന്നുകിടക്കുകയാണ്. മത്സ്യ, കശുവണ്ടി, കയർ മേഖലകളിലെ തൊഴിലാളികൾക്ക് പണിയും കൂലിയുമില്ല. വൻമുതലാളിമാർക്ക് വ്യവസായംകൊണ്ട് ഗുണമുണ്ടായിരിക്കും.
Content Highlights: Congress sees red, Cpim elated; Shasi Tharoor praise for pinarayi Vijayan
Published: 16 Feb 2025, 07:43 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented