തിരുവനന്തപുരം: തിരുവനന്തപുരത്തെ തിരഞ്ഞെടുപ്പ് വിജയം സംബന്ധിച്ച്‌ മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍ കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശത്തില്‍ പ്രതികരണവുമായി ശശി തരൂർ എം.പി. പാർട്ടി പറ‍ഞ്ഞതിനാലാകാം രാജ​ഗോപാൽ നിലപാട് മാറ്റിയതെന്ന് തരൂർ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

To advertise here,

അദ്ദേഹം തന്റെ കയ്യിൽ നിന്നോ കോൺഗ്രസിൽ നിന്നോ ബി.ജെ.പിയിൽ നിന്നോ ഒന്നും പ്രതീക്ഷിക്കുന്നില്ല. അദ്ദേഹം ഒരു സന്യാസജീവിതം നയിക്കുന്ന വ്യക്തിയാണ്. പരസ്പര ബഹുമാനത്തോടെയാണ് അദ്ദേഹത്തോട് മത്സരിച്ചത്. രാഷട്രീയത്തിൽ എന്നെക്കാൾ എത്രയോ സീനിയറായി നിൽക്കുന്ന വ്യക്തിയെ ഞാൻ ബഹുമാനിച്ചു. അദ്ദേഹവും അതേ മര്യാദയിൽ ബഹുമാനിച്ചു. അവസാനം തീരുമാനമെടുക്കേണ്ടത് വോട്ടർമാരാണ്. 

രാജ്യം മുഴുവൻ ബി.ജെ.പിക്ക് എതിരായി നിൽക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. തന്റെ എഴുത്തുകളും പ്രസം​ഗങ്ങളും പരിശോധിച്ചാൽ തന്റെ നിലപാട് വ്യക്തമാകും. ഇടതുപക്ഷത്തുള്ളവർ പത്ത് വർഷമായി താൻ ബി.ജെ.പിയിലേക്ക് ചാടുമെന്ന് പറയുന്നു - അദ്ദേഹം ചൂണ്ടിക്കാട്ടി.

ശശി തരൂരിനെ പ്രകീർത്തിച്ച രാജഗോപാൽ തന്റെ പ്രസംഗം വാർത്തയായതിന് പിന്നാലെ തന്റെ നിലപാട് മാറ്റിയിരുന്നു. തിരുവനന്തപുരത്ത് തരൂരിനെ തോൽപ്പിക്കാനാകില്ലെന്ന് പ്രസംഗത്തിൽ പറഞ്ഞ രാജഗോപാൽ പിന്നാലെ താൻ അത് പാലക്കാട്ടുകാരനെന്ന നിലയ്ക്ക് ആലങ്കാരികമായി പറഞ്ഞതാണെന്നും അവിടെ ബിജെപി തന്നെ വിജയിക്കുമെന്നും വ്യക്തമാക്കി.

അതിനിടെ, സെക്രട്ടറിയേറ്റ് മാർച്ച് സംഘർഷവുമായി ബന്ധപ്പെട്ട്  യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുൽ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിനെതിരെയും അദ്ദേഹം പ്രതികരിച്ചു. ഒരു ക്രിമിനലിനെ പോലെ പുലർച്ചെ അദ്ദേഹത്തെ വീട്ടിലെത്തി വിളിച്ചുകൊണ്ടുപോകുന്നത് അർഥമില്ലാത്ത കാര്യമാണെന്ന് തരൂർ പറഞ്ഞു. ഇത് തീരെ ശരിയായില്ല. പ്രതിഷേധിക്കുന്നത് ജനാധിപത്യത്തിൽ സാധാരണയാണ്. മനപൂർവമായ പ്രകോപനത്തിനാണോ അവർ ശ്രമിക്കുന്നതെന്നാണ് തന്റെ സംശയം. 

രാഷ്ട്രീയ നിർദേശമനുസരിച്ചാണ് പോലീസ് പ്രവർത്തിക്കുന്നത്. രാഷ്ട്രീയത്തിന്റെ കളിയാണ് അവർ കളിക്കുന്നത്. ഇതിനുള്ള ഉത്തരം ജനാധിപത്യപരമായി തന്നെ നൽകണം. ഒരു ഗുണ്ടയപ്പോലെയാണ് അദ്ദേഹത്തോട് അവർ പെരുമാറിയത്. വേദിയിൽ പ്രതിപക്ഷ നേതാവും കെ.പി.സി.സി അധ്യക്ഷനും ഇരിക്കുമ്പോൾ ഒരു മുന്നറിയിപ്പുമില്ലാതെ അവർ കണ്ണീർവാതകം ഉപയോഗിച്ചിരുന്നു. ഇപ്പോൾ അവർ യൂത്ത് കോൺഗ്രസ് പ്രസിഡന്റിനെയും അറസ്റ്റ് ചെയ്തിരിക്കുന്നു.

എനിക്ക് നല്ല സംശമുണ്ട് ഞങ്ങളെ കുത്തിയിളക്കി വിട്ടിട്ട് കോൺ​ഗ്രസ് തിരിച്ചടിക്കട്ടെ എന്നാണ് അവരുടെ ആ​ഗ്രഹമെന്ന്. മനപൂർനമായ രാഷ്ട്രീയ സന്ദേശമാണ് അവർ ഉദ്ദേശിക്കുന്നത്. എന്റെ അഭിപ്രായത്തിൽ ജനങ്ങളാണ് മറുപടി നൽകേണ്ടത്. ഇത്തരം രാഷട്രീയ കളികൾ തങ്ങൾ സ്വീകരിക്കില്ലെന്ന് വോട്ട് ചെയ്ത് അവരെ അറിയിക്കണം, തരൂർ പറഞ്ഞു.