കൊച്ചി: അബ്കാരി കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിൻ ജാമ്യം ലഭിക്കാനായി കോടതിയിൽ സമർപ്പിച്ച രേഖകളിൽ ആകെ പൊരുത്തക്കേടുകൾ. മദ്യം പിടിച്ചെടുത്ത വീട് തന്റേതല്ലെന്നായിരുന്നു ആന്റോ അഗസ്റ്റിൻ വാദിച്ചത്. എന്നാൽ, അന്വേഷണത്തിൽ ഈ വീടിന്റെ ഉടമ ആന്റോയുടെ ഭാര്യാ മാതാവാണെന്നാണ് വ്യക്തമാകുന്നത്.

To advertise here,

ആന്റോയിൽ നിന്ന് എസ്.ബി.ഐ. ജപ്തി ചെയ്ത വീടും സ്ഥലവും ലില്ലി ജോസ് എന്നയാൾക്ക് ലേലത്തിൽ വിറ്റുവെന്നാണ് രേഖകളിൽ കാണിക്കുന്നത്. ലില്ലി ജോസ് ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവാണ്. കടം കുടിശ്ശികയായതിനെ തുടർന്ന് ബാങ്ക് ലേലത്തിൽ വെച്ച വീട്, ലില്ലി ജോസ് വാങ്ങിക്കുകയായിരുന്നുവെന്നാണ് രേഖകളിൽ എന്നാൽ ആന്റോ അഗസ്റ്റിൻ അടക്കമുള്ള കുടുംബാംഗങ്ങൾ ഈ വീട്ടിലാണ് നിലവിൽ താമസിക്കുന്നത്.

പൊതു ലേലത്തിൽ മറ്റ് ലേലക്കാരെ ഒഴിവാക്കി ആന്റോയുടെ കുടുംബാംഗങ്ങളെ മാത്രം പങ്കെടുപ്പിച്ചു കൊണ്ട് ബാങ്കിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന രീതിയിലുള്ള ലേലമാണ് നടന്നതെന്ന ശക്തമായ ആരോപണവും ഉയരുന്നുണ്ട്.

മദ്യം പിടിച്ചെടുത്ത വീട് ബാങ്ക് അറ്റാച്ച് ചെയ്ത് കൊടുത്തതാണെന്നും തനിക്ക് ഇതിന്മേൽ അവകാശമില്ലെന്നും കാണിച്ച് ആന്റോ ഹൈക്കോടതിയിൽ രേഖകൾ ഹാജരാക്കിയിരുന്നു. എന്നാൽ മുട്ടിൽ പഞ്ചായത്തിന്റെ ഔദ്യോഗിക കെട്ടിട നികുതി/ഉടമസ്ഥാവകാശ രേഖകളിൽ വീടിന്റെ ഉടമ ഇപ്പോഴും ആന്റോ അഗസ്റ്റിൻ തന്നെയാണെന്നാണ് വിവരം. ബത്തേരി മജിസ്ട്രേറ്റ് കോടതി ആന്റോയുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് കേസ് ഹൈക്കോടതിയിലെത്തിയത്.