നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ നയരൂപീകരണത്തിലും പ്രചാരണത്തിലും ഇത്തവണ നിർണായക പങ്കുവഹിക്കുന്ന ഡോ. ശശി തരൂർ എം.പി. സംസാരിക്കുന്നു.
ഇത്തവണ യുഡിഎഫ് അധികാരത്തിൽ തിരിച്ചെത്തുമെന്ന് കോൺഗ്രസും താങ്കളും ഉറച്ചു പറയാനുള്ള പ്രധാന കാരണം എന്താണ്?
പ്രധാനമായും രണ്ട് കാരണങ്ങളാണുള്ളത്. ഒന്ന്, പത്തു വർഷത്തെ ദുർഭരണത്തിൽ ജനങ്ങൾ ശരിക്കും മടുത്തിരിക്കുന്നു. അഞ്ചു വർഷം കൂടി സംസ്ഥാനത്തെ നശിപ്പിക്കാൻ അവർക്ക് അവസരം കൊടുക്കരുതെന്നു സാമാന്യജനങ്ങൾ കരുതുന്നു. രണ്ട്, സർക്കാരിനെ വിമർശിക്കുക മാത്രമല്ല ഞങ്ങൾ ചെയ്യുന്നത്. കേരളത്തിന്റെ ഭാവി മെച്ചപ്പെടുത്താനുള്ള പ്രതീക്ഷാനിർഭരമായ സന്ദേശങ്ങളാണ് ഞങ്ങൾ മുന്നോട്ടുവെക്കുന്നത്. ജനങ്ങളുടെ ജീവിതം നന്നാക്കുക എന്ന സ്പഷ്ടമായ സന്ദേശവുമായാണ് ഞങ്ങൾ വോട്ട് ചോദിക്കുന്നത്.
താങ്കളുടെ കണ്ണിൽ കേരളം ഇപ്പോൾ നേരിടുന്ന പത്തു പ്രധാന പ്രതിസന്ധികൾ
1. സാമ്പത്തിക പ്രതിസന്ധി: കേരള മോഡൽ ഒരു 'ഡെറ്റ് (കടം) മോഡലായി' മാറിയിരിക്കുകയാണ്. ഓണം ബോണസ് നൽകാൻ പോലും സർക്കാർ കടം വാങ്ങേണ്ടി വരുന്നു. ഇത് നമ്മുടെ വരുംതലമുറകളുടെ തലയിൽ കെട്ടിവെക്കുന്ന വലിയ ബാധ്യതയാണ്.
2. തൊഴിലില്ലായ്മ: തൊഴിൽ അവസരങ്ങളില്ലാത്തതിനാൽ നമ്മുടെ യുവാക്കൾ വിദേശത്തേക്കോ മറ്റു സംസ്ഥാനങ്ങളിലേക്കോ പലായനം ചെയ്യുന്നു.
3. വിലക്കയറ്റവും നികുതിയും: ഇന്ത്യയിൽ തന്നെ ഏറ്റവും ഉയർന്ന നികുതി നിരക്കുള്ള സംസ്ഥാനങ്ങളിലൊന്നായി കേരളം മാറി. വിലക്കയറ്റത്തിനു പുറമേയാണിത്.
4. കാർഷിക മേഖല: കൃഷി ഉൽപ്പന്നങ്ങൾക്ക് സംഭരണവില സമയത്ത് ലഭിക്കുന്നില്ല.
5. നിക്ഷേപകരുടെ ദുരവസ്ഥ: എല്ലാ സംസ്ഥാനങ്ങളിലും കർഷക ആത്മഹത്യയുടെ അനുഭവമുണ്ട്. പക്ഷേ, കേരളത്തിൽ മാത്രമേ സംരംഭകരുടെ ആത്മഹത്യ രണ്ടു തവണ സംഭവിച്ചിട്ടുള്ളൂ. നിക്ഷേപകർ ഇവിടേക്ക് വരാൻ ഭയപ്പെടുന്നു.
6. തകരുന്ന പൊതുജനാരോഗ്യം: ഓരോ ദിവസവും പരാതികളാണ്. ആശുപത്രികളിലെ അനാസ്ഥയും മരണങ്ങളും പൊതുജനാരോഗ്യമേഖലയുടെ തകർച്ചയെ സൂചിപ്പിക്കുന്നു.
7. ബാങ്കിംഗ് തട്ടിപ്പുകൾ: ഒരുകാലത്ത് കേരളത്തിന്റ അഭിമാനമായിരുന്ന സഹകരണ ബാങ്കുകൾ തട്ടിപ്പുകളും അഴിമതികളും വഴി സാധാരണക്കാരുടെ വിശ്വാസത്തെ ചതിച്ചു. എത്രയെത്ര പാവപ്പെട്ട ആൾക്കാരുടെ സമ്പാദ്യമാണ് നഷ്ടമായത്!
8. വിദ്യാഭ്യാസവും പിഎസ്‌സിയും: കുട്ടികൾ പഠിച്ചു പരീക്ഷ എഴുതി പിഎസ്‌സി റാങ്ക് ലിസ്റ്റിൽ കയറിക്കഴിഞ്ഞാൽ ആ റാങ്ക് ലിസ്റ്റ് മാറ്റിവെച്ചിട്ട് കമ്മ്യൂണിസ്റ്റ് കേഡറുകളെ കരാറടിസ്ഥാനത്തിൽ നിയമിക്കുകയാണ് ചെയ്യുന്നത്. വിദ്യാഭ്യാസരംഗത്തെ രാഷ്ട്രീയവൽക്കരണം നല്ലതല്ല.
9. മയക്കുമരുന്ന് പ്രശ്നം, തെരുവുനായ ശല്യം, പരിസ്ഥിതി പ്രശ്നങ്ങൾ (അനിയന്ത്രിതമായ മണൽ, പാറ ഖനനം, നിർമ്മാണം എന്നിങ്ങനെ) എന്നിവ.
10. സാമൂഹികസുരക്ഷാ പദ്ധതികൾ ശരിയായ രീതിയിൽ നടപ്പാക്കാത്തത്.
ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ യുഡിഎഫിന് എന്തെങ്കിലും ക്രിയാത്മകമായ പദ്ധതികളുണ്ടോ?
ഒരു ഇന്നവേഷൻ എക്കോണമി നമുക്കാവശ്യമുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബയോ ടെക്നോളജി, ബയോ ജനറ്റിക്സ്, സ്പേസ് ടെക്നോളജി, തുറമുഖ വികസനം തുടങ്ങിയ മേഖലകളിൽ ഇവരൊന്നും ശ്രദ്ധിച്ചിട്ടില്ല. നമ്മൾക്ക് തമിഴ്നാടും മഹാരാഷ്ട്രയും പോലെ വലിയ ഫാക്ടറി സ്ഥാപിക്കാനുള്ള ഭൂമിയില്ല, ജനമില്ല. പക്ഷേ, നമുക്ക് ഇതെല്ലാം ചെയ്യാനുള്ള കഴിവും പഠിപ്പും ബുദ്ധിയുമുള്ള യുവാക്കളുണ്ട്. അവരെ ഇവിടെ നിലനിർത്താൻ വേണ്ട വെയിറ്റ്ലെസ് എക്കോണമിയെ (ഭാരരഹിത സമ്പദ്വ്യവസ്ഥ) കൊണ്ടുവരണം. കേരളത്തിൽ നിക്ഷേപകർക്ക് ഏകജാലക സംവിധാനമുണ്ടെന്ന് സർക്കാർ പറയുന്നുണ്ടെങ്കിലും സത്യമല്ല. ഈ സിംഗിൾ വിൻഡോ ആപ്ലിക്കേഷൻ കൊടുത്തശേഷം 20 അപേക്ഷ പിന്നെയും കൊടുക്കാനുണ്ട്.
യഥാർത്ഥ ഏകജാലകമാണ് വേണ്ടത്- ഒറ്റ ഫോം, ഒറ്റ ക്ലിയറൻസ്. എല്ലാ ഫയലിലും നാലുപേർ ഒപ്പിടുന്ന തരത്തിലുള്ള നമ്മുടെ ഭൂരിഭാഗം ചട്ടങ്ങളും നടപടികളും ഞങ്ങൾ ഭരണപരിഷ്‌കാര കമ്മീഷൻ വച്ച് മാറ്റാൻ പോവുകയാണ്. അതുപോലെ, ഒരു വ്യവസായ സംരക്ഷണനിയമത്തിനുള്ള നിർദ്ദേശം ഞാൻ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്റെ അറിവിൽ പാർട്ടി അത് അംഗീകരിച്ചിട്ടുണ്ട്. രാഷ്ട്രീയക്കാരോ ബ്യൂറോക്രസിയോ യൂണിയനുകളോ കാരണം വ്യവസായികളുടെ കാശ് നഷ്ടപ്പെടില്ലെന്ന് അവർക്ക് ഉറപ്പു നൽകണം. അതിനു നിയമപരമായ സംരക്ഷണം കൊടുക്കും. ആന്തൂർ സാജന്റെ ദുരന്തം ഇനി ആവർത്തിക്കരുത്.
നമ്മെപ്പോലെ ജനസാന്ദ്രതയും ഭൂമിദൗർലഭ്യവുമുള്ള നാടാണെങ്കിലും നെതർലൻഡ്സ് വലിയ കാർഷികോത്പന്ന കയറ്റുമതിക്കാരാണ്. അവരിൽനിന്ന് ആധുനിക കൃഷിരീതികൾ (ഗ്ലാസ് ഹൗസ്, വെർട്ടിക്കൽ ഫാമിംഗ്) നമ്മൾ പഠിക്കണം, സാങ്കേതിക സഹകരണം തേടണം. വിഴിഞ്ഞം തുറമുഖം കേന്ദ്രീകരിച്ച് ദക്ഷിണ ഭാരതത്തെ മുഴുവൻ കവർ ചെയ്യുന്ന രീതിയിൽ ലോജിസ്റ്റിക്സ് മേഖല വികസിപ്പിക്കണം. കൊച്ചി, വിഴിഞ്ഞം, കോഴിക്കോട്, ബേപ്പൂർ, മംഗലാപുരം, ഗോവ തുടങ്ങിയവ ബന്ധിപ്പിച്ചുള്ള ക്രൂസ് ടൂറിസം വരണം.
പരമ്പരാഗത ചൈനീസ് ചികിത്സാശാസ്ത്രത്തെ ചൈനക്കാർ പഠന, ഗവേഷണങ്ങൾ നടത്തി മോഡേൺ ഡോക്യുമെന്റേഷൻ ചെയ്ത് അതിനെ 21-ാം നൂറ്റാണ്ടിലെ പ്രധാന ബദൽ ചികിത്സാസമ്പ്രദായം ആക്കിയത് നമുക്ക് ആയുർവേദത്തിൽ ആവർത്തിക്കാൻ സാധിക്കും. അതുണ്ടായാൽ കേരളം ലോകത്തിലെ സൗഖ്യ (വെൽനെസ്) തലസ്ഥാനമാവും. നമ്മുടെ ജനങ്ങൾക്ക് പ്രായമേറുന്നത് യാഥാർത്ഥ്യമാണ്. 2026 കഴിയുമ്പോഴേക്കും നമ്മുടെ ജനസംഖ്യയിൽ 20 ശതമാനം 60 വയസ്സ് കഴിഞ്ഞവരായിരിക്കും. അതിനെ വെല്ലുവിളിയായി എടുത്ത് മാറ്റങ്ങൾ കൊണ്ടുവരണം. എല്ലാ മെഡിക്കൽ കോളേജുകളിലും ജെറന്റോളജി ഡിപ്പാർട്ട്മെന്റ് സ്ഥാപിക്കണം. വയോജനങ്ങളെ പരിചരിക്കാനുള്ള സൗകര്യങ്ങളുടെ കാര്യത്തിൽ നമുക്ക് ഇന്ത്യയിലെ 'ഫ്ളോറിഡ'യാകാൻ സാധിക്കും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ പ്രകടനപത്രിക കമ്മിറ്റിയുടെ ചെയർമാൻ ആയിരുന്നപ്പോൾ ഒരു ഉന്നത വിദ്യാഭ്യാസകമ്മീഷന് ഞാൻ ശുപാർശ ചെയ്തിരുന്നു. വിദ്യാർത്ഥികളും രക്ഷിതാക്കളും തൊഴിൽദാതാക്കളുമൊക്കെ ഉൾപ്പെട്ട സമിതി. എൽഡിഎഫ് ജയിച്ചശേഷം ആ പേരെടുത്ത് കേരള ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ പ്രഖ്യാപിച്ചു. അതിൽ അധ്യാപകരും പ്രൊഫസർമാരും മാത്രമേ ഉണ്ടായിരുന്നുള്ളൂ. സർവകലാശാലാ ക്യാമ്പസിൽ രാഷ്ട്രീയതാൽപ്പര്യം വളർത്തുന്നതുകൊണ്ട് യാതൊരു ഗുണവുമില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ക്രിട്ടിക്കൽ തിങ്കിങ്ങിനും ടെക്നോളജിക്കൽ ഇന്നവേഷന് വേണ്ടിയുള്ള എല്ലാ സാഹചര്യങ്ങളും ചെയ്തു കൊടുത്തിട്ടില്ലെങ്കിൽ നമ്മുടെ വിദ്യാഭ്യാസം മുന്നോട്ടു പോകില്ല.
അധികാരത്തിൽ ആരുവന്നാലും കേരളത്തിന്റെ ഈ സാമ്പത്തികപ്രതിസന്ധി തുടരുമെന്നാണ് ഇതുവരെയുള്ള അനുഭവം. ഹിമാചൽ പ്രദേശ് അടക്കമുള്ള കോൺഗ്രസ് സർക്കാരുകൾ വലിയ തോതിലുള്ള ക്ഷേമപദ്ധതികൾ കാരണം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്...
മാനിഫെസ്റ്റോ കമ്മിറ്റിയിൽ ഞാനില്ലെങ്കിലും ഒന്നുരണ്ട് കാര്യങ്ങൾ പറയാം. നമ്മുടെ ഉറപ്പുകൾ നിറവേറ്റാനുള്ള കാശുണ്ടാവും. ഞാൻ പറഞ്ഞ മേഖലകളിൽ നിക്ഷേപം വരുമ്പോൾ വരുമാനവും തൊഴിൽ സാധ്യതകളും കൂടും. അവസരങ്ങളെ നമ്മൾ ചാടിപ്പിടിക്കണം.
മുമ്പ് മുഖ്യമന്ത്രി ചർച്ചകളിൽ അങ്ങയുടെ പേരും കേട്ടിരുന്നു. ഇപ്പോൾ തിരഞ്ഞെടുത്ത എംഎൽഎക്കാണ് സിഎം പോസ്റ്റ് നൽകേണ്ടതെന്ന് അങ്ങുതന്നെ ഈിടെ പറഞ്ഞു്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാതെയുള്ള ഒരു ക്യാമ്പയിൻ അത്ര നല്ലതാണോ?
അതു വേറൊരു ചർച്ചയാണ്. നമ്മുടെ ജനങ്ങൾ കൂടുതലും ഒരു മുഖം കണ്ടിട്ടാണ് വോട്ട് ചെയ്യുന്നത്. തമിഴ്നാട്ടിലേതു പോലെ ആ രീതി കേരളത്തിലില്ലെന്ന് പറയുന്നു. അപ്പോൾ ഞാൻ തർക്കിക്കുന്നില്ല. എങ്കിലും ആരായിരിക്കും നമ്മളെ നയിക്കാൻ പോകുന്നതെന്നു ജനം ചിന്തിക്കും. ഞങ്ങളുടെ മുദ്രാവാക്യം ജനങ്ങൾ നയിക്കും, ജനങ്ങൾ ഭരിക്കും എന്നതാണ്. ഞങ്ങളുടെ ഭരണമാണ് വരാൻ പോകുന്നത്. നമുക്ക് ഒരു ഒരു നേതാവിന്റെ ആവശ്യമുണ്ടാകും. ഞങ്ങളുടെ പാർട്ടിയിൽ ആ തീരുമാനം എംഎൽഎമാരുടെ അഭിപ്രായങ്ങൾ ചോദിച്ചിട്ട് ഹൈക്കമാൻഡ് എടുക്കും.
കേരള രാഷ്ട്രീയത്തിലേക്ക് വരാൻ തീർത്തും താത്പര്യം ഇല്ലേ?
അല്ല, എനിക്കു ബൗദ്ധികമായ താൽപ്പര്യം നന്നായി ഉണ്ട്. സമീപകാലത്ത് വിവിധ ഇംഗ്ലീഷ് പത്രങ്ങളിൽ ഞാൻ കേരളത്തെയും അതിന്റെ ഭാവിയെയും കുറിച്ച് പത്തോളം ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ വിഷയങ്ങളിൽ ഉപദേശം കൊടുക്കാനുള്ള കഴിവും അറിവും എനിക്കുണ്ട്. നാളെ യുഡിഎഫ് ഭരണം വന്നാൽ എന്റെ ആ അഭിപ്രായങ്ങൾ അവരിലേക്ക് എത്തിക്കാനുള്ള സ്വാധീനം എനിക്കുണ്ടാകുമെന്ന് ഞാൻ വിചാരിക്കുന്നു. അപ്പോൾ ഞാൻ അതെങ്കിലും എന്തായാലും എത്തിക്കാം.
തിരഞ്ഞെടുപ്പു സമയത്ത് ഒരുപാട് പേര് യുഡിഎഫ് ക്യാമ്പിലേക്ക് വരുന്നുണ്ട്. പി.കെ. ശശിയെ പോലുള്ളവർ വരുന്നത് പാർട്ടിക്കുള്ളിൽ ചർ്ച്ചയായിട്ടുണ്ട്.
വ്യക്തികളെ കുറിച്ച് ഞാൻ അഭിപ്രായം പറയുന്നില്ല. അത് പാർട്ടിയുടെ തീരുമാനമാണ്. എങ്കിലും ഇതൊരു വലിയ പ്രശ്നം തന്നെയാണ്. നമ്മൾ പുറത്തുള്ള ആൾക്കാരെ എടുക്കുമ്പോൾ നമ്മളോടൊപ്പം കുറെ വർഷങ്ങൾ പ്രവർത്തിച്ചവർ എന്തു കരുതും എന്നൊക്കെ ചിന്തിച്ചല്ലേ തീരുമാനങ്ങൾ എടുക്കാൻ സാധിക്കൂ. കുറേ വർഷങ്ങളായി എതിർപക്ഷത്ത് സുഖിച്ചിരുന്നവർ നമ്മൾ ജയിക്കും എന്നു വിചാരിച്ചു ചാടി ഇപ്പുറത്തു വരുന്നത് 100 ശതമാനം നല്ലതാണെന്ന് ഞാൻ പറയില്ല. പക്ഷേ, ഇലക്ഷൻ സമയത്ത് നമുക്ക് രാഷ്ട്രീയമായ മുൻതൂക്കം കിട്ടാൻ പോകുന്നത് നമ്മൾ ചെയ്യും. എല്ലാ മുന്നണികളും അത് ചെയ്യുന്നുണ്ട്. ഞങ്ങൾ മറ്റുള്ളവരെക്കാൾ മാന്യരാണ് എന്ന് ഭാവിക്കുന്നതിൽ കാര്യമില്ല.
ജമാഅത്തെ ഇസ്ലാമിയുമായി തിരഞ്ഞെടുപ്പു സഖ്യമുണ്ടാക്കിയതിനും ഏതാണ്ട് ഇതേ ഉത്തരം ആയിരിക്കുമല്ലോ.
ജനങ്ങളാണ് വോട്ട് ചെയ്യുന്നത്; സംഘടനയല്ല. നമ്മുടെ ഭരണഘടന വോട്ട് കൊടുത്തിരിക്കുന്നത് വ്യക്തികൾക്കാണ്. നമ്മൾ ഏത് വ്യക്തിയുടെയും വോട്ട് സ്വീകരിക്കാൻ തയ്യാറാണെന്ന് പറഞ്ഞതിന് ഒരു തെറ്റില്ല. ആ വ്യക്തിയെ സ്വാധീനിക്കുന്നത് സംഘടന വഴിക്കാണെങ്കിൽ വേറെ അഭിപ്രായം ഉണ്ടാവാം. പക്ഷേ, പോളിംഗ് ബൂത്തിനകത്ത് വ്യക്തിയാണ് പോകുന്നത്. ആ വ്യക്തിയുടെ വോട്ട് വേണ്ടെന്ന് ഒരിക്കലും പറയാൻ പാടില്ല. നിന്റെ വോട്ട് വേണ്ട, മറ്റേയാളിന്റേത് മതി എന്ന രീതി നടക്കില്ല. ആര് വോട്ട് ചെയ്യാൻ തയ്യാറാണെങ്കിലും അതിന്റെ ഗുണം നമുക്ക് കിട്ടണം.
കേരളത്തിലെ ബിജെപിയുടെ ഒരു പ്രധാനവാദം രണ്ടു മുന്നണികളും ഹിന്ദുക്കളെ അവഗണിക്കുന്നു എന്നതാണ്. അതിന് സ്വീകാര്യത കൂടുന്നതായി തോന്നുന്നുണ്ടോ.
കോൺഗ്രസ് എല്ലാവരെയും ഉൾക്കൊള്ളുന്ന പാർട്ടിയാണ്. ഞങ്ങൾക്ക് ആരെയും അവഗണിക്കാൻ താല്പര്യമില്ല. നാലു തവണ മത്സരിച്ച് ജയിച്ചപ്പോഴും എനിക്ക് എല്ലാ മതവിശ്വാസികളുടെയും മതവിശ്വാസം ഇല്ലാത്തവരുടെയും വോട്ട് കിട്ടിയിട്ടുണ്ട്. ഞാൻ ആരുടെയും വോട്ട് വേണ്ടെന്നു പറഞ്ഞിട്ടില്ല. ബിജെപിക്ക് ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കാൻ പ്രയാസമാണ്, കാരണം വടക്കേ ഇന്ത്യയിൽ അവർ ചെയ്യുന്ന കാര്യങ്ങൾ ഇവിടുത്തെ ജനങ്ങൾ കാണുന്നുണ്ട്.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ പാലക്കാട് ഉൾപ്പടെ 10 സീറ്റുകളിൽ സിപിഎമ്മും ബിജെപിയും തമ്മിൽ ധാരണയുണ്ടെന്ന് ആരോപിച്ചിട്ടുണ്ട്.
കോൺഗ്രസിനെ തകർക്കാനായി ഇവർ തമ്മിൽ ഒത്തുചേരാനുള്ള സാധ്യതയെക്കുറിച്ചുള്ള ഒരു തിയറി നിലവിലുണ്ട്. മൂന്നാം പ്രാവശ്യം വന്നു കഴിഞ്ഞാൽ പിന്നീട് സിപിഎമ്മിന് വേണ്ടി ഒരു മനുഷ്യനും വോട്ട് ചെയ്യില്ല, മൂന്നാം തവണയും തോറ്റാൽ കോൺഗ്രസ് പൊളിയും. അപ്പോൾ ബിജെപിക്ക് 2031-ൽ നല്ല സാധ്യത ഉണ്ടാകും എന്നാണ് തിയറി. അതിന് സാധ്യതയുണ്ട്. സതീശൻ പറഞ്ഞതിൽ തെറ്റില്ല. എന്നാൽ, ഞങ്ങളുടെ ഡീൽ ജനങ്ങളോടാണ്, വോട്ട് മറിച്ചിട്ടല്ല ഞങ്ങൾ ജയിക്കാൻ പോകുന്നത്.
വി.ഡി. സതീശൻ പറയുന്നത് 100 സീറ്റ് കിട്ടുമെന്നാണ്...
അങ്ങനെ ഒരു എണ്ണം പറയേണ്ട ആവശ്യമില്ല. യുഡിഎഫിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കും. 85 മുതൽ 100 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് എന്റെ വിശ്വാസം.
Content Highlights: UDF plans to address Kerala's debt model and unemployment through an innovation-driven economy., Proposed implementation of a single-window clearance system to boost investor confidence., Focus on transforming Kerala into a global wellness capital by leveraging Ayurveda., Strategic approach to modernizing agriculture and logistics via international collaboration.
Published: 26 Mar 2026, 07:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented