തിരുവനന്തപുരം: കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന പാര്‍ട്ടി നേതാവ് പി.ജെ.കുര്യന്‍. അധികാരത്തിന്റെ അപ്പ കഷ്ണത്തിന് വേണ്ടിയാണ് തരൂര്‍ കോണ്‍ഗ്രസില്‍ എത്തിയതെന്നും ഇപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്തുതിക്കുന്നതും ആ ലക്ഷ്യം വെച്ചാണെന്നും പി.ജെ.കുര്യന്‍ പറഞ്ഞു. അടിയന്തരാവസ്ഥയിലെ ഇന്ദിരാ ഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെയും ക്രൂരതകള്‍ ചൂണ്ടിക്കാട്ടി ശശി തരൂര്‍ കഴിഞ്ഞ ദിവസം ലേഖനമെഴുതിയിരുന്നു. കൂടാതെ സമീപകലാത്ത് തരൂര്‍ നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപിയേയും പ്രശംസിച്ചുള്ള പ്രസ്താവനകളുടെയും പശ്ചാത്തലത്തിലാണ് പി.ജെ കുര്യന്റെ വിമര്‍ശനം.

To advertise here,

അടിയന്തരാവസ്ഥയെ കുറിച്ച് തരൂരിന് ഇതാണ് അഭിപ്രായമെങ്കില്‍ അദ്ദേഹം എന്തിനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നതെന്ന് കുര്യന്‍ ചോദിച്ചു. കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ ഒരു കമ്മിറ്റിയിലും തരൂര്‍ ഇത്തരത്തില്‍ അഭിപ്രായം പറഞ്ഞില്ല. കോണ്‍ഗ്രസിനോട് ചേര്‍ന്ന് നിന്നാല്‍ അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ ലഭിക്കും. ഇന്ന് സ്ഥിതി മറിച്ചാണ്. ഇപ്പോള്‍ വല്ലതും കിട്ടണമെങ്കില്‍ മോദിയെ സ്തുതിക്കണം. അതുകൊണ്ടാണ് മോദി സ്തുതി നടത്തുന്നതെന്നും കുര്യന്‍ വ്യക്താക്കി. ഫെയ്‌സ്ബുക്കിലൂടെയാണ് കുര്യന്റെ പ്രതികരണം.

കുര്യന്റെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം...

അടിയന്തിരാവസ്ഥ സംബന്ധിച്ച് ഏത്  അഭിപ്രായം വച്ചു പുലര്‍ത്തുവാനും അത് പ്രകടിപ്പിക്കുവാനും ഒരു വ്യക്തി എന്ന നിലയില്‍ ശ്രീ. ശശി തരൂരിന് എല്ലാ അവകാശങ്ങളുമുണ്ട്.  ഇപ്പോള്‍ അദ്ദേഹം ശ്രീമതി  ഇന്ദിരഗാന്ധിയെയും അടിയന്തിരാവസ്ഥയെയും രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. ഇത്രയും രൂക്ഷമായിരുന്നു  അദ്ദേഹത്തിന്റെ അഭിപ്രായമെങ്കില്‍ അദ്ദേഹം കോണ്‍ഗ്രസ്സില്‍ എന്തിന് ചേര്‍ന്നു?
കോണ്‍ഗ്രസ്സിന്റെ എംപി യായും  മന്ത്രിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. 
അന്ന് എന്തുകൊണ്ട് ഈ അഭിപ്രായം  കമ്മറ്റികളില്‍ പോലും പറഞ്ഞില്ല. കാരണം വ്യക്തം. കോണ്‍ഗ്രസ് അന്ന് ഭരിക്കുന്ന പാര്‍ട്ടിയായിരുന്നു. കോണ്‍ഗ്രസിനോട് ചേര്‍ന്ന് നിന്നാല്‍ അധികാരത്തിന്റെ അപ്പ കഷ്ണങ്ങള്‍ ലഭിക്കും. ഇന്ന് സ്ഥിതി മറിച്ചാണ്. കോണ്‍ഗ്രസ് പ്രതിപക്ഷത്തും ശ്രീ നരേന്ദ്ര മോദി അധികാരത്തിലുമാണ്.  ഇപ്പോള്‍ വല്ലതും കിട്ടണമെങ്കില്‍ മോദിയെ സ്തുതിക്കണം. ശ്രീമതി ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസ്സിനെയും അധിക്ഷേപിക്കണം.  വിശ്വ പൗരന്റെ രാഷ്ട്രീയ നിലവാരവും ആദര്‍ശവും കൊള്ളാം. നല്ല മാതൃക തന്നെ.