തൃശ്ശൂര്‍: ലോക്സഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ മാനക്കേടുണ്ടാക്കിയ തൃശ്ശൂര്‍ തോല്‍വിയില്‍ നടപടിയില്ലാതെ ഏഴുമാസം. കെ. മുരളീധരന്‍ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ബി.ജെ.പി. ജയിക്കുകയും ചെയ്ത ഫലം ജൂണില്‍ പുറത്തുവന്നെങ്കിലും ഇതുവരെ തോല്‍വിയില്‍ തിരുത്തല്‍ നടപടികളൊന്നുമുണ്ടായില്ല. തോല്‍വി അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച കമ്മിഷന്‍ നാലുമാസം മുമ്പ് റിപ്പോര്‍ട്ട് നല്‍കിയിട്ടും തുടര്‍നടപടി ഉണ്ടായില്ല.

To advertise here,

തോല്‍വിക്ക് കാരണക്കാരെന്ന് ആരോപണം നേരിട്ട ചില നേതാക്കള്‍ക്ക് കൂടുതല്‍ സ്ഥാനങ്ങള്‍ ലഭിക്കുകയും ചെയ്തു. തോല്‍വി സംബന്ധിച്ച അന്വേഷണവും നേതാക്കളുടെ വികാരപ്രകടനങ്ങളും പ്രഹസനം മാത്രമാണ് എന്നാണ് കോണ്‍ഗ്രസിലുള്ളവര്‍തന്നെ പറയുന്നത്. തോല്‍വിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായാണ് ഡി.സി.സി. പ്രസിഡന്റ് സ്ഥാനം ജോസ് വള്ളൂര്‍ രാജിവെച്ചത്.

മൂന്നുമാസത്തെ താത്കാലിക ചുമതലയില്‍ എത്തിയ വി.കെ. ശ്രീകണ്ഠന്‍ എം.പി.ക്ക് ഇതുവരെ തിരിച്ചുപോകാനും സാധിച്ചിട്ടില്ല. കോണ്‍ഗ്രസിന് ഏറെ പ്രധാനപ്പെട്ട ചേലക്കര ഉപതിരഞ്ഞെടുപ്പും താത്കാലിക ഡി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു.

ടി.എന്‍. പ്രതാപന്‍, അനില്‍ അക്കര, എം.പി. വിന്‍സെന്റ് , ജോസ് വള്ളൂര്‍ എന്നീ നേതാക്കള്‍ക്കെതിരേയാണ് തോല്‍വിയുമായി ബന്ധപ്പെട്ട് ആരോപണങ്ങളുണ്ടായിരുന്നത്. ഇവര്‍ക്കെതിരേ ഡി.സി.സി. ഓഫീസിനു സമീപം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അന്വേഷണക്കമ്മിഷന്‍ തെളിവെടുപ്പിലും ഇവര്‍ക്കെതിരേ നിരവധി ആരോപണങ്ങളുയര്‍ന്നെന്നാണ് അറിയുന്നത്.

കെ. മുരളീധരന്‍ തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയാകുന്നതിന്റെ ഭാഗമായാണ് ടി.എന്‍. പ്രതാപന് കെ.പി.സി.സി. വര്‍ക്കിങ് പ്രസിഡന്റ് ചുമതല നല്‍കിയത്. തിരഞ്ഞെടുപ്പിനുശേഷം പ്രതാപന് കൂടുതല്‍ ചുമതലകള്‍ നല്‍കുകയാണ് പാര്‍ട്ടി ചെയ്തത്. കഴിഞ്ഞ ദിവസം കെ.എസ്.യു.വിന്റെ ചുമതലയും. ഇതില്‍ പാര്‍ട്ടിക്കുള്ളില്‍ത്തന്നെ അതൃപ്തിയുണ്ട്. 

ആരോപണവിധേയരായ മറ്റുനേതാക്കളെയും മാറ്റിനിര്‍ത്താനാകാത്ത സ്ഥിതിയിലാണ് കോണ്‍ഗ്രസ് നേതൃത്വം. ഈ വര്‍ഷം നടക്കുന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ തുടങ്ങാറായിട്ടും കഴിഞ്ഞ തിരഞ്ഞെടുപ്പിന്റെ പ്രശ്നങ്ങള്‍ തീര്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.