കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ഉദ്യോഗസ്ഥരുടെ കുറവ് സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണവിഭാഗം റിപ്പോർട്ട് നൽകി. ഗോവിന്ദച്ചാമിക്ക്‌ പുറമേ ഒരാൾകൂടി ജയിൽ ചാടാൻ പദ്ധതിയിട്ടിരുന്നതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. കണ്ണൂരിൽ 150 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരും 45 ഡെപ്യൂട്ടി പ്രിസൺ ഓഫീസർമാരുമാണ് വേണ്ടത്. എന്നാലിപ്പോൾ 23 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരുടെ കുറവുണ്ട്‌. 960 പേരെ തടവിൽ പാർപ്പിക്കാൻ സൗകര്യമുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ 1200 തടവുകാരാണുള്ളത്‌. ഇവരെ നിരീക്ഷിക്കാൻ വേണ്ടത്ര ജീവനക്കാരില്ലെന്നും റിപ്പോർട്ടിൽ പറയുന്നു

To advertise here,

തടവുകാരുടെ മേൽനോട്ടം മാത്രമല്ല ഡ്യൂട്ടി

തടവുകാരുടെ മേൽനോട്ടവും ആസ്പത്രി ഡ്യൂട്ടിയും മാത്രമല്ല ഇപ്പോൾ ജയിൽ ഉദ്യോഗസ്ഥർക്കുള്ളത്. ഫ്രീഡം ചപ്പാത്തി കേന്ദ്രം, ബാർബർ ഷോപ്പ്, പെട്രോൾ പമ്പ്, കോഴി, ആട് ഫാമുകൾ തുടങ്ങിയവയുടെ മേൽനോട്ടവുമുണ്ട്. തടവുകാരെ ഹാജരാക്കാൻ കോടതികൾ നിർദേശിക്കുമ്പോൾ പോലീസ് സഹായം ലഭിക്കാറില്ല. ഈ സമയത്ത്‌ കോടതി ഡ്യൂട്ടിയും ജയിൽ ഉദ്യോഗസ്ഥരുടെ ചുമലിലാകും. രണ്ട് ജീവനക്കാർ പെട്രോൾ പമ്പിലും ഓരോ ഉദ്യോഗസ്ഥൻ വീതം അടുക്കളയിലും ഫ്രീഡം ഫുഡ് ഫാക്ടറിയിലും സുരക്ഷാച്ചുമതല വഹിക്കുന്നു.

പറന്നുവരുന്ന കഞ്ചാവ്

ഉദ്യോഗസ്ഥരുടെ കുറവ് മുതലെടുത്ത് തടവുകാർ പ്രത്യേക കേന്ദ്രത്തിലൂടെ ലഹരിവസ്തുക്കൾ ജയിലിൽ എത്തിക്കുന്നുണ്ട്. വനിതാ ജയിലിന്റെ ഭാഗത്തുകൂടിയും സൂപ്രണ്ടിന്റെ ക്വർട്ടേഴ്‌സിന്റെ ഭാഗത്തുകൂടിയും ജയിലിനകത്ത്‌ എറിഞ്ഞുകൊടുക്കുന്നു. ഈ ഭാഗത്ത്‌ സിസിടിവി ക്യാമറകളുമില്ല. ഈ സ്ഥലങ്ങളിൽ ഉദ്യോഗസ്ഥർ എത്തുന്ന സമയത്തെക്കുറിച്ച് തടവുകാർക്ക് ധാരണയുമുണ്ട്. റിമാൻഡ് കഴിഞ്ഞ് പുറത്തിറങ്ങുന്നവരാണ് ലഹരിവസ്തുക്കൾ എത്തിക്കുന്നതെന്ന് അധികൃതർ പറയുന്നു.