
കണ്ണൂർ: ഗോവിന്ദച്ചാമിയുടെ നിഗൂഢത നിറഞ്ഞ ജയിൽച്ചാട്ടത്തിന് വെള്ളിയാഴ്ച ഒരുവർഷം പൂർത്തിയാകുമ്പോൾ ചാമി ജയിലിൽനിന്ന് പുറത്തിറങ്ങിയതെങ്ങനെയെന്ന ദുരൂഹത തുടരുന്നു. കേസിൽ കുറ്റപത്രവും ഇതുവരെ സമർപ്പിച്ചിട്ടില്ല. സംഭവത്തെക്കുറിച്ച് നാല് സംഘങ്ങൾ അന്വേഷിച്ചെങ്കിലും ഇരുട്ടിൽ തപ്പുകയാണിപ്പോഴും.
2011 ഫെബ്രുവരി ഒന്നിന് തീവണ്ടിയാത്രയ്ക്കിടെ ഷൊർണൂർ റെയിൽവേ സ്റ്റേഷനുസമീപം പെൺകുട്ടിയെ തീവണ്ടിയിൽനിന്ന് പുറത്തേക്ക് വലിച്ചിട്ട് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയാണ് ഗോവിന്ദച്ചാമി. ജൂലായ് 24-ന് പുലർച്ചെയാണ് കണ്ണൂർ സെൻട്രൽ ജയിലിലെ 10-ാം ബ്ലോക്കിൽനിന്ന് ഒറ്റക്കൈയുള്ള ഗോവിന്ദച്ചാമി രക്ഷപ്പെട്ടത്. മൂന്നുകിലോമീറ്റർ അകലെയുള്ള തളാപ്പിലെ കിണറ്റിൽനിന്ന് മണിക്കൂറുകൾക്കുശേഷം പിടികൂടി. പിന്നീട് വിയ്യൂർ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.
സിറ്റി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള ആദ്യ അന്വേഷണത്തിൽ കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ കേസ് ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചു. കണ്ണൂർ-കാസർകോട് ക്രൈംബ്രാഞ്ച് സംഘമാണ് പിന്നീട് അന്വേഷിച്ചത്. ജയിലഴി മുറിച്ച ആയുധത്തിന്റെ സാങ്കേതികവിവരങ്ങളെക്കുറിച്ച് കോഴിക്കോട് എൻ.െഎ.ടി.യിൽനിന്നുള്ള റിപ്പോർട്ട് കിട്ടിയാൽ കുറ്റപത്രം സമർപ്പിക്കാൻ കഴിയുമെന്നാണ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംഭവത്തെക്കുറിച്ച് ജയിൽവകുപ്പ് അന്വേഷിച്ച് നാല് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തതിനപ്പുറം വകുപ്പുതല അന്വേഷണവും പാതിവഴി കടന്നില്ല. ജയിൽച്ചാട്ടം അത്യന്തം ഗൗരവതരമെന്ന് വിലയിരുത്തി പ്രത്യേക അന്വേഷണസംഘത്തെയും നിയമിച്ചിരുന്നു. റിട്ട. ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ, മുൻ ഡി.ജി.പി. ജേക്കബ് പുന്നൂസ് എന്നിവരടങ്ങുന്ന സംഘമാണ് അന്വേഷിക്കുന്നത്.
റിപ്പോർട്ട് നൽകാൻ മൂന്നുമാസം അനുവദിച്ചെങ്കിലും ആറുമാസമെങ്കിലും വേണമെന്നായിരുന്നു ആവശ്യം. ഒരുവർഷം പിന്നിട്ടിട്ടും ഈ റിപ്പോർട്ട് നൽകാനായിട്ടില്ല.
ജയിലിൽ മാറ്റമൊന്നുമില്ല, എല്ലാം പഴയപോലെ
- മതിലിന് മുകളിലെ ഫെൻസിങ്ങിലൂടെയുള്ള വൈദ്യുതിവിതരണം നിലച്ചിട്ട് രണ്ടുവർഷം. ഇനിയും പുനഃസ്ഥാപിച്ചില്ല.
- തടവുകാരെ പാർപ്പിച്ചിട്ടുള്ള പത്ത് ബ്ലോക്കുകൾക്കും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ബലക്ഷയം സംഭവിച്ചിട്ടും നന്നാക്കാൻ നടപടിയില്ല.
- അതിസുരക്ഷയുള്ള 10-ാം നമ്പർ ബ്ലോക്ക് ജീർണാവസ്ഥയിലാണ്. ഓടുമേഞ്ഞ കെട്ടിടമാണ്.
- സി.സി.ടി.വി. ദൃശ്യങ്ങൾ യഥാസമയം പരിശോധിക്കുന്നില്ല.
- ജയിലിന്റെ അകം നിരീക്ഷിക്കാൻ മതിലിന് പുറത്ത് സ്ഥാപിച്ച ടവർ നോക്കുകുത്തി. സുരക്ഷാജീവനക്കാർ ഉണ്ടാകാറില്ല.
- ജയിൽ വാർഡർമാരുടെ വാക്കിടോക്കി പലതും പ്രവർത്തിക്കുന്നില്ല.
- ജയിൽ കവാടത്തിലെ 'ഔട്ട് പാറാവ്' ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയില്ല.
- തടവുകാരെ പാർപ്പിച്ച ബ്ലോക്കുകളിലും പുറത്തും ആവശ്യമായ വെളിച്ചമില്ല.
Content Highlights: Govindachamy's jailbreak investigation remains inconclusive after one year., Lack of progress in chargesheet filing due to pending technical reports from NIT., Special investigation commission report is significantly delayed., Critical security lapses in Kannur Jail remain unaddressed, including faulty CCTV and broken fencing.
Published: 24 Jul 2026, 08:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented