കൊല്ലം: എല്ലാ പോലീസ് ഉദ്യോഗസ്ഥർക്കും ആഴ്ചയിലൊരുദിവസം അവധി നിർബന്ധമാക്കി. കുട്ടികളുടെ ജന്മദിനത്തിലും വിവാഹവാർഷികദിവസവും അവധി നൽകണമെന്നും പറഞ്ഞിട്ടുണ്ട്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ സൗകര്യമൊരുക്കി പോലീസുകാരുടെ മാനസികസമ്മർദ്ദം കുറയ്ക്കുകയാണ് ലക്ഷ്യം.

To advertise here,

സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (എസ്.എച്ച്.ഒ.മാർ) ഉൾപ്പെടെയുള്ള മുഴുവൻ പോലീസ് സേനാംഗങ്ങൾക്കും നിർബന്ധിത അവധിക്ക് അർഹതയുണ്ടെന്നാണ്, ക്രമസമാധാന ചുതലയുള്ള എ.ഡി.ജി.പി. പി. വിജയൻ ജില്ലാ പോലീസ് മേധാവിമാരോട് നിർദേശിച്ചിരിക്കുന്നത്.

അടിയന്തരാവശ്യങ്ങൾക്ക് വിധേയമായി, ഊഴമനുസരിച്ച് പ്രതിവാര അവധികൾ ശരിയായി ക്രമീകരിച്ച് ഡ്യൂട്ടി റോസ്റ്ററിൽ ഉൾപ്പെടുത്തണം. മേൽനോട്ട ഉദ്യോഗസ്ഥർക്കാണ് ഇതിന്റെ ചുമതല.

എന്നാൽ ലോക്കൽ പോലീസ് സ്റ്റേഷനുകളിലെ നിലവിലെ ആൾബലം െവച്ച് ആഴ്ചയിലൊരു നിർബന്ധിത അവധി നൽകൽ ദുഷ്കരമാകും. അതുകൊണ്ടുതന്നെ അവധിയും ആഴ്ചയിലെ ഓഫും ഒഴിവാക്കാനുള്ള വ്യവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.

അടിയന്തര സാഹചര്യമോ ഒഴിവാക്കാനാവാത്ത ഡ്യൂട്ടി ആവശ്യകതയോയുള്ള സന്ദർഭങ്ങളിൽ അവധി നിരസിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. അവധി നിരസിക്കുന്ന ഓരോ സന്ദർഭത്തിലും അതിനുള്ള വ്യക്തമായ കാരണങ്ങൾ ബന്ധപ്പെട്ട അധികാരി രേഖപ്പെടുത്തണമെന്നാണ് നിർദേശം.

ആഴ്ചാവധികളുടെയും പ്രത്യേക കുടുംബ അവസരങ്ങളിലെ അവധി അപേക്ഷകളുടെയും രേഖകൾ യൂണിറ്റ് തലത്തിൽ സൂക്ഷിക്കണം. 2018-ലും 2023-ലും സമാനനിലയിലുള്ള ഉത്തരവുകൾ ഇറക്കിയെങ്കിലും ആൾക്ഷാമം മൂലം പ്രായോഗികമായില്ല.

ഞായറാഴ്ച അവധിയെടുക്കാത്ത(ഡേ ഓഫ്) പോലീസുകാർക്ക് പകരം ഒരുദിവസം അവധി നൽകുകയോ ഇല്ലെങ്കിൽ 600 രൂപ അലവൻസ്‌ നൽകുകയോ വേണം. പുതിയ ഉത്തരവിൽ അലവൻസിന്റെ കാര്യം വ്യക്തമാക്കിയിട്ടില്ല.

മുൻപ്‌ മുതലുള്ള ആൾക്ഷാമത്തിന് പുറമേ, ‘എന്റെ പോലീസ് സ്റ്റേഷൻ’ പദ്ധതി, സി.ഐ. ഓഫീസുകളുടെ രൂപവത്കരണം, സ്ഥലംമാറ്റങ്ങൾ എന്നിവ വഴി ലോക്കൽ സ്റ്റേഷനുകളിലെ പോലീസുകാരുടെ എണ്ണം കുത്തനെ കുറഞ്ഞിട്ടുണ്ട്.