
കാളികാവ്: ടാപ്പിങ് തൊഴിലാളിയെ കൊന്നുതിന്ന കടുവയെ പിടികൂടാന്‍ ശ്രമം തുടരുന്നു.
കടുവയുടെ കാല്പാടുകള്‍ കണ്ടെത്തിയെങ്കിലും കൃത്യമായി സ്ഥലം നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ വനംവകുപ്പ് സംഘം ആദ്യദിനം കൂട് സ്ഥാപിച്ച് മടങ്ങി. കടുവ പതിവായി ജീവികളെ പിടികൂടി തിന്നുന്നതായി കണ്ടെത്തിയ സ്ഥലത്തും വെള്ളം കുടിക്കാനായി ഇറങ്ങുന്നൂവെന്ന് കരുതുന്ന ചോലയുടെ അരികിലുമാണ് കൂട് സ്ഥാപിച്ചത്. ശനിയാഴ്ച തിരച്ചില്‍ പുനരാരംഭിക്കും. കടുവയെ പിടികൂടുന്നതുവരെ തിരച്ചില്‍ തുടരാനാണ് തീരുമാനം.
നാല് സംഘങ്ങളായി നാല്പതിലേറെ പേരടങ്ങുന്ന സംഘമാണ് തിരച്ചില്‍ നടത്തുന്നത്. മയക്കുവെടി സംഘത്തലവന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലാണ് കടുവയെ പിടിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്.
കല്ലാമൂല പാലത്തിങ്ങലിലെ കളപ്പറമ്പില്‍ ഗഫൂര്‍ അലിയെ (44)യാണ് കഴിഞ്ഞദിവസം കടുവ കൊന്നത്. മലയോരമേഖലയായ കാളികാവിനടുത്ത് അടയ്ക്കാക്കുണ്ട് റാവുത്തന്‍കാട് മലയിലെ റബ്ബര്‍ത്തോട്ടത്തില്‍ വ്യാഴാഴ്ച രാവിലെ ഏഴുമണിയോടെയാണ് സംഭവം.
വ്യാഴാഴ്ചതന്നെ അധികൃതര്‍ മലയിലെത്തി കടുവയെ കണ്ടെത്താന്‍ ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. ക്യാമറകളിലെ മെമ്മറി കാര്‍ഡ് പരിശോധനയാണ് വെള്ളിയാഴ്ച ആദ്യം നടത്തിയത്. അന്‍പതിലേറെ ക്യാമറകള്‍ പരിശോധിച്ചെങ്കിലും സൂചനകളൊന്നും ലഭിച്ചില്ല.
കാടിളക്കി തിരയാനായി വയനാട് മുത്തങ്ങയില്‍നിന്ന് കുഞ്ചുവെന്ന കുങ്കിയാനയെ വ്യാഴാഴ്ച ഇവിടെ എത്തിച്ചിരുന്നു. പാലക്കാട്ടുനിന്ന് കോന്നി സുരേന്ദ്രന്‍ എന്ന കുങ്കിയാനയെ വെള്ളിയാഴ്ച രാത്രിയോടെയും സ്ഥലത്തെത്തിച്ചു. ഇവയെ ഉപയോഗിച്ച് ശനിയാഴ്ച കാടിളക്കി പരിശോധന നടത്താനാണ് തീരുമാനം.
ടാപ്പിങ് തൊഴിലാളിയായ ഗഫൂര്‍ അലിയെ കൊലപ്പെടുത്തിയ തോട്ടം മേഖല ചെങ്കോട് മലവാരത്തിനും സൈലന്റ് വാലി കാടുകളോടും ചേര്‍ന്നുകിടക്കുന്ന ചെങ്കുത്തായ പ്രദേശമാണ്. കടുവയെ മയക്കുവെടിവെച്ച് പിടിക്കുക ദുഷ്‌കരമാണെന്ന് വനമേഖല പരിചയമുള്ളവര്‍ പറയുന്നു. അടിക്കാടുകള്‍ വളര്‍ന്നുനില്‍ക്കുന്ന കുത്തനെയുള്ള മലഞ്ചെരിവില്‍ കടുവയെ പിന്തുടര്‍ന്ന് കണ്ടെത്തുക എളുപ്പമല്ല. കാട്ടിനുള്ളില്‍ ആള്‍പ്പെരുമാറ്റമുണ്ടായാല്‍ കടുവ ഉള്‍വനത്തിലേക്ക് കടന്നു കളയാനുള്ള സാധ്യതയും കൂടുതലാണ്.
നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജീവനോടെ പിടിക്കാനാണ് സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജിയര്‍ (എസ്.ഒ.പി.) പ്രകാരം ചേര്‍ന്ന സമിതി തീരുമാനിച്ചത്.
പാലക്കാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉമാ കമല്‍ഹാര്‍ സ്ഥലത്ത് ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. നിലമ്പൂര്‍ സൗത്ത് ഡിഎഫ്ഒ ജി. ധനിക് ലാല്‍, കാളികാവ് ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ പി. രാജീവ് തുടങ്ങിയവര്‍ നേതൃത്വംനല്‍കുന്നു.
കാടിളക്കി തിരച്ചില്‍,ജാഗ്രതാ നിര്‍ദേശം
അടയ്ക്കാക്കുണ്ട് റാവുത്തന്‍കാട്ടില്‍ കാടിളക്കി തിരച്ചിലിന് വനം വകുപ്പ് സര്‍വ സന്നാഹങ്ങളും ഒരുക്കി. ശനിയാഴ്ച തിരച്ചിലിന് രണ്ടു കുങ്കിയാനകള്‍ ഉള്‍പ്പെടെയുള്ള സംവിധാനമാണ് സജ്ജീകരിച്ചിട്ടള്ളത്.
വയനാട് മുത്തങ്ങയില്‍നിന്ന് കുഞ്ചുവെന്ന കുങ്കിയാനയെ വ്യാഴാഴ്ച ഇവിടെ എത്തിച്ചിരുന്നു. അരിക്കൊമ്പന്‍ ആനയെ പിടിച്ചുകെട്ടുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച കോന്നി സുരേന്ദ്രന്‍ എന്ന ആനയെ വെള്ളിയാഴ്ച വൈകീട്ട് ആറോടെയും എത്തിച്ചു. മലയോരത്തിന്റെ രണ്ടു ഭാഗങ്ങളിലൂടെ ആനകളെ കയറ്റി കാടിളക്കി കടുവയെ പുറത്തുചാടിക്കാനാണ് പദ്ധതി. പ്രദേശത്തുകാര്‍ക്ക് വനം വകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കി. കാട്ടില്‍ തിരച്ചില്‍ നടത്തുന്നതിനാല്‍ കടുവ പുറത്തുചാടാനുള്ള സാധ്യതയുണ്ടെന്നും കരുതിയിരിക്കണമെന്നും വാഹനത്തില്‍ അനൗണ്‍സ്മെന്റ് നടത്തി അറിയിച്ചിട്ടുണ്ട്. മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള നാല് ഷൂട്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള സംഘം സ്ഥലത്തുണ്ട്. പെട്ടെന്നുതന്നെ കടുവയെ പിടികൂടി ദൗത്യം പൂര്‍ത്തിയാക്കാനാണ് വനം വകുപ്പ് ലക്ഷ്യമിടുന്നത്. ആനകളെ അടയ്ക്കാക്കുണ്ട് ഗവ. എല്‍പി സ്‌കൂളിലാണ് തളച്ചിട്ടുള്ളത്. വനപാലകര്‍ അടയ്ക്കാക്കുണ്ട് ക്രസന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് ക്യാമ്പ് ചെയ്യുന്നത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സിസിഎഫ് ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമുണ്ട്.
മയക്കുവെടി വിദഗ്ധന്‍ ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തില്‍ നാല് ഷൂട്ടര്‍മാര്‍ സ്ഥലത്തുണ്ട്
ഗഫൂർ അലിക്ക് കണ്ണീരാദരം
കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗഫൂർ അലിക്ക് ജന്മനാടിന്റെ കണ്ണീരാദരം. ശരീരത്തിലെ മുറിവുകൾ തിട്ടപ്പെടുത്താനടക്കമുള്ളതിനാൽ പോസ്റ്റ്മോർട്ടം പ്രതീക്ഷിച്ചതിലും വൈകിയിരുന്നു. കടുവ കഴുത്തിൽ കടിച്ചുവീഴ്‌ത്തിയതുൾപ്പെടെ ഏറെ മുറിവുകൾ പറ്റിയിരുന്നു. രാത്രി ഒൻപതുകഴിഞ്ഞാണ് മൃതദേഹം വീട്ടിലെത്തിച്ചത്.
പെട്ടെന്ന് നടപടിക്രമങ്ങൾ പൂർത്തിയാക്കി കബറടക്കം നടത്താൻ നിശ്ചയിച്ചിരുന്നെങ്കിലും ആളുകളുടെ തിരക്കുകൊണ്ട് ഏറെ വൈകി. നാട്ടിലെ സൗമ്യമുഖമായ ഗഫൂർ അലിയെ അവസാനമായി ഒരുനോക്കുകാണാൻ വൻ ജനാവലിയാണ് എത്തിയത്.
പകൽ അധികൃതർക്കുമുൻപിൽ പ്രതിഷേധത്തിന്റെ കരുത്തുകാട്ടിയ നാട്ടുകാർ പ്രിയ സുഹൃത്തിന്റെ വേർപാട് ഉൾക്കൊള്ളാനാകാതെ വിതുമ്പി. രാത്രി വൈകിയതോടെ ആളുകളുടെ തിരക്ക് അവഗണിച്ച് കബറടക്കത്തിലേക്കു നീങ്ങുകയായിരുന്നു. ചടങ്ങ് പൂർത്തിയാക്കി ബന്ധുക്കൾ കല്ലാമൂല പള്ളിക്കാട്ടിൽനിന്നു പിരിയുമ്പോൾ രാത്രി 12 കഴിഞ്ഞു.
വീടെന്നെ സ്വപ്നം യാഥാർഥ്യമാക്കി ഒരുവർഷം പൂർത്തിയാകും മുൻപാണ് ഗഫൂർ അലിയുടെ വിയോഗം. ഗഫൂർ അലിയുടെ വേർപാട് ബന്ധുക്കൾക്കും നാട്ടുകാർക്കും ഉൾക്കൊള്ളാനായിട്ടില്ല. വീടിന്റെ കടം തീർക്കാനായി കച്ചവടം മതിയാക്കിയാണ് ഗഫൂർ അലി ടാപ്പിങ്ങിനിറങ്ങിയത്.
ആശ്വാസധനമായി അഞ്ചുലക്ഷം
അടയ്ക്കാക്കുണ്ട് പാറശ്ശേരി റാവുത്തൻകാട്ടിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ചോക്കാട് കല്ലാമൂല കളപ്പറമ്പിൽ ഗഫൂർ അലി(44)യുടെ കുടുംബത്തിന് അടിയന്തര സഹായമായി അഞ്ചുലക്ഷം രൂപ കൈമാറി.
ചെക്ക് ഗഫൂർ അലിയുടെ സഹോദരൻ കളപ്പറമ്പിൽ മുഹമ്മദ് അഷ്റഫിന് നിലമ്പൂർ സൗത്ത് ഡിഎഫ്ഒ ജി. ധനിക്'ലാലാണ് കൈമാറിയത്. അഞ്ചുലക്ഷം രൂപകൂടി അനന്തരാവകാശ സർട്ടിഫിക്കറ്റ് ഹാജരാക്കുന്നമുറയ്ക്ക് കൈമാറും. ദുരിതാശ്വാസനിധിയിൽനിന്ന് നാലുലക്ഷം രൂപ സഹായം ലഭ്യമാക്കാനുള്ള ശ്രമവും വനം വകുപ്പ് നടത്തുന്നുണ്ട്.
എ.പി. അനിൽകുമാർ എംഎൽഎ, ചോക്കാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. സിറാജുദ്ദീൻ, സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.എം. ഷൗക്കത്ത്, ജില്ലാപഞ്ചായത്തംഗം കെ.ടി. അജ്മൽ, ഗ്രാമപ്പഞ്ചായത്തംഗങ്ങൾ, രാഷ്‌ട്രീയനേതാക്കൾ തുടങ്ങിയവരും വീട്ടിലെത്തിയിരുന്നു.
വനംമന്ത്രിയെ കൈയും കാലും കെട്ടി കടുവാക്കൂട്ടിലിടണം-വി.എസ്. ജോയ്
കാളികാവ്: ‘വനംമന്ത്രി എ.കെ. ശശീന്ദ്രനെ കൈയുംകാലും കെട്ടി കടുവാക്കൂട്ടിലേക്ക് ഇട്ടുകൊടുത്താലേ പ്രാണഭയം എന്തെന്ന് അയാൾക്കു മനസ്സിലാകൂ’എന്ന് മലപ്പുറം ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി.എസ്. ജോയ്. കടുവയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് കാളികാവ് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് കോൺഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു ഡിസിസി പ്രസിഡന്റ്.
മനുഷ്യൻ മരിക്കുമ്പോൾ ചിരിക്കുകയും മൃഗങ്ങൾ മരിക്കുമ്പോൾ കരയുകയുംചെയ്യുന്ന ഒരു കടൽക്കിഴവനാണ് കേരളത്തിലെ വനംമന്ത്രിയെന്ന് അദ്ദേഹം വിമർശിച്ചു. പശ്ചിമഘട്ട മലനിരയിൽ മനുഷ്യ കബന്ധങ്ങൾ ഇങ്ങനെ ചിതറിക്കിടന്നുകഴിഞ്ഞാൽ ഈ പശ്ചിമഘട്ട മലനിരകളെ കത്തിച്ചാമ്പലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കടുവയ്ക്ക് കൂട് വെയ്ക്കണമെന്ന് രണ്ടുമാസംമുൻപ് എ.പി. അനിൽകുമാർ എംഎൽഎ നിയമസഭയിൽ ആവശ്യപ്പെട്ടതാണ്. ഒരു നടപടിയും സ്വീകരിക്കാതെ ഇപ്പോൾ വനംവകുപ്പ് മൂന്നു കൂടുമായി വന്നിരിക്കുകയാണ്. തോട്ടംതൊഴിലാളിയെ കടുവ പിടിക്കാനിടയായ സംഭവത്തിൽ മുഖ്യമന്ത്രിയെ ഒന്നാംപ്രതിയായും വനംമന്ത്രിയെ രണ്ടാംപ്രതിയായും കേസെടുക്കണം -വി.എസ്. ജോയി കൂട്ടിച്ചേർത്തു. അഞ്ചു വർഷത്തിനിടെ വിവിധ സംഭവങ്ങളിലായി പത്തോളംപേർക്ക് ജീവഹാനിയും നൂറിലേറെപ്പേർക്ക് ഗുരുതര പരിക്കുകളും സംഭവിച്ചിട്ടുണ്ടെന്നും ജോയി പറഞ്ഞു.
പുറ്റമണ്ണയിൽ നിന്ന് ആരംഭിച്ച മാർച്ച് ഫോറസ്റ്റ് സ്റ്റേഷന്റെ 100 മീറ്റർ അകലെ പോലീസ് തടഞ്ഞു. പ്രതിഷേധക്കാർ തള്ളിമാറ്റി മുന്നോട്ട് നീങ്ങാൻ ശ്രമിച്ചെങ്കിലും പോലീസ് കയറു കെട്ടി തടഞ്ഞു .
മമ്പാടൻ മജീദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല,ബ്ലോക്ക്കോൺഗ്രസ് പ്രസിഡന്റ് ജോജി കെ. അലക്സ്, മണ്ഡലം പ്രസിഡൻ്റ് ഐ. മുജീബ് റഹ്മാൻ തുടങ്ങിയവർ സംസാരിച്ചു.
Content Highlights: search man-eating tiger that killed a rubber tapper in Kalikavu,
Published: 17 May 2025, 07:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented