മൂന്നാര്‍: മാട്ടുപ്പട്ടിയില്‍ സീപ്ലെയിന്‍ ഇറക്കുന്നതിനെതിരേ ഇടുക്കി ജില്ല കളക്ടര്‍ക്ക് കത്ത് നല്‍കി വനംവകുപ്പ്. മൂന്നാര്‍ ഡി.എഫ്.ഒ. ഇന്‍ ചാര്‍ജ് ജോബ് ജെ.നേര്യംപറമ്പിലാണ് ഇതുസംബന്ധിച്ച് കളക്ടര്‍ക്ക് കത്ത് നല്‍കിയത്. പ്രദേശം കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രമാണെന്നും പദ്ധതി മനുഷ്യ-വന്യമൃഗ സംഘര്‍ഷം വര്‍ധിപ്പിക്കുമെന്നുമാണ് കത്തില്‍ പറയുന്നത്. നേരത്തെ പ്രദേശത്ത് നടന്ന സംയുക്ത പരിശോധനയിലും വനംവകുപ്പ് ആശങ്ക അറിയിച്ചിരുന്നു.
കത്തില്‍ പറയുന്നത്...
സീ പ്ലെയിന്‍ പദ്ധതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന മാട്ടുപ്പട്ടി ജലാശയം വനമേഖലയ്ക്ക് സമീപത്താണ്. ആനമുടി ഷോല ദേശീയോദ്യാനത്തില്‍നിന്ന് 3.5 കിലോമീറ്റര്‍ ആകാശദൂരം മാത്രമാണുള്ളത്. പാമ്പാടുംഷോല ദേശീയോദ്യാനം, കുറിഞ്ഞിമല ഉദ്യാനം തുടങ്ങിയ പരിസ്ഥിതിദുര്‍ബല മേഖലകളും ജലാശയത്തില്‍നിന്ന് അധികം അകലെയല്ല. കാട്ടാനകളുടെ ആവാസകേന്ദ്രമായ കണ്ണന്‍ ദേവന്‍ ഹില്‍സ് റിസര്‍വ് ജലാശയത്തിന് സമീപത്താണ്. വൃഷ്ടിപ്രദേശത്ത് സദാസമയവും കാട്ടാനകളുടെ സാന്നിധ്യമുണ്ട്. ആനകള്‍ ജലാശയം മുറിച്ചുകടന്ന് ദേശീയോദ്യാനങ്ങളിലേക്ക് സഞ്ചരിക്കുന്നതും പതിവാണ്.
ജലാശയത്തില്‍ വിമാനമിറങ്ങുന്നത് ആനകളുടെ സഞ്ചാരത്തിന് തടസ്സമാകും. മറ്റ് വന്യജീവികളുടെ സൈ്വരവിഹാരത്തിനും ഇത് തടസ്സം സൃഷ്ടിക്കും. മനുഷ്യ-വന്യജീവി സംഘര്‍ഷസാധ്യത കൂട്ടും. ഇത്തരം സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് ദേശീയ വന്യജീവി ബോര്‍ഡിന്റെ അംഗീകാരത്തോടെയുള്ള ലഘൂകരണ പദ്ധതി പ്രദേശത്ത് നിര്‍ബന്ധമായും നടപ്പാക്കണമെന്നും കത്തില്‍ പറയുന്നു.
എവിടേയും കാട്ടാനകള്‍
നേരത്തെ പദ്ധതിയേക്കുറിച്ച് ആശങ്കയറിയിച്ച വനംവകുപ്പ് ഇപ്പോള്‍ എതിര്‍പ്പുമായി രംഗത്തെത്തിയതോടെ, ഏറെ പ്രതീക്ഷ നല്‍കിയ പദ്ധതി തുലാസിലായി. മൂന്നാര്‍ മേഖലയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും കാട്ടാന ഉള്‍പ്പെടെയുള്ള വന്യമൃഗങ്ങളുടെ സാന്നിധ്യം പതിവാണ്. മാട്ടുപ്പട്ടി കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിന് സമീപത്തുള്ള പുല്‍മേട്ടില്‍ രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാന ഇറങ്ങുന്നുണ്ട്.
Content Highlights: seaplane project munnar dfo warns of spike human animal conflict
Published: 15 Nov 2024, 08:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented