കാലടി: സംസ്കൃത സർവകലാശാലയിൽ സസ്പെൻഷനിലായ 16 വിദ്യാർഥികളിൽ 12 പേരെ ഉപാധികളോടെ തിരിച്ചെടുക്കാൻ സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. 4 പേരുടെ സസ്‌പെൻഷൻ തുടരും. സസ്‌പെൻഷൻ കാലാവധി 60 ദിവസമായ സാഹചര്യത്തിലാണ് 12 പേരെ തിരിച്ചെടുക്കാൻ തീരുമാനിച്ചത്. ഇവർ മാപ്പപേക്ഷ നൽകണം. മാതാപിതാക്കളുമായി കാമ്പസിൽവന്ന് അക്രമസമരങ്ങളിൽ പങ്കെടുക്കില്ലെന്ന് എഴുതി നൽകണം. സസ്പെൻഷൻ കാലാവധിയിൽ കാമ്പസിൽ പ്രവേശിക്കാൻ പാടില്ലെന്ന നിർദേശം ലംഘിച്ചതിനാണ് നാലുപേർക്കെതിരേ നടപടി തുടരുന്നത്.

To advertise here,

ശ്യാംജിത്ത്, ശ്രദ്ധ, കെ.വി. അഭിജിത്ത്, പി.എസ്. അർച്ചന എന്നിവരാണ് സസ്പെൻഷനിൽ തുടരുക. ഇവരുടെ സസ്പെൻഷൻ കാലാവധി രണ്ടുമാസത്തേക്ക് നീട്ടി. ശ്യാംജിത്ത് എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറിയും അർച്ചന യൂണിറ്റ് പ്രസിഡന്റുമാണ്. ഓൺലൈനായാണ് സിൻഡിക്കേറ്റ് യോഗം ചേർന്നത്.

ഓഗസ്റ്റ് 13-ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിനിടെയുണ്ടായ അക്രമസംഭവങ്ങളേത്തുടർന്ന് സസ്പെൻഷനിലായ 16 വിദ്യാർഥികളും സംഭവത്തിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് അച്ചടക്കസമിതി കൺവീനറും സിൻഡിക്കേറ്റ് അംഗവുമായ അഡ്വ. കെ.ബി. സാബു പറഞ്ഞു. സസ്പെൻഷനിലായ വിദ്യാർഥികൾക്ക് പരീക്ഷയെഴുതേണ്ട സാഹചര്യം കോടതിയുടെ പരിഗണനയിലായതിനാൽ യോഗം ചർച്ചചെയ്തില്ല. സിൻഡിക്കേറ്റ് തീരുമാനങ്ങളിൽ വിയോജിപ്പ് രേഖപ്പെടുത്തി പ്രേംകുമാർ എം.എൽ.എ. ഓൺലൈൻ യോഗത്തിൽനിന്നും പുറത്തുപോയി.

അതേസമയം മുഴുവൻ വിദ്യാർഥികളുടെയും സസ്പെൻഷൻ പിൻവലിക്കാത്ത സാഹചര്യത്തിൽ സർവകലാശാല കാമ്പസിനുമുന്നിൽ നിരാഹാരസമരവുമായി മുന്നോട്ടു പോകാനാണ് എസ്.എഫ്.ഐ.യുടെ തീരുമാനം. തിരിച്ചെടുക്കാനായി ആരും മാപ്പപേക്ഷ നൽകില്ലെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് പറഞ്ഞു.