
കോട്ടയ്ക്കൽ: സുന്നി ഐക്യം കാലഘട്ടത്തിന്റെ വലിയ അനിവാര്യതയാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽസെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ. കോട്ടയ്ക്കലിൽ സമസ്ത നൂറാംവാർഷിക വിളംബര സമ്മേളനത്തിലാണ് ചരിത്ര പ്രഖ്യാപനം.
മാതൃസംഘടനയിൽനിന്നു വിട്ടുപോയവർ തിരിച്ചുവരണമെന്ന് ഞായറാഴ്ച കാസർകോട് കുണിയയിൽ നടന്ന സമസ്ത (ഇ.കെ. വിഭാഗം) ശതാബ്ദി അന്താരാഷ്ട്ര സമ്മേളനത്തിന്റെ സമാപനസമ്മേളനത്തിൽ പ്രസിഡന്റ് ജിഫ്രി മുഹമ്മദ് മുത്തുക്കോയ തങ്ങൾ ആഹ്വാനംചെയ്തിരുന്നു. കാന്തപുരം വിഭാഗംകൂടി ഐക്യചർച്ചകൾ തുടരുമെന്ന് പ്രഖ്യാപിച്ചതോടെ രണ്ടു സമസ്തകൾക്കിടയിൽ കൂടുതൽ യോജിപ്പിനുള്ള സാധ്യത തെളിഞ്ഞു.
സമസ്തയുടെ പ്രഖ്യാപിത നയ നിലപാടുകളിൽ നിന്നുകൊണ്ട് ഐക്യശ്രമങ്ങളുമായി മുന്നോട്ടുപോകുകതന്നെ വേണമെന്നും കാന്തപുരം പറഞ്ഞു. യോജിപ്പിന്റെ മേഖലകൾ കണ്ടെത്തി ഒന്നിച്ചുനീങ്ങാൻ ശ്രമിക്കണം. ഐക്യചർച്ചകൾക്കായി ഇരു സമസ്തകളും നേരത്തേ നാലംഗങ്ങൾ വീതമുള്ള സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. ചർച്ചകൾ മുന്നോട്ടുപോയിട്ടുണ്ട്. അത്തരം ചർച്ചകൾക്ക് ഇനിയും ഞങ്ങൾ സന്നദ്ധമാണ്. ക്രിയാത്മകമായ ഈ ശ്രമങ്ങളെ മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടത്. ഈ നീക്കങ്ങൾക്ക് തടസ്സമാകുന്ന ഇടപെടലുകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകരുത്.
ബഹുസ്വരതയെ സംരക്ഷിക്കുന്ന നിലപാടുകളാണ് രാഷ്ട്രീയ പാർട്ടികളിൽനിന്നുണ്ടാകേണ്ടത്. മതരാഷ്ട്രവാദത്തോട് ഒരുനിലയ്ക്കും യോജിക്കാനാകില്ല. രാഷ്ട്രീയലാഭങ്ങൾക്കായി തീവ്ര ചിന്താഗതിക്കാരുമായി കൂട്ടുകൂടുന്നത് ജനാധിപത്യസങ്കൽപ്പങ്ങൾക്ക് ആഘാതമേൽപ്പിക്കും- കാന്തപുരം പറഞ്ഞു.
പുറത്തുപോയവർ മടങ്ങിവരണമെന്നാണ് തങ്ങൾ (ജിഫ്രി മുത്തുക്കോയ തങ്ങൾ) പറഞ്ഞത്. ഞങ്ങൾ സമസ്തയിൽനിന്ന് പുറത്തുപോയിട്ടില്ല. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിൽനിന്നല്ല ഇറങ്ങിപ്പോന്നത്. അത് അവിടെ ചർച്ച ചെയ്ത വിഷയങ്ങളോട് യോജിപ്പില്ലാത്തതുകൊണ്ടാണ്. വിശദമായി ചർച്ച ചെയ്ത് രണ്ട് സമസ്തകൾ ഒരു സമസ്തയാക്കാൻ ഞങ്ങൾ ഇപ്പോഴും തയ്യാറാണ് -കാന്തപുരം പറഞ്ഞു.
സമസ്ത നൂറാംവാർഷിക സമ്മേളനം മലപ്പുറത്ത്
:സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാംവാർഷിക സമ്മേളനം മലപ്പുറത്ത് നടക്കും. 'സമസ്ത: 100 പ്രകാശവർഷങ്ങൾ' എന്ന പ്രമേയത്തിൽ 2027 ജനുവരി 28, 29, 30, 31 തീയതികളിലാണ് സമ്മേളനം. കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരാണ് തീയതിയും സ്ഥലവും പ്രഖ്യാപിച്ചത്.
ഐക്യത്തിന്റെ വിളംബരം
വിശ്വാസപരവും കർമ്മപരവുമായ ആദർശങ്ങളിലൂന്നി, സമസ്തയുടെ സ്ഥാപിതലക്ഷ്യത്തിൽ യോജിച്ചാണ് സൗഹൃദവും ഐക്യവും സാധ്യമാകേണ്ടതെന്ന് സമസ്ത വിളംബരസമ്മേളനം. കോട്ടയ്ക്കൽ പുത്തൂരിൽ നടന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നൂറാം വാർഷിക വിളംബരസമ്മേളനം അണികളിൽ ആവേശം നിറയ്ക്കുന്നതായിരുന്നു. ഐക്യം സംബന്ധിച്ചും അടുത്തവർഷം ജനുവരിൽ നൂറാം വാർഷികസമ്മേളനം മലപ്പുറത്ത് നടക്കുമെന്നുമുള്ള ജനറൽ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രഖ്യാപനം തക്ബീർ വിളികളോടെയാണ് അണികൾ ഏറ്റെടുത്തത്.
സമൂഹത്തിന്റെ സുസ്ഥിരമായ വളർച്ചയ്ക്കും പുരോഗതിക്കും ഒരുമിച്ച് നിൽക്കേണ്ടത് അനിവാര്യമാണെന്ന് മുശാവറ യോഗം അംഗീകരിച്ച സമ്മേളന പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ബഹുസ്വരസമൂഹത്തിലെ വിവിധ സമുദായങ്ങൾക്കിടയിലും ജനങ്ങൾക്കിടയിൽ പൊതുവായുമുള്ള ഐക്യവും സൗഹൃദവും കാലം ആവശ്യപ്പെടുന്നുണ്ട്. രാജ്യത്തിന്റെ സർവതല സ്പർശിയായ വളർച്ചയുടെ പ്രാഥമിക കാരണങ്ങളിലൊന്ന് സ്വന്തം അസ്തിത്വം ഉയർത്തിപ്പിടിച്ചുകൊണ്ടുതന്നെ ചേർന്നുനിൽക്കലാണ്.
രണ്ടു സമസ്തകൾക്കിടയിലെ ഐക്യചർച്ചകൾക്ക് ഇരു മുശാവറകളും അംഗീകാരം നൽകിയതും പലതവണ ഒരുമിച്ചിരുന്നതുമാണ്. അതിന്റെ നിർമാണാത്മക ഫലങ്ങൾ കേരളം അനുഭവിക്കുന്നുമുണ്ട്. അത്തരം ചർച്ചകൾക്ക് ഇനിയും സന്നദ്ധവുമാണ്. ക്രിയാത്മകമായ ഈ ചർച്ചകളെയും ശ്രമങ്ങളെയും മാന്യമായും ബഹുമാനത്തോടെയുമാണ് സമീപിക്കേണ്ടത്. വാക്കുകൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ഇതിന് വിഘാതമാകുന്ന ഇടപെടലുകൾ ആരുടെ ഭാഗത്തുനിന്നും ഉണ്ടാകാതിരിക്കണം. പലതരം വികല ആശയങ്ങൾ അധീശത്വംനേടുന്ന കാലത്ത് വിശ്വാസത്തിന്റെയും ആദർശത്തിന്റെയും ബലത്തിൽ ഒരുമിച്ചുനിന്ന് സ്‌നേഹത്തിന്റെ ലോകം പണിതുയർത്താൻ എല്ലാവരും ഒറ്റക്കെട്ടാകണമെന്നും പ്രമേയം ആഹ്വാനംചെയ്തു.
ഇസ്ലാമിന്റെ ആത്മീയ ചൈതന്യത്തെയും പാരമ്പര്യ വൈജ്ഞാനിക അടിത്തറയെയും തമസ്‌കരിച്ച്, മതത്തെ ഭൗതികമായ അധികാര രാഷ്ട്രീയ പ്രത്യയശാസ്ത്രമായി പുനർനിർവചിക്കുന്ന മതവ്യാഖ്യാനങ്ങൾ മുസ്ലിം സമുദായത്തിന് അന്യവും അപകടകരവുമാണെന്ന് മറ്റൊരു പ്രമേയത്തിലും ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മതേതര ജനാധിപത്യ പശ്ചാത്തലത്തിനും ബഹുസ്വരതയ്ക്കും നിരക്കാത്ത 'പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റ്' ആശയങ്ങൾ വിശ്വാസികളെ പൊതുസമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്താനും സങ്കുചിതമായ വർഗീയ ധ്രുവീകരണത്തിലേക്ക് നയിക്കാനുമാണ് എക്കാലത്തും ശ്രമിച്ചിട്ടുള്ളത്.
മതത്തെ രാഷ്ട്രീയവുമായി കൂട്ടിക്കുഴച്ച് വോട്ടുകൾ ഏകീകരിക്കാൻ ശ്രമിക്കുന്ന പ്രവണത ജനാധിപത്യത്തിന്റെ അന്തസ്സത്ത ചോർത്തിക്കളയുന്നതും മതാത്മക വർഗീയതയെ പ്രോത്സാഹിപ്പിക്കുന്നതുമാണ്. ആദർശ വൈകല്യമുള്ള പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾക്ക് താവളമൊരുക്കുന്ന അവസരവാദപരമായ നിലപാടുകളിൽനിന്ന് എല്ലാ രാഷ്ട്രീയസംഘങ്ങളും പിന്മാറണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
സമസ്തയുടെ ആദർശങ്ങളിലേക്ക് കൂടുതൽപേർ തിരിച്ചുവരുന്നു -ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി
സമസ്തയുടെ അടിസ്ഥാന ആദർശങ്ങളിലേക്കും നയനിലപാടുകളിലേക്കും കൂടുതൽ ആളുകൾ തിരിച്ചുവരുന്നൂവെന്നതാണ് ശതാബ്ദി ആഘോഷങ്ങളുടെ ഏറ്റവുംവലിയ സന്തോഷമെന്ന് സമസ്ത സെക്രട്ടറി സയ്യിദ് ഇബ്രാഹീമുൽ ഖലീൽ അൽ ബുഖാരി പ്രസ്താവിച്ചു. കോട്ടയ്ക്കലിൽ സമസ്ത നൂറാംവിളംബര സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
അലി ബാഫഖി തങ്ങളുടെ പ്രാർഥനയോടെയാണ് വിളംബരസമ്മേളനം തുടങ്ങിയത്. സമസ്ത ഉപാധ്യക്ഷൻ കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ ഉദ്ഘാടനംചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ അധ്യക്ഷനായി. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദർ മുസ്ലിയാർ, പേരോട് അബ്ദുറഹ്‌മാൻ സഖാഫി, സി. മുഹമ്മദ് ഫൈസി, വണ്ടൂർ അബ്ദുൽറഹ്‌മാൻ ഫൈസി, ഡോ. മുഹമ്മദ് അബ്ദുൽഹകീം അസ്ഹരി, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, സുലൈമാൻ സഖാഫി മാളിയേക്കൽ, അബ്ദുൽജലീൽ സഖാഫി ചെറുശ്ശോല, അലവി സഖാഫി കൊളത്തൂർ എന്നിവർ പ്രസംഗിച്ചു. കേരളത്തിന്റെ വിവിധഭാഗങ്ങളിൽനിന്നായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം പണ്ഡിതന്മാരും ആയിരക്കണക്കിന് പ്രവർത്തകരും സമ്മേളനത്തിൽ പങ്കെടുത്തു.
ആദർശപാരമ്പര്യം വിളിച്ചോതി സമസ്ത പണ്ഡിത സമ്മേളനം
സുന്നി ആദർശത്തിന്റെ പാരമ്പര്യം വിളിച്ചോതി സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പണ്ഡിത സമ്മേളനം. കോട്ടയ്ക്കലിൽ നടന്ന സംഗമം സുന്നി ആശയത്തെ അരക്കിട്ടുറപ്പിക്കുന്നതും ഇസ്ലാംവിരുദ്ധ ശക്തികളുടെ അപചയം തുറന്നുകാട്ടുന്നതുമായിരുന്നു. വൈജ്ഞാനികവും ധാർമികവുമായ മുന്നേറ്റത്തെ ലോകത്തിനുമുൻപിൽ അടയാളപ്പെടുത്തുന്നതിന് പണ്ഡിതർ കർമനിരതരാകണമെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നെത്തിയ പണ്ഡിതരോട് സമ്മേളനം ആഭ്യർഥിച്ചു. സമ്മേളനം സമസ്ത സെക്രട്ടറി പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ ഉദ്ഘാടനംചെയ്തു. നൂറുവർഷം കരുത്തോടെ ലക്ഷ്യത്തിലൂന്നി പ്രവർത്തിക്കാൻ സമസ്തയ്ക്കു സാധിച്ചെന്നും ഈ സംഘശക്തിക്കെതിരേ പല കുതന്ത്രങ്ങളും പലരും മെനഞ്ഞെങ്കിലും ഒന്നും വിലപ്പോയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ ആദർശപ്രസ്ഥാനം നടത്തുന്ന ജൈത്രയാത്രയിൽ പണ്ഡിതർക്കൊപ്പം മുഴുവൻ മുസ്ലിം ബഹുജനങ്ങളും കൈകോർക്കണമെന്നും പൊൻമള അബ്ദുൽ ഖാദിർ മുസ്ലിയാർ ആവശ്യപ്പെട്ടു.
സമസ്ത നൂറാംവാർഷിക വിളംബര സമ്മേളനത്തിന് മുന്നോടിയായാണ് പണ്ഡിതരുടെ സംഗമം ചേർന്നത്. സമസ്ത പ്രസിഡന്റ് ഇ. സുലൈമാൻ മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് കുമ്പോൽ ആറ്റക്കോയ തങ്ങളുടെ പ്രാർഥനയോടെയാണ് സമ്മേളനം തുടങ്ങിയത്.
Content Highlights: Samastha Kerala Jamiyyathul Ulamas General Secretary calls for unity, encouraging estranged members to return
Published: 15 Feb 2026, 07:10 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented